പാണത്തൂര്‍: പനത്തടി പഞ്ചായത്തിലെ ആറാം വാര്‍ഡിലുള്‍പ്പെടുന്ന കല്ലപ്പള്ളി കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് ഇന്റര്‍നെറ്റ് ലഭിക്കാന്‍ ടവര്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന 100 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കമ്മാടി, പാടിക്കൊച്ചി, എന്നീ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് മൊബൈലില്‍ റേഞ്ചും നെറ്റും കിട്ടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ ഗുണം യാതൊരു വിധത്തിലും ലഭിക്കുന്നില്ല.
നാല്‍പ്പതോളം കുടുംബങ്ങള്‍ മല കുടിയ വിഭാഗത്തില്‍പ്പെട്ടവരാണ്. അടിസ്ഥാന വിദ്യാഭ്യാസത്തിനായി ഒരു ഏകാധ്യാപക സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ രീതികള്‍ അവര്‍ക്ക് അന്യം തന്നെയാണ്. കല്ലപ്പള്ളിയില്‍ കന്നട മീഡിയത്തിലുള്ള ഗവണ്‍മെന്റ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവിടെയും ഇതേ അവസ്ഥ തന്നെയാണ്.
റേഷന്‍ കടയും പോസ്റ്റാഫീസും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നെറ്റിന്റെ സാങ്കേതിക തകരാര്‍ കാരണം അരി വിതരണവും കാര്യക്ഷമമായി നടക്കുന്നില്ല. പല ദിവസങ്ങളിലും അരിവാങ്ങാന്‍ പറ്റാതെ തിരിച്ചു വീട്ടിലേക്ക് പോകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഈ കാരണത്താല്‍ റേഷന്‍ കട അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. റേഷന്‍ കട അടച്ചിട്ടാല്‍ കിലോമീറ്ററുകളോളം ദൂരമുള്ള പാണത്തൂരില്‍ എത്തണം ഇവര്‍ക്ക് റേഷന്‍ വാങ്ങണമെങ്കില്‍. ഇതിന് പരിഹാരം കാണാന്‍ വര്‍ഷങ്ങളായി നിര്‍മ്മാണം പൂര്‍ത്തിയായ ബിഎസ്എന്‍എല്‍ ടവര്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തനം ആരംഭിക്കണമെന്ന് കേരള വനവാസി വികാസ കേന്ദ്രം സംഘടന സെക്രട്ടറി ഷിബു പാണത്തൂര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: