മലപ്പുറം: കൊറോണയെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അടിക്കടി പറയുന്നുണ്ടെങ്കിലും ലാഘവത്തോടെയാണ് ജനങ്ങള്‍ ഈ മുന്നറിയിപ്പിനെ കാണുന്നത്. മലപ്പുറം ജില്ലയില്‍ ഇന്നലെ വരെ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായത് 28 പേര്‍ക്കാണ്. സാമൂഹ്യവ്യാപന തോത് കുതിച്ചുയരാന്‍ ഈ അശ്രദ്ധ കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
*പ്രതിഷേധങ്ങള്‍ക്ക് അകലമില്ല*
രാഷ്ട്രീയപ്പാര്‍ട്ടികളടക്കം വിവിധസംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ സാമൂഹികാകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും ഏറെപ്പേര്‍ പങ്കെടുക്കുന്നുണ്ട്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികള്‍പോലും വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
*മാസ്ക് കഴുത്തിനൊരു അലങ്കാരം*
മാസ്ക് മുഖത്ത് വെയ്ക്കുന്നതിന് പകരം പലരും കഴുത്തിനൊരു അലങ്കാരമായാണ് കൊണ്ടുനടക്കുന്നത്. സാമൂഹികാകലം പാലിക്കാതിരിക്കുമ്പോള്‍ തന്നെയാണ് ഇതെന്നതും ആശങ്കയേറ്റുന്നു. പകര്‍ച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരവും കേന്ദ്രസര്‍ക്കാരിന്റെ കൊറോണ നിയന്ത്രണ നിര്‍ദേശങ്ങളും ലംഘിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. ജനസംഖ്യയേറിയ ജില്ലയെന്ന നിലയില്‍ മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വലിയ പ്രത്യാഘാതമുണ്ടാക്കും. മുഖാവരണം ധരിക്കുക, അഞ്ചുപേരില്‍ കൂടുതല്‍ ഒരുമിച്ചു നില്‍ക്കാതിരിക്കുക, പൊതുസ്ഥലങ്ങളിലും മറ്റും തുപ്പരുത് തുടങ്ങിയവ നിയന്ത്രണ നിര്‍ദേശങ്ങളാണ്. ഓര്‍ഡിനന്‍സ് ആയി കൊണ്ടുവന്ന പകര്‍ച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരം ജില്ലയില്‍ ഇതുവരെ 4566 കേസുകളാണ് എടുത്തിട്ടുള്ളത്. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കേസുകള്‍ എടുക്കുന്നതിലും കുറവുണ്ടായിട്ടുണ്ട്.
*നിയമ നടപടികളില്‍ അയവ്*
കൊറോണ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പോലീസ് വിമൂഖത കാണിക്കുകയാണ്. അതുകൊണ്ട് മാസ്ക് ധരിക്കാതെയും മറ്റ് നിര്‍ദേശങ്ങള്‍ പാലിക്കാതെയും കൂടുതല്‍ പേര് പുറത്തിറങ്ങാന്‍ കാരണമാകുന്നു. ജനപ്രതിനിധികള്‍ തന്നെ ഇത് തെറ്റിക്കുമ്പോള്‍ പൊതുജനങ്ങളും ആവര്‍ത്തിക്കുന്നു. നേതാക്കളും സ്ഥാപനങ്ങളും സാമൂഹികാകലവും സുരക്ഷാ നിര്‍ദേശങ്ങളും പാലിച്ച് മാത്രമേ പരിപാടികള്‍ നടത്തൂവെന്ന് തീരുമാനിച്ചാല്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനാകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: