ബെംഗളൂരു: രാജ്യദ്രോഹ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മൂന്നു കശ്മീരി വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്റു ചെയ്തു. കര്‍ണാടക ഹുബ്ബള്ളി റൂറല്‍ പോലീസ് സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജാക്‌സണ്‍ ഡിസൂസയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
കേസില്‍ മൂന്നുപേര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷം കര്‍ണാടക നോര്‍ത്ത് ഐ.ജി രാഘവേന്ദ്രയാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്. ലോക് ഡൗണിനെ തുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതെന്നായിരുന്നു കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് നടപടിയുണ്ടായത്.
ജൂണ്‍ ഒന്നിന് വിദ്യാര്‍ഥികളുടെ അഭിഭാഷകര്‍ ഹുബ്ബള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കുന്നത്. എന്നാല്‍, ജൂണ്‍ നാലിനാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 90ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് വിദ്യാര്‍ഥികളുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് ജൂണ്‍ ആറിന് കോടതി ജാമ്യം അനുവദിച്ചു.
പുല്‍വാമ ആക്രമണത്തിന്റെ വാര്‍ഷികദിനമായ ഫെബ്രുവരി 14നാണ് പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന പേരില്‍ മൂന്നുപേരെയും ഹുബ്ബള്ളിയില്‍ നിന്ന് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത്.
വിദ്യാര്‍ഥികള്‍ പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലായതോടെയാണ് സംഭവത്തില്‍ കേസെടുത്ത പൊലീസ് മൂന്നുപെരെയും അറസ്റ്റ് ചെയ്യുന്നത്. മാര്‍ച്ചില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിപോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: