ഓച്ചിറയിലെ പരബ്രഹ്മ സന്നിധിയിലേക്ക് ആയിരങ്ങ ളെത്തേണ്ട പുണ്യദിനങ്ങളാണ് ഇന്നും നാളെയും. കരുനാഗപ്പളളി, കാര്‍ത്തികപ്പളളി, മാവേലിക്കര താലൂക്കുകളിലായി 52 കരകള്‍ അടങ്ങിയ ഓണാട്ടുകര ദേശക്കാര്‍ വ്രതശുദ്ധിയോടെ തങ്ങളുടെ ആയോധനാ പാടവം കാഴ്ച വെയ്ക്കാന്‍ പരബ്രഹ്മ സന്നിധിയില്‍ എത്തുന്ന മിഥുനം ഒന്ന്, രണ്ട് ദിനങ്ങള്‍. എന്നോ വേര്‍പിരിഞ്ഞ തായ്വഴികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ അളന്നെടുക്കാന്‍ നടന്നൊരു യുദ്ധത്തിന്റെ സ്മരണ പുതുക്കലാവാം ഈ ആയുധാഭ്യാസ പ്രകടനം.
പരബ്രഹ്മത്തിന്റെ തിരുമുമ്പില്‍ തങ്ങളുടെ പാടവം കാണിക്കയാക്കി നല്കി യോദ്ധാക്കള്‍ ആത്മനിര്‍വൃതി അടയുന്നു. വേണാട്ടിനോട് വിധേയത്വം കാണിച്ച തായ്വഴിയും വേണാട്ടിനോട് ലയിക്കാതിരുന്ന തായ്വഴിയും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ അവസാനയുദ്ധം ഓച്ചിറയില്‍ നടന്നുവെന്നാണ് പണ്ഡിതമതം. അതിന്റെ ആചരണമാണ് ഈ രണ്ടു ദിനങ്ങളിലായി നടക്കുന്നത്.
എന്നാല്‍ പതിറ്റാണ്ടുകളായി നടന്നു വന്നിരുന്ന ഓച്ചിറക്കളി ഇക്കുറി കോവിഡിന്റെ പശ്ചാത്തലത്തില്‍ ആചാരാനുഷ്ഠാനങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടു.
ആദ്യകാലങ്ങളില്‍ ഓച്ചിറക്കളിക്ക് ഇരുതല മൂര്‍ച്ചയുളള ‘കായംകുളം വാളും തോല്‍പരിചയും’ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ അന്ന് യോദ്ധാക്കള്‍ക്ക് ഗുരുതരമായ പരിക്കുകള്‍ പറ്റുന്നതും മരണം സംഭവിക്കുന്നതും സാധാരണമായിരുന്നു. സര് ടി. മാധവറാവു ദിവാനായിരുന്ന കാലത്ത് ഓച്ചിറയില്‍ മാരകായുധങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി. തുടര്‍ന്ന് അലകുകൊണ്ട് നിര്‍മ്മിച്ച വാളുകളും കൃത്രിമ പരിചകളും ഉപയോഗിച്ചു തുടങ്ങി. ഓടനാടിന്റെ പ്രതാപകാലത്ത് ഓച്ചിറയും ചക്കുവള്ളിയും ചെറിയനാടും നൂറനാടും കരുനാഗപ്പള്ളിയും കണ്ടിയൂരും പ്രധാന പടനിലങ്ങളായിരുന്നു. 52 കരകളില്‍ നിന്നും നൂറുകണക്കിന് ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ ഏകദേശം അയ്യായിരത്തോളം അഭ്യാസികള്‍ രണ്ടു ദിവസത്തെ പയറ്റിന് എത്താറുണ്ട്. 41 ദിവസത്തെ വ്രതത്തിനും പരിശീലനത്തിനും ശേഷമാണ് ഇവര്‍ കളിക്കണ്ടത്തില്‍ എത്തുന്നത്. മുന്‍പൊക്കെ പടയാളികള്‍ക്ക് മുണ്ട് തറ്റുടുത്തതും തലേക്കെട്ടുമായിരുന്നു വേഷമെങ്കില്‍ ഇപ്പോള്‍ അത് ബനിയനും ട്രൗസറിനും വഴിമാറി.
ഓച്ചിറക്കളി പ്രധാനമായും രണ്ടിനങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. കളിക്കളത്തില്‍ ഇറങ്ങുന്നതിനു മുന്‍പുള്ള പയറ്റ് പ്രദര്‍ശനമായ ‘കരക്കളിയും’ എട്ടുകണ്ടത്തില്‍ നടത്തുന്ന ‘തകിടകളിയും’ . അതില്‍ തന്നെ ആദ്യത്തേത് തെക്കേ കണ്ടത്തിലും കളിക്കാരുടെ അഭ്യാസമികവ് പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശനം വടക്കേ കണ്ടത്തിലുമാണ് നടക്കുന്നത്. കളരിപ്പയറ്റിലെ അടവുകള്‍ തന്നെയാണ് ഓച്ചിറക്കളിയിലും സ്വീകരിച്ചിരിക്കുന്നത്. വാളെടുത്തു വീശി തിരിഞ്ഞമര്‍ന്ന് മാറ്റാതെനോക്കി ഗജമുഖംകൊണ്ടാഞ്ഞു വെട്ടി വലത്തുവീശി മൂന്നു വെട്ടി ചുറ്റിത്തിരിഞ്ഞ് മാറി കുതിച്ച് ചാടി പരിചയില്‍ താണമര്‍ന്ന് തെരുത്ത് ഏറ്റ്പൊങ്ങിതിരിഞ്ഞ് വീശിമാറിപ്പൊങ്ങി നിലയമര്‍ന്ന് എന്നും മറ്റുമുള്ള വായ്പ്പയറ്റിന്റെ വായ്ത്താരി ഇവിടെയും പ്രസക്തമാണ്.
കളരിയഭ്യാസത്തിനുള്ള കളരികള്‍ കിഴക്കുപടിഞ്ഞാറായി നിര്‍മ്മിക്കുന്നു. ഇതിനുള്ളില്‍ തെക്കുപടിഞ്ഞാറെ മൂലയില്‍ ഏഴുതട്ടുകളുള്ള കൂത്തറയില്‍ (ഇതിനെ ഭദ്രകാളിത്തറ എന്നും പറയും) നടുവിലായി ഗണപതിത്തറയും ഗുരുസ്ഥാനവും നിര്‍മ്മിക്കുന്നു. ആയുധവിദ്യയ്ക്കുള്ള ആയുധങ്ങള്‍ കൂത്തറയിലാണ് സൂക്ഷിക്കുന്നത്. കളരികളില്‍ നിലവിളക്ക് കൊളുത്തി സുഗന്ധദ്രവ്യങ്ങള്‍ കത്തിച്ചുവെച്ച് കളരിഭദ്രകാളിയെയും ഗണപതിയെയും ഗുരുപരമ്പരയെയും വിധിപ്രകാരം പൂജിക്കുന്നത് പ്രധാന ദിനചര്യയാണ്. ആയുധാഭ്യാസത്തിനിടയില്‍ അപകടങ്ങളും അനിഷ്ടങ്ങളും ഉണ്ടാവാതിരിക്കുവാന്‍ വിശേഷാല്‍ പൂജയും നടക്കും ദേഹാഭ്യാസം ആയുധാഭ്യാസം വെറും കൈപ്രയോഗം എന്നിവയും കളരിയിലെ മൂന്നു പ്രധാന ഇനങ്ങളാണ്. സാധാരണ ഗതിയില്‍ ശരീരത്തെ നിയന്ത്രണാധീനമാക്കുന്ന മെയ്യൊരുക്കവും ആയുധാഭ്യാസവും മര്‍മ്മവിദ്യകളടങ്ങിയ കൈപ്രയോഗവും ഭംഗിയായി അഭ്യസിക്കുന്നതിന് കുറഞ്ഞത് 12 വര്‍ഷത്തെ കഠിന പ്രയത്നം ആവശ്യമാണെന്ന് ആചാര്യന്മാര് പറയുന്നു.
ഇക്കുറി ഓച്ചിറ പടനിലം
പോര്‍വിളികേട്ട് ഉണരില്ല. കളരി പൂജ നടക്കില്ല. പടപ്പുറപ്പാട് ഇല്ല. കൃഷ്ണപ്പരുന്ത് എട്ടുകണ്ടം വട്ടമിട്ടു പറക്കില്ല. കരനാഥന്മാര് പരസ്പരം ഹസ്തദാനം ചെയ്യില്ല. കന്നുകാലി പ്രദര്‍ശനം ഇല്ല. വിപണനം ഇല്ല. കാര്‍ഷിക ഉപകരണങ്ങളുടെ വിപണനം നടക്കില്ല. എല്ലാം ചടങ്ങിനു മാത്രം. ഇങ്ങനെയും ഒരു ഓച്ചിറക്കളിക്കാലം. ഓച്ചിറക്കളിയില്‍ പങ്കെടുക്കുന്നതിനും കളി കാണുന്നതിനും അനേകായിരങ്ങള്‍ പങ്കെടുക്കുന്നത് പതിവായിരുന്നു. കളി ആശാന്മാരുടെ നേതൃത്വത്തില്‍ അഭ്യാസികള്‍ രാവിലെമുതല്‍ ഓച്ചിറ പടനിലത്തേക്ക് എത്തിക്കൊണ്ടിരിക്കും. പഴമയും പാരമ്പര്യവും അനുസരിച്ച് അഭ്യാസികള്‍ ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ കിഴക്കും പടിഞ്ഞാറുമായി അണിനിരക്കുമായിരുന്നു. കരനാഥന്മാരുടെയും ക്ഷേത്രഭരണ സമിതിയുടെയും നിയന്ത്രണത്തില്‍ ഋഷഭവാഹനം എഴുന്നള്ളിച്ച് പരബ്രഹ്മ സ്വരൂപിയായ ജഗദീശ്വരനെ ഭജിച്ച ശേഷം കളിക്കാര്‍ ഒറ്റയ്ക്കൊറ്റയ്ക്കായും സംഘംചേര്‍ന്നും എട്ടുകണ്ടത്തില്‍ ഇറങ്ങി കളി ആരംഭിച്ചിരുന്നു. വടിയും വാളും പരിചയും മറ്റുമായിരുന്നു അഭ്യാസികളുടെ ആയുധങ്ങള്‍. അരയും തലയും മുറുക്കി ആയുധവും ധരിച്ച് അഭ്യാസികള്‍ ഇരുവശവുമുളള പടക്കളത്തില്‍ ചാടി മൂന്നു നാലു മണിക്കൂര്‍ സമയം അതിഭയങ്കരമായ യുദ്ധത്തില്‍ ഏര്‍പ്പെടുന്നത് കാണാമായിരുന്നു. ആശാന്മാര് ആശാന്മാരോടും ശിഷ്യന്മാരോടും ഏറ്റുമുട്ടിക്കഴിഞ്ഞാല്‍ പിന്നെ അവിടെയൊരു രാമരാവണയുദ്ധ ഭൂമി തന്നെയായിരുന്നു. എല്ലായുദ്ധ സമ്പ്രദായങ്ങളും ഒരേ സമയത്ത് കാണുവാന്‍ കഴിയുമായിരുന്നു. ഉച്ചയ്ക്ക് ശേഷം കളി അവസാനിച്ച് ഭരണസമിതിയുടെ ദക്ഷിണഫീസ് സ്വീകരിച്ച് ഭക്ഷണാനന്തരം അഭ്യാസികള്മടങ്ങുന്ന കാഴ്ച ഇക്കുറി കാണാന്‍ കഴിയാത്ത വിഷമത്തിലാണ് ഭക്തജന സമൂഹം.
വി. രവികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: