കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും ദീര്‍ഘവീക്ഷണമില്ലായ്മ മൂലം കശുവണ്ടി വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക്. സാമ്പത്തിക പ്രതിസന്ധി താങ്ങാന്‍ കഴിയാതെ കഴിഞ്ഞ ദിവസം ഒരു വ്യവസായി കൂടി ആത്മഹത്യ ചെയ്തു. കൊല്ലം ജില്ലയിലെ നിര്‍മലമാതാ ഫാക്ടറിയുടെ ഉടമ സൈമണാണ് ആത്മഹത്യ ചെയ്തത്. 90 ശതമാനത്തോളം ഫാക്ടറികള്‍ പൂട്ടിയിട്ടും പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
സ്വകാര്യ മേഖലയിലെ 750ഓളം കശുവണ്ടി ഫാക്ടറികളാണ് ഇതുവരെ പൂട്ടിയത്. നിരവധി ഫാക്ടറികള്‍ എപ്പോള്‍ പൂട്ടുമെന്നറിയാത്ത അവസ്ഥയിലാണ്. 834 ഫാക്ടറികളാണ് ആകെയുള്ളത്. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മുപ്പതും കാപ്പെക്സിന്റെ പത്തും ഫാക്ടറികളൊഴിച്ചാല്‍ മറ്റുള്ളവയെല്ലാം സ്വകാര്യമേഖലയിലാണ്. പൂട്ടിയ ഫാക്ടറികളില്‍ ഭൂരിഭാഗവും കൊല്ലം ജില്ലയിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെയും പൂട്ടിയിട്ടുണ്ട്. വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാനാകാതെ വന്നതോടെ ഫാക്ടറി ഉടമകള്‍ സാമ്പത്തിക പ്രതിസന്ധിയില്പ്പെടുകയായിരുന്നു.
2012 മുതല്‍ കശുവണ്ടി വ്യവസായം തകര്‍ച്ചയിലാണ്. സര്‍ഫാസി നിയമപ്രകാരം ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കി. പല ഫാക്ടറി ഉടമകളുടെയും വീടുകള്‍ ജപ്തി ചെയ്തു. നൂറ്റമ്പതിലധികം പേര്‍ക്കെതിരെ ഇതുവരെ ജപ്തി നടപടി കൈക്കൊണ്ടു.
തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന വ്യവസായത്തെ കരകയറ്റാന്‍ സംസ്ഥാന സര്‍ക്കാരോ കശുവണ്ടി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയോ യാതൊന്നും ചെയ്തിട്ടില്ലെന്ന് ഫാക്ടറി ഉടമകള്‍ പറയുന്നു. കശുവണ്ടി വ്യവസായം വ്യവസായ വകുപ്പിന് കീഴിലല്ല. അതിനാല്‍, ആ വകുപ്പിലെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള അര്‍ഹത ലഭിക്കില്ല.
വ്യവസായം തകര്‍ന്നതോടെ തൊഴിലാളികളും പെരുവഴിയിലായി. പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങളും നഷ്ടമായി. കശുവണ്ടി വ്യവസായത്തെ വ്യവസായ വകുപ്പില്‍ ഉള്‍പ്പെടുത്തിയാല്‍ വിവിധ സഹായങ്ങള്‍ ലഭിക്കും. കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും കാപ്പെക്സിന്റെയും ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കൊല്ലത്തു മാത്രം മുന്നൂറില്‍പ്പരം സ്വകാര്യഫാക്ടറികള്‍ ഇപ്പോഴും അടഞ്ഞുകിടക്കുന്നു. അമിതവില നല്കി തോട്ടണ്ടി വാങ്ങി ഫാക്ടറി നടത്തിക്കൊണ്ടുപോകാനാകില്ലെന്ന് ഉടമകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: