തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ, ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തി നാളെ മുതല്‍ വീണ്ടും ഓണ്‍ലൈന്‍ പഠനം. പത്ത് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്നാണ് അനൗദ്യോഗിക കണക്ക്. 2.61 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമില്ലെന്നാണ് ഔദ്യോഗിക കണക്ക്. ഇവര്‍ക്ക് സൗകര്യമേര്പ്പെടുത്താനെന്ന പേരിലാണ് ക്ലാസുകള്‍ രണ്ടാഴ്ച മാറ്റിവച്ചതെങ്കിലും യാതൊന്നും നടന്നിട്ടില്ല.
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തതിനാല്‍ മലപ്പുറത്ത് ദേവിക എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. തുര്‍ടന്നാണ് ക്ലാസുകള്‍ മാറ്റിയത്. ട്രയല്‍ റണ്‍ വിജയമാണെന്നാണ് ഇപ്പോഴത്തെ അവകാശ വാദം. ജൂണ്‍ ഒന്നിനാണ് ട്രയല്‍ തുടങ്ങിയത്. ദിവസം 14 കഴിഞ്ഞിട്ടും സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അത് ഒരുക്കി നല്കാന് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൗകര്യമൊരുക്കാനാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. നാളെ ക്ലാസ് തുടങ്ങാനിരിക്കെ വെള്ളിയാഴ്ചയാണ് ഉത്തരവില്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറി ഒപ്പുവച്ചത്. പലയിടത്തും ഉത്തരവുകള്‍ ലഭ്യമായത് ശനിയാഴ്ചയും. അതിനിടയ്ക്ക് ഒരു ദിവസം മാത്രം. അതും ഞായര്‍.
ഒരു ദിവസം കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി കൂടി തീരുമാനമെടുക്കാനോ നടപ്പാക്കാനോ കഴിയില്ല. ഉത്തരവനുസരിച്ച് ടിവി, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ ഇവയില്‍ ഏതെങ്കിലുമൊന്ന് പഞ്ചായത്ത് ഫണ്ടില്‍ നിന്നു വാങ്ങി നല്കാന് ദിവസങ്ങളെടുക്കും. പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ച് നടപടിയെടുക്കുമ്പോഴേക്കും പഠനം ഏറെ മുന്നേറിയിരിക്കും. ഈ സമയത്ത് പഠിപ്പിക്കുന്നത് ടിവിയില്‍ വീണ്ടും ലഭിക്കിെല്ലന്ന ആശങ്കയുമുണ്ട്. ഉത്തരവാദിത്വം തങ്ങളുടെ ചുമലില്‍ വച്ച് സര്‍ക്കാര്‍ രക്ഷപ്പെടുകയാണെന്നാണ് തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങള്‍ പറയുന്നത്. വിവിധ സംഘടനകളും വ്യക്തികളും വിദ്യാര്‍ത്ഥികള്‍ക്ക് ടിവിയും മൊബൈല്‍ഫോണും വാങ്ങി നില്കുന്നുണ്ടെങ്കിലും അതൊന്നും പര്യാപ്തമല്ല.
ഓണ്‍ലൈന്‍ പാഠഭാഗങ്ങളില്‍ തെറ്റുകള്‍ കടന്നുകൂടുന്നുണ്ടെന്നും സ്ക്രിപ്റ്റുകള്‍ വിദഗ്ദ്ധ സമിതി പരിശോധിച്ച ശേഷമേ അവതരിപ്പിക്കാവൂയെന്നും ദേശീയ അധ്യാപക പരിഷത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ഒമ്പതാം ക്ലാസ്സുകളിലെ ബയോളജി പാഠഭാഗത്തില്‍ ‘പ്രകാശ സംശ്ലേഷണ സമയത്ത് ലവണങ്ങളും ഉത്പാദിപ്പിക്കുന്നുണ്ട്’ എന്നതടക്കമുള്ള ഗുരുതര തെറ്റുകള്‍ കടന്നുകൂടിയതായി ഉദാഹരണ സഹിതം അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതര ഭാഷാ ക്ലാസുകള്‍ 15 മുതല്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകളില്‍ 15 മുതല്‍ ഇതര ഭാഷാ ക്ലാസുകളും തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അറബി, ഉറുദു, സംസ്കൃതം തുടങ്ങിയ ഭാഷാ ക്ലാസുകളാണ് ആരംഭിക്കുന്നത്. ഇതരഭാഷാ വിഷയങ്ങള്‍ക്ക് മലയാളം വിശദീകരണമുണ്ടാകും. ക്ലാസ്സുകള്‍ മുന്‍നിശ്ചയിച്ച സമയക്രമത്തിലാകും നടക്കുകയെന്നും ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കായി കൂടുതല്‍ ഇംഗ്ലീഷ് വാക്കുകള്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: