ബീജിങ്: കൊറോണ വൈറസിന്റെ ഉറവിടമായ ചൈനയില്‍ വൈറസിന്റെ രണ്ടാം വരവെന്ന് സംശയം. ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ ദിവസം മാത്രം 57 പേര്‍ക്കാണ് തലസ്ഥാനമായ ബീജിങ്ങില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് ഏപ്രിലിന് ശേഷം ഇതാദ്യമാണ് ഇത്രയധികം പേര്‍ക്ക് ഒറ്റ ദിവസം വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
സൗത്ത് ബീജിങ്ങിലെ മൊത്തവ്യാപാര കേന്ദ്രം കേന്ദ്രീകരിച്ചാണ് ഇത്തവണ വൈറസിന്റെ ആഭ്യന്തര വ്യാപനം. ഈ പ്രദേശത്തോട് ചേര്‍ന്നയിടങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിര്‍ദേശങ്ങള്‍ നല്കി. ആളുകള്‍ വീടിന് പുറത്തിറങ്ങുന്നതും മറ്റും വിലക്കി. വ്യാപനത്തോത് കുറയ്ക്കാന്‍ വിനോദസഞ്ചാരത്തിനുള്‍പ്പെടെ ബീജിങ്ങില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. പുതിയതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ നഗരത്തിലെ മറ്റ് മാര്‍ക്കറ്റുകളും അടച്ചു. ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ച സ്കൂളുകളും അടച്ചു. നഗരത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന കര്‍ശനമാക്കാനും ഉത്തരവുണ്ട്.
വൈറസ് ബാധിതരായ പലര്‍ക്കും ലക്ഷണങ്ങള്‍ കാണിക്കാത്തതും ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചവരെല്ലാം ഐസോലേഷനിലാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അവര്‍ പറഞ്ഞു.
ആകെ ബാധിതര്‍ 79 ലക്ഷം
ലോകത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 79 ലക്ഷം കടന്നു. ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 4.33 ലക്ഷം. വൈറസ് ബാധയേറ്റവരില്‍ പകുതിയിലധികം പേരും രോഗമുക്തി നേടിയത് ആശ്വാസമേകുന്നു. 40.52 ലക്ഷം പേര് ഇതുവരെ വൈറസ് ബാധയില്‍ നിന്ന് മുക്തരായി. നിലവില്‍ ചികിത്സയിലുള്ളത് 34,05,630 പേര്. ഇതില്‍ 54,144 പേര് ഗുരുതരാവസ്ഥയില്‍.
ടെക്സാസിലെ ബാധിതരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന
അമേരിക്കയിലെ ടെക്സാസില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന വൈറസ് ബാധിതരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,200ലധികം പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. നോര്‍ത്ത് കരോലിനയിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. കഴിഞ്ഞ ദിവസം മാത്രം 823 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമേരിക്കയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത 18 സംസ്ഥാനങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. 17 ഇടങ്ങളില്‍ വൈറസ് വ്യാപനത്തോത് കുറഞ്ഞതായും റിപ്പോര്‍ട്ട്. ബാക്കിയുള്ള 13 സംസ്ഥാനങ്ങളില്‍ വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്.
വൈറസ് വ്യാപനത്തില്‍ ഓറിഗണ്‍, നെവാദ, വ്യോമിങ്, ഒക്കലഹോമ, അലബാമ, സൗത്ത് കരോലിന എന്നിവിടങ്ങളില്‍ 50 ശതമാനത്തിലധികം വര്‍ധനവാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായത്.
രാജ്യത്ത് ഒരോ ദിവസവും 25,000ലധികം പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ ബാധിതര്‍ 21.42 ലക്ഷം. 1.18 ലക്ഷം പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. എട്ടരലക്ഷത്തിലധികം പേര് രോഗമുക്തരായി. ചികിത്സയിലുള്ള 11.70 ലക്ഷത്തില്‍ 16,000ത്തിലധികം പേര് ഗുരുതരാവസ്ഥയില്‍.
ബ്രസീലില്‍ 892 പേര് കൂടി മരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത് 892 കൊറോണ മരണങ്ങള്. ഇതോടെ ആകെ മരണം 42,720. പുതിയതായി 21,704 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ ബാധിതര്‍ 850,514.
നിലവില്‍ രാജ്യത്തെ മരണനിരക്ക് അഞ്ച് ശതമാനമാണെന്നും 3,79,200 പേര് രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ മെഡിക്കല്‍ ഇന്സ്റ്റിറ്റിയൂഷന് പുതിയ കൊറോണ പരിശോധനാ സംവിധാനം ആവിഷ്കരിച്ചു. മൂക്കിലെ സ്രവത്തിന് പകരം സലൈവ ഉപയോഗിച്ച് പരിശോധന നടത്തുന്ന സംവിധാനമാണിത്. ഇതിനിടെ രാജ്യത്തെ വലിയ നഗരമായ സാവോപോളോയിലെ മേയര്‍ ബ്രൂണോ കൊവാസിന് വൈറസ് ബാധ സ്ഥിരീകരിച്ചു.
റഷ്യയില്‍ 8,835 പേര്‍ക്കു കൂടി വൈറസ് ബാധ
റഷ്യയില്‍ 8,835 പേര്‍ക്കു കൂടി പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. 119 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. രാജ്യത്തെ ആകെ ബാധിതര്‍ 5.29 ലക്ഷം. ആകെ മരണം 6,948.
കഴിഞ്ഞ ദിവസം മാത്രം 5,409 പേര് രോഗമുക്തരായതോടെ ആകെ 2,80,050 പേര്‍ക്ക് രോഗം ഭേദമായി. മോസ്കോയില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങി. യാത്രയ്ക്കേര്‍പ്പെടുത്തിയ നിര്‍ബന്ധിത പാസ് പിന്‍വലിച്ചു. പരിശോധന ശക്തമാക്കി കൂടുതല്‍ വൈറസ് ബാധിതരെ തക്ക സമയത്ത് കണ്ടെത്തിയതാണ് രാജ്യത്തെ മരണനിരക്ക് കുറയ്ക്കാന്‍ സഹായിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ടോക്കിയോയിലും ബാധിതരുടെ എണ്ണത്തില്‍ വര്‍ധന
ടോക്കിയോയിലും ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ ദിവസം പുതിയതായി 47 പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. മെയ് അഞ്ചിന് ശേഷം ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വൈറസ് ബാധിതരില്‍ 18 പേര് നഗരത്തിലെ ഒരു ക്ലബ്ബിലെ ജീവനക്കാരാണ്. ജപ്പാനില്‍ ഇതുവരെ 17,382 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 924. 15,580 പേര്‍ക്ക് രോഗം ഭേദമായി. ചികിത്സയിലുള്ള 878 പേരില്‍ 76 പേരുടെ നില ഗുരുതരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: