ബത്തേരി : വന്യ മൃഗങ്ങളെ വേ്ട്ടയാടുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി വനം വകുപ്പ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന ആരംഭിച്ചു. വനത്തോട് ചേർന്ന കൃഷിയിടങ്ങൾ, സ്വകാര്യ വ്യക്തികളുടെ എസ്റ്റേറ്റുകൾ, ജനവാസകേന്ദ്രങ്ങളോട് ചേർന്ന വനമേഖല എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി പരിശോധന നടത്തുന്നത്. പാലക്കാട് ആന സ്ഫോടക വസ്തു കടിച്ച് ചെരിഞ്ഞ പശ്ചാത്തലത്തിലാണ് കർശന പരിശോധന ജില്ലയിലും ആരംഭിച്ചത്.
വന്യമൃഗങ്ങളെ കെണിയിൽപ്പെടുത്തി കൊലപ്പെടുത്തുക, സ്ഫോടക വസ്തു ഉപയോഗിച്ച് വകവരുത്തുക , വിനോദത്തിനായി വന്യ മൃഗങ്ങളെ പീഢിപ്പിക്കുക തുടങ്ങിയ ക്രൂരത മൃഗങ്ങളോട് ചെയ്യുന്ന സംഭവങ്ങൾ കൂടുതലായി അടുത്തിടെയായി വെളിച്ചത്ത് വന്നതോടെയാണ് പരിശോധനയും നിരീക്ഷണവും വനംവകുപ്പ് കർശനമാക്കിയിരിക്കുന്നത്. പാലക്കാട് ആന സ്ഫോടക വസ്തു കടിച്ച് മരിച്ചതിന് സമാന സ്വഭാവമുള്ള ഒരു കേസ് വർഷങ്ങൾക്ക് മുമ്പ് വടക്കനാട് നടന്നിരുന്നു. അന്ന് ഒരു പിടിയാന പൈനാപ്പിളിനുള്ളിൽ വെച്ച സ്ഫോടക വസ്തു കടിച്ച് ചെരിഞ്ഞു.
വന്യ മൃഗങ്ങൾ വേട്ടയാടപ്പെടുന്ന സംഭവം കൂടുതലായതോടെ വയനാട് വന്യ ജീവി സങ്കേതത്തിനകത്തും സങ്കേതത്തോട് ചേർന്ന ജനവാസ കേന്ദ്രങ്ങളിലുമായാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്. 15 പേരടങ്ങുന്ന സംഘമാണ് ഓരേ മേഖലയിലും പരിശോധന നടത്തുന്നത്. കർണാടക അതിർത്തികളിൽ പരിശോധന ഇതിനകം പൂർത്തീകരിച്ചുകഴിഞ്ഞു. പെരിക്കല്ലൂർ, കൊളവള്ളി, മാടപ്പള്ളികുന്ന്, ചാമപ്പാറ, വണ്ടിക്കടവ്, കാപ്പിസെറ്റ്, ചീയമ്പം, ഓർക്കടവ്, പമ്പ്ര, ബീനാച്ചി എസ്റ്റേറ്റ്, കുറുവ ദ്വീപ്, പാതിരി, കുറിച്ചിപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരച്ചിൽ നടത്തികഴിഞ്ഞു.
കഴിഞ്ഞ ദിവസം പന്നിയെ പിടികൂടുന്നതിനായി വെച്ച കെണിയിൽ ഒരു പുലി കുടുങ്ങിയതോടെ ബത്തേരി മൂലങ്കാവിൽ സ്ഥല ഉടമയെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇത് കൂടാതെ കോളേരി പരപ്പനങ്ങാടിയിലും കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലാകുകയുണ്ടായി. മൃഗങ്ങളെ പിടികൂടുന്നതിനായി വെക്കുന്ന കെണിയിൽ മനുഷ്യരും കുടുങ്ങുന്ന സംഭവവും വിരളമല്ല. മൃഗങ്ങളെ പിടികൂടുന്നതിനായി വെച്ച വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രണ്ട് പേരാണ് മരിച്ചത്. ഒരാൾ പുൽപ്പള്ളിയിലും മറ്റെരാൾ കല്ലൂരിലുമാണ്. കെണിയൊരുക്കുമ്പോൾ അബദ്ധത്തിൽ ഷോക്കേറ്റും മറ്റും മരിക്കുന്നവരുടെ എണ്ണം ഇതിന് പുറമെയാണ്.
വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ഭാഗത്തും സ്ക്വാഡ് പരിശോധന നടത്തും. വന്യമൃഗങ്ങളെ പിടികൂടുന്നതിനായി ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും കെണിവെച്ചിട്ടുണ്ടെങ്കിൽ സ്ഥല ഉടമയുടെ പേരിൽ കേസെടുക്കുമെന്ന് വന്യജീവി വിഭാഗം അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: