ബാലുശ്ശേരി (കോഴിക്കോട്): സഹകരണ ബാങ്കിലെ ഇരുമ്പ് ലോക്കറുകള്‍ ഉള്‍പ്പെടെ കഠിനാധ്വാനത്തിലൂടെ നീക്കം ചെയ്ത കരാര്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട കൂലിയില്‍ നിന്ന് സിഐടിയുക്കാര്‍ ഭീഷണിപ്പെടുത്തി നോക്ക് കൂലിയായി വാങ്ങിയത് 7500 രൂപ.
കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ ബാലുശ്ശേരി സായാഹ്ന ശാഖ തിങ്കളാഴ്ച മുതല്‍ പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്തിന്റെ ഭാഗമായി ലോക്കര്‍ ഉള്‍പ്പെടെ സാധനങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ പ്രധാന ശാഖ അധികൃതര്‍ നാല് മാസം മുമ്പ് കരാര്‍ നല്‍കിയിരുന്നു. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ എം.സി. ആലിയാണ് കരാര്‍ എടുത്തത്.
ഇതനുസരിച്ച് ഇന്നലെ രാവിലെ എട്ട് മണിയോടെ ബാലുശ്ശേരിയിലെ ബ്രാഞ്ച് ഓഫീസില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് സാധനങ്ങള്‍ മാറ്റാന്‍ കരാറുകാരനും തൊഴിലാളികളും എത്തുകയായിരുന്നു. പതിനൊന്ന് മണിയോടെ പകുതിയോളം സാധനങ്ങള്‍ കൊണ്ടുപോകുമ്പോഴേക്കും ടൗണിലെ ഇരുപതോളം വരുന്ന സിഐടിയുക്കാര്‍ സംഘടിതരായി എത്തി ജോലി തടസ്സപ്പെടുത്തുകയായിരുന്നു. പതിനായിരം രൂപ നോക്ക് കൂലി വേണമെന്നായിരുന്നു ആദ്യ ആവശ്യം. ഭീഷണി ശക്തമായതോടെ കരാറുകാരന് 7500 രൂപ നല്കിയ ശേഷമാണ് സിഐടിയു സംഘം മടങ്ങിയത്.
തിങ്കളാഴ്ചയാണ് ബാങ്ക് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കഠിനാധ്വാനം ചെയ്ത തൊഴിലാളികളുടെ കൂലിയാണ് നഷ്ടമായതെന്നും ജീവന് ഭയന്ന് പരാതി നല്‍കാനില്ലെന്നും ശിക്ഷ ദൈവം നല്കട്ടെയെന്നും കരാറുകാരനായ ആലി പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ തിരുവല്ലയിലെ സംഭവത്തോടെ നോക്ക് കൂലി സമ്പ്രദായം കേരളത്തില്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പാര്‍ട്ടിക്കാരാണ് ബാലുശ്ശേരിയിലും ഭീഷണി മുഴക്കി പണം കൈക്കലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: