കാറഡുക്ക: പ്രധാനപ്പെട്ട മൂന്ന് പാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ശാന്തിനഗര്‍-കോളിയടുക്ക-നടുവങ്ങാടി പാതയുടെ പണി രണ്ടുവര്‍ഷമായിട്ടും പൂര്‍ത്തിയാക്കിയില്ല. പ്രധാനമന്ത്രി ഗ്രാമസഡക് യോജനയില്‍ ഉള്‍പ്പെടുത്തിയതാണ് 3.34 കോടി രൂപയുടെ പദ്ധതി. 2018ല്‍ പണിയാരംഭിച്ചു. 2019 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ രണ്ടുവര്‍ഷം കൊണ്ട് 4.42 കിലോമീറ്റര്‍ പാത മണ്ണെടുത്ത് ഒന്നാം ലെയര്‍ കരിങ്കല്ലുകള്‍ പാകിയത് മാത്രം. നല്ല പാത കിട്ടുമെന്ന പ്രതീക്ഷയില്‍ നൂറുകണക്കിനുപേര്‍ സ്ഥലം വിട്ടുനല്‍കിയിരുന്നു. പലരുടെയും ഗേറ്റ്, മതില്‍ തുടങ്ങിയവ പൊളിച്ചാണ് പാതയ്‌ക്കായി നിലമൊരുക്കിയത്. ഇപ്പോള്‍ ഇതുവഴി യാത്ര ഭാഗികമായി മുടങ്ങിയിരിക്കുകയാണ്.
വലിയ കരിങ്കല്‍ കഷണങ്ങള്‍ പാകിയതിനാല്‍ നടന്നുപോകാന്‍ വരെ ബുദ്ധിമുട്ടാകുന്നു. പണി വേഗത്തില്‍ പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. മുമ്പ് നാമമാത്രമായി ടാറിട്ട ചെറിയ റോഡായിരുന്നു. വളവും കയറ്റവും കാരണം വാഹനങ്ങള്‍ക്ക് പോകാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. ശാന്തിനഗറില്‍നിന്ന് തുടങ്ങി ചെന്നാങ്കോട്, കോളിയടുക്ക, പണിയ വഴിയാണ് നടുവങ്ങാടിയിലെത്തുന്നത്. ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയെയും നെല്ലിക്കട്ട-കര്‍മന്‍തോടി, മുള്ളേരിയ-കുമ്പള എന്നീ പ്രധാന റോഡുകളെയും ബന്ധിപ്പിക്കുന്നതാണ് ഈ പാത. ചെന്നാങ്കോട്, പണിയ സ്‌കൂള്‍, ജോഡമ്പലം എന്നിവിടങ്ങളിലെത്താന്‍ ഇത് ഏറെ സഹായകരമാണ്. നിലവില്‍ ശാന്തിനഗറില്‍ നിന്ന് കുമ്പള റോഡിലെത്താന്‍ മുള്ളേരിയ വഴി 10 കിലോമീറ്ററോളം ചുറ്റിവളഞ്ഞ് പോകണം. റോഡ് പൂര്‍ത്തിയാകുന്നതോടെ നാല് കിലോമീറ്ററായി കുറയുന്നതോടെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: