കോട്ടയം: കൂറുമാറ്റവും അസാധുവോട്ടും ഉണ്ടായ ചങ്ങനാശ്ശേരി നഗരസഭാ ചെയര്മാന് തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിക്കാന്‍ ജോസഫ് പക്ഷം നീക്കം ശക്തമാക്കി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതു വരെ യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് ജോസഫ് പക്ഷത്തിന്റെ തീരുമാനം.
മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ അവിശ്വാസത്തിന് നോട്ടീസ് കൊടുക്കുമെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. അതേസമയം ചങ്ങനാശ്ശേരി നഗരസഭ ചെയര്മാന് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ നിര്‍ണ്ണായകമായ വോട്ടാണ് ജോസഫ് വിഭാഗത്തിന് വിജയിക്കാന്‍ കാരണമായതെന്നും അതിനാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തില്‍ വിട്ട് വീഴ്ച ചെയ്യണമെന്നുമാണ് ജോസ് വിഭാഗത്തിന്റെ നിലപാട്.
നഗരസഭ ചെയര്മാന് തെരഞ്ഞെടുപ്പില്‍ രണ്ട്് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറുകയും ഒരംഗത്തിന്റെ വോട്ട് അസാധുവാവുകയും ചെയ്തു. യുഡിഎഫ് നേതൃത്വത്തിന് നല്കിയ വാക്ക് പാലിച്ചതിനാലാണ് ജോസഫ് വിഭാഗം ജയിച്ചതെന്നാണ് ജോസ് വിഭാഗം പറയുന്നത്. വെള്ളിയാഴ്ച നടന്ന നഗരസഭ തെരഞ്ഞെടുപ്പിന് ശേഷം കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗവും യോഗം ചേര്‍ന്നിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ മാറ്റത്തിനായി മൂന്ന് മാസമായി കാത്തിരിക്കുകയാണ്. ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല. തീരുമാനം ഉണ്ടായില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവരുമെന്ന് ജോസഫ് പക്ഷത്തെ നേതാക്കള്‍ പറയുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ല. കെ.എം.മാണി രൂപപ്പെടുത്തിയ കരാര്‍ അതേപടി തുടരണമെന്ന പാര്‍ട്ടി നിലപാട് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. യുഡിഎഫ് സംസ്ഥാന നേതൃത്വം മുന്‍കൈയ്യെടുത്ത് വിവിധ ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകളില്‍ ജില്ലാ പഞ്ചായത്തിന് അപ്പുറമുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ഇക്കാര്യങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്നാണ് ജോസ് കെ.മാണി എം.പി പറയുന്നത്. ഇരുവിഭാഗവും നിലപാടുകളില്‍ ഉറച്ച് നില്ക്കുന്നതിനാല് പ്രതിസന്ധിയിലായത് കോണ്‍ഗ്രസ് നേതൃത്വമാണ്. ജോസ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ പല തവണ ജോസ് കെ.മാണിയുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായത്തില്‍ എത്തിയില്ല. കൂടാതെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ക്കായി ജോസ് വിഭാഗം വിലപേശലും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: