കൊല്ലം: ലോക്ഡൗണില്‍ പെട്ട് ആക്രിക്കടകള്‍. കഴിഞ്ഞ മാര്‍ച്ച് മുതല്‍ മറ്റു മേഖലകള്‍ പോലെ ഇതും സ്തംഭിച്ചിരുന്നു. തമിഴ് തൊഴിലാളികളാണ് ആക്രി മേഖലയില്‍ കൂടുതലായി ജോലിചെയ്തിരുന്നത്. ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികളും ഈ തൊഴിലെടുക്കുന്നുണ്ട്.
വീടുകളില്‍ ചെന്ന് ആരും സാധനങ്ങള്‍ ശേഖരിക്കാറില്ലാത്തതിനാലും വീട്ടുകാര്‍ പരിസരത്തേക്ക് കയറ്റാത്തതിനാലും തൊഴിലാളികളും വ്യാപാരികളും ഉള്‍പ്പെടുന്ന വലിയൊരു വിഭാഗത്തിന്റെ ജീവിതമാര്‍ഗമാണ് പ്രതിസന്ധിയിലായത്. പല സ്ഥലങ്ങളിലും കറങ്ങി നടന്ന് ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവര്‍ കോവിഡ് പടര്‍ത്തുമോ എന്ന വീട്ടുകാരുടെ ഭയമാണ് പ്രധാനതടസ്സം. അതോടൊപ്പം വീടുകളിലേക്ക് പോയി സാധനങ്ങള്‍ ശേഖരിക്കാന്‍ തൊഴിലാളികള്‍ക്കിടയിലും ഭയമുണ്ട്. കയറിച്ചെല്ലുന്ന വീടുകളില്‍ സംസ്ഥാനത്തിന്റെ പുറത്തുനിന്നെത്തിയവരും കോവിഡ് ബാധിച്ചവരും ഉണ്ടാകുമോയെന്ന പേടിയാണ് തൊഴിലാളികള്‍ക്ക്.
പ്രതിസന്ധികളില്‍ത്തന്നെയായിരുന്നു പാഴ്വസ്തു വ്യവസായത്തെ ആശ്രയിച്ചുകഴിയുന്നവരുടെ ജീവിതം. വിലക്കുറവും വലിയ നികുതിയും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിട്ടിരുന്ന ഇവര്‍ ലോക് ഡൗണോടെ തീര്‍ത്തും തകര്‍ന്നുപോയി. കയറ്റി അയയ്‌ക്കുന്ന സാധനങ്ങളുടെ വില കൃത്യമായി ലഭിച്ചിരുന്നില്ല. പ്രധാന മാര്‍ക്കറ്റുകളായ കേരളത്തിന് പുറത്തെ വന്‍കിട കമ്പനികളില്‍നിന്ന് ഭീമമായ തുകയാണ് ലഭിക്കാനുണ്ടായിരുന്നത്.
എങ്കിലും ലോക് ഡൗണിന് മുമ്പുതന്നെ വ്യാപാരികള്‍ കൈവശമുള്ള സാധനങ്ങള്‍ കയറ്റി അയച്ചു. കമ്പനികളും ഫാക്ടറികളും പൂട്ടിയതോടെ കയറ്റി അയച്ച ഉത്പന്നങ്ങളുടെ തുക വ്യാപാരികള്‍ക്ക് ലഭിക്കാതെയായി. ഇതിനൊപ്പം വ്യാപാരമില്ലാത്തതും ലോക് ഡൗണിലെ പ്രതിസന്ധികള്‍ കൂട്ടാനിടയാക്കി. ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാര്‍ സഹായവും ലഭിച്ചില്ല.
ഇതരസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കും വീടുകളില്‍ ചെന്ന് പാഴ്വസ്തുക്കള്‍ ശേഖരിക്കാന്‍ ആളില്ലാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഇളവ് ലഭിച്ചാലും തിരിച്ചുവരവ് എളുപ്പത്തിലാകില്ലെന്നാണ് വിലയിരുത്തല്‍. മറ്റു സംസ്ഥാനങ്ങള്‍ ലോക് ഡൗണ്‍ നീട്ടിയതോടെ അവിടെയുള്ള കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. കേരളത്തില്‍നിന്നു ശേഖരിക്കുന്ന സാധനങ്ങള്‍ പിന്നീട് കയറ്റി അയയ്‌ക്കാന്‍ മാര്‍ഗമില്ലാതാവുകയാണ്. അതോടൊപ്പം റീബില്‍ഡ് കേരളയുടെ ഭാഗമായി സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ പഴയ സാധനങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചതും തിരിച്ചടിയാണ്. വീടുകളില്‍ ചെന്ന് സാധനങ്ങള്‍ ശേഖരിക്കുന്ന സാധാരണ തൊഴിലാളികളാണ് ബുദ്ധിമുട്ടിലാകുന്നത്. സര്‍ക്കാര്‍ പൂര്‍ണമായ ഇളവുകള്‍ പ്രഖ്യാപിച്ചില്ലെങ്കിലും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പാഴ്വസ്തുക്കള്‍ ശേഖരിക്കുന്ന വ്യാപാരികള്‍ അവരുടെ സ്ഥാപനങ്ങള്‍ തുറന്നുകഴിഞ്ഞു. തൊഴില്‍ എന്ന നിലയില്‍ പേടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നതുകൊണ്ടാണ് സ്ഥാപനങ്ങള്‍ തുറക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. മഴക്കാലപൂര്‍വശുചീകരണങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വ്യാപാരം ഉണരുമെന്ന പ്രതീക്ഷയാണ് തൊഴിലാളികള്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: