കാട്ടാക്കട: കിളളി പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് അങ്കണത്തിൽ കതിർമണ്ഡപം ഒരുങ്ങിയാൽ സീമന്തരേഖയിൽ സിന്ദൂരം ചാർത്തപ്പെടുന്നത് ആറ് പെൺകുട്ടികൾക്ക്. സ്വന്തം മകൾക്കൊപ്പം അഞ്ച് നിർധന യുവതികൾക്കുകൂടി മംഗല്യ ഭാഗ്യമൊരുക്കി പത്മശ്രീ ഡോ. ജെ. ഹരീന്ദ്രൻ നായർ ഒരച്ഛന്റെ കരുതലും വാത്സല്യവും കടമയും നിറവേറ്റും.
2018ലെ ചിങ്ങം ഒന്നിനായിരുന്നു പങ്കജകസ്തൂരി എംഡി ഡോ. ജെ. ഹരീന്ദ്രൻ നായരുടേയും കെ.വി ആശയുടേയും മകൾ ഡോ. കസ്തൂരി നായരുടെ വിവാഹം. കണ്ണൂർ കുളങ്ങരയത്ത് പി.പി ചന്ദ്രന്റെയും പി.കെ ശോഭയുടേയും മകൻ കിഷൻ ചന്ദായിരുന്നു വരൻ. മകൾക്കൊപ്പം ഹരീന്ദ്രൻ നായർ അഞ്ച് നിർധന യുവതികൾക്കും മിന്നുകെട്ട് നടത്തി.
കുടപ്പനമൂട് സ്വദേശിനി ശ്രീദേവി, കട്ടയ്‌ക്കോട് സ്വദേശിനി അഞ്ജലി, നരുവാമൂട് സ്വദേശിനി ജോമോൾ, മൈലക്കര സ്വദേശിനി ബിന്ദു, ചിലമ്പറ സ്വദേശിനി അഖില എന്നിവർക്കാണ് അന്ന് ഹരീന്ദ്രൻ നായർ വിവാഹം നടത്തി പോറ്റച്ഛനായത്. മകൾക്കു വേണ്ടി കരുതിവച്ച ആഭരണങ്ങളിൽ പത്തു പവൻ വീതം പങ്കിട്ടു നൽകി. കല്യാണ പുടവയും സദ്യവട്ടങ്ങളും ആ അഞ്ച് പെൺമക്കളുടെ ജീവിത സുരക്ഷയ്‌ക്ക് രണ്ടുലക്ഷം രൂപ വീതവും സമ്മാനിച്ചു.
അടുത്തുതന്നെ വീണ്ടുമൊരു കല്യാണ പന്തലുയരും പങ്കജകസ്തൂരിയിൽ. ഹരീന്ദ്രൻ നായരുടെ ഇളയമകൾ ഡോ. കാവേരിക്കു വേണ്ടി. ഒപ്പം താൻ മക്കളെപ്പോലെ കരുതുന്ന അഞ്ച് യുവതികളുടേയും. ഇവർക്ക് സമ്മാനിക്കാൻ പത്തു പവനും പുടവയും രണ്ട് ലക്ഷവും മാറ്റി വച്ചിട്ടുണ്ട് ഈ അച്ഛൻ.
ഈ അഞ്ച് പെൺമക്കൾക്കും വരനെ കണ്ടെത്തിക്കഴിഞ്ഞു. കാവേരിക്ക് വരനുവേണ്ടിയുള്ള അന്വേഷണത്തിലാണ് ഡോക്ടർ. അതിനുശേഷം തീയതി കുറിക്കും. പിന്നെ നാടറിഞ്ഞൊരു കല്യാണ മേളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: