ബെംഗളൂരു: മൈസുരു കാത്തലിക് ബിഷപ്പ് കെ.എ. വില്യമിനെതിരെ ഗുരുതര ആരോപണങ്ങളുമായി കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മിഖായേല്‍ സല്‍ദന്‍ഹ. ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ട് സല്‍ദന്‍ഹ ബെംഗളൂരു ആര്‍ച്ച് ബിഷപ്പിനും മുംബൈ കര്‍ദിനാളിനും കത്തെഴുതി.
ബിഷപ്പ് നിരവധി ലൈംഗിക ആരോപണങ്ങളാണ് നേരിടുന്നതെന്നും ഇതോടൊപ്പം അഴിമതി, കൊലപാതക ആരോപണങ്ങളുമുണ്ടെന്ന് കത്തില്‍ ആരോപിക്കുന്നു.
ബിഷപ്പിന്റെ പ്രവൃത്തികളെ എതിര്‍ത്ത ഒരു വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ബിഷപ്പിനെതിരെ ലൈംഗിക ആരോപണങ്ങളും അഴിമതിയും ഉയര്‍ന്നിരുന്നെങ്കിലും ഒരു കൊലപാതകം മറച്ചുവച്ചതായുമായി ബന്ധപ്പെട്ട ആരോപണം പുതിയതാണ്.
മെയ് 24ന് സല്‍ദന്‍ഹ അയച്ച കത്തില്‍ വൈദികന്റെ മരണം മൂടിവയ്ക്കാന്‍ ബിഷപ്പ് കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയതായി പറയുന്നു. ബിഷപ്പിന്റെ കുറ്റകൃത്യങ്ങള്‍ പുറത്തുകൊണ്ടു വന്നവരില്‍ ഒരാളായിരുന്നു മരിച്ച വൈദികന്. ഈ കേസില്‍ മൈസൂരു ക്രൈംബ്രാഞ്ച് ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു.
മാര്‍ച്ച് രണ്ടിനാണ് വൈദികനായ വില്യം അല്ബുക്യുര്ക്യൂ നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനം എന്നായിരുന്നു ബിഷപ്പ് നല്കിയ വിശദീകരണം. എന്നാല്‍, വൈദികന്റെ മരണം ഹൃദയസ്തംഭനത്താലല്ലെന്നും മൃതദേഹത്തില്‍ ഗുരുതര പരിക്കുകളുണ്ടായിരുന്നെന്നും ബിഷപ്പിനെതിരെ പരാതി നല്കിയവരില് ഒരാളായ റോബര്‍ട്ട് റൊസാരിയോ പറഞ്ഞു.
തനിക്കെതിരെ പരാതി നല്കിയ വൈദികരെ ബിഷപ്പ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ബിഷപ്പിനെതിരെ നേരത്തെ 37 വൈദികര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ ഗ്രാമ പ്രദേശത്തേക്ക് ബിഷപ്പ് ട്രാന്‍സ്ഫര്‍ ചെയ്തു.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള വൈദികര്‍ റിസേര്‍ച്ചിനും അധ്യാപനത്തിനുമുള്ള അവസരം ഇല്ലാതാക്കിയായിരുന്നു സ്ഥലം മാറ്റം. ഇതു പ്രതികാര നടപടിയുടെ ഭാഗമാണെന്നും സല്‍ദന്‍ഹയുടെ കത്തില്‍ ആരോപിക്കുന്നു.
എന്നാല്‍, ബിഷപ്പിനെതിരെ നടപടിയെടുക്കാന്‍ അതിരൂപത തയ്യാറായിട്ടില്ലെന്ന് ജഡ്ജി സല്‍ദാന്‍ഹ പറഞ്ഞു. ബാംഗ്ലൂര്‍ അതിരൂപതയ്ക്ക് അധികാരമുണ്ട്. എന്നാല്‍, ആര്‍ച്ച് ബിഷപ്പ് തയ്യാറാകുന്നില്ല.ആര്‍ച്ച് ബിഷപ്പും ബിഷപ്പും തമ്മില്‍ പരസ്പര ബന്ധമുണ്ടെന്നും അതിനാലാണ് നടപടി സ്വീകരിക്കാത്തതെന്നും സല്‍ദാന്‍ഹ ആരോപിച്ചു.
സഭ നടത്തുന്ന കോടികളുടെ പണം വിനിയോഗത്തില്‍ നിരവധി ക്രമക്കേടുകള്‍ ഉള്ളതായി സല്‍ദാന്‍ഹ ആരോപിച്ചു. രണ്ടുവര്‍ഷം മുമ്പ് കൂര്‍ഗ് വെള്ളപ്പൊക്കത്തിന്റെ പേരില്‍ സഭ വന്‍ തോതില്‍ പണപ്പിരിവു നടത്തിയിരുന്നു. ഏകദേശം 50 കോടി രൂപയോളം ലഭിച്ചു.
പക്ഷെ ഇതുവരെ ഈതുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചതായി അറിവില്ല. ഇതിനെതിരെ വലിയ വിഭാഗം വിശ്വാസികള്‍ രംഗത്തുവരികയും അവര്‍ തെളിവുകള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
തെളിവുകളെല്ലാം വിശ്വാസ യോഗ്യമാണെന്നും ഗുരുതര കുറ്റകൃത്യങ്ങളുള്ള ബിഷപ്പ് ഉറപ്പായും രാജിവയ്ക്കണമെന്നും സല്‍ദാന്‍ഹ കത്തില്‍ ആവശ്യപ്പെടുന്നു. ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് തയ്യാറായില്ല.
പ്രളയഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണം ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് നിഷേധിച്ചു. ദുരിതാശ്വാസ നിധിയില്‍ ലഭിച്ച 48.50 കോടിരൂപ ദുരുപയോഗം ചെയ്തെന്ന ആരോപണം തീര്‍ത്തും തെറ്റാണ്. അടിസ്ഥാന രഹിതവും സത്യത്തില്‍ നിന്ന് വളരെ അകലുയുമാണെന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് ബെംഗളൂരു അതിരൂപത സ്വരൂപിച്ചത് 2.15 കോടിയും മമൈസൂരു രൂപതയില്‍ 2.43 കോടിയും ലഭിച്ചു.
ബെംഗളൂരു അതിരൂപതയില്‍ ലഭിച്ച തുക പ്രളയ നഷ്ടമുണ്ടായ രൂപതകളിലേക്ക് നല്കി. അതേസമയം ബിഷപ്പിനെതിരെ ഉയര്‍ന്ന മറ്റ് ആരോപണങ്ങളോട് പ്രതികരിക്കാന്‍ അതിരൂപത തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: