വടകര: ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം വടകര നഗരസഭയിലെ വിവിധ ഭാഗ ങ്ങളിലേക്കുള്ള ജലവിതരണത്തിന് തടസ്സമാകുന്നു. വിതരണ പൈപ്പുകള്‍ മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ ചില ഭാഗങ്ങളിലേക്ക് ജലവിതരണം അല്ലാതെത്തന്നെ മുടങ്ങുന്നുണ്ട്. ഇതിനിടെ പമ്പിങ്ങിലെ പ്രശ്നവും കൂടിയാകുമ്പോള്‍ മഴക്കാലത്തും വെള്ളത്തിനായി പരക്കംപായേണ്ട സ്ഥിതിയാണ് ജനത്തിന്.
ഗുളികപ്പുഴയുടെ തീരത്തെ കൂരങ്കോട്ടുകടവിലാണ് വടകര ശുദ്ധജലപദ്ധതിയുടെ പമ്പ് ഹൗസ്. മഴയായതിനാല്‍ ഇവിടെ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നുണ്ട്. ഇതുമൂലം പമ്പിങ് സുഗമമായി നടക്കുന്നില്ല. തുടര്‍ച്ചയായി തടസ്സമില്ലാതെ പമ്പിങ് നടന്നാല്‍ മാത്രമേ വടകര പുതിയാപ്പിലെയും ജനതാറോഡിലെയും ടാങ്കുകള്‍ നിറയൂ.
ടാങ്കുകള്‍ കൃത്യസമയത്ത് നിറഞ്ഞാല്‍ മാത്രമേ കൃത്യമായ ഇടവേളകളില്‍ ഓരോ പ്രദേശത്തേക്കും വെള്ളം വിതരണം ചെയ്യാന്‍ സാധിക്കൂ. പമ്പിങ് തുടര്‍ച്ചയായി നടക്കാതെ വരുമ്പോള്‍ ഈ ക്രമമെല്ലാം തെറ്റും. മൂന്നുദിവസം കൂടുമ്പോള്‍ വെള്ളം കിട്ടിയിരുന്നവര്‍ക്ക് ഒരാഴ്ച കഴിഞ്ഞാലും കിട്ടാത്ത സ്ഥിതിവരും. സംഭരണിയില്‍ നിശ്ചിതഅളവില്‍ വെള്ളമുണ്ടെങ്കിലേ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറൂ. ദിവസങ്ങളായി ഇത് നടക്കാത്തതിനാല്‍ അറക്കിലാട്, പുത്തൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 13 ദിവസമായിട്ടും വെള്ളംകിട്ടാത്തവരുണ്ട്.
ജലഅതോറിറ്റിയുടെ വെള്ളത്തെ മാത്രം ആശ്രയിക്കുന്നവര്‍ പണംകൊടുത്ത് ടാങ്കില്‍ വെള്ളം കൊണ്ടുവരികയാണ് ചെയ്യുന്നത്. കൂടാതെ മഴവെള്ളവും ശേഖരിക്കുന്നു. വൈദ്യുതി മുടക്കം മൂലം പമ്പിങ് തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ കുറ്റ്യാടി സബ്സ്റ്റേഷനില്‍നിന്ന് പമ്പ്ഹൗസ്വരെ ഭൂമിക്കടയിലൂടെ കേബിള്‍ വലിക്കുന്ന ജോലി പൂര്‍ത്തിയായിട്ട് മാസങ്ങളായി. ഇത് കമ്മീഷന് ചെയ്യുന്നത് സാങ്കേതിക ക്കുരുക്കുമൂലം വൈകുകയാണ്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ വൈകുന്തോറും ജനങ്ങളുടെ ദുരിതം കൂടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: