കാലത്തിന്റെ കരുത്തായി മാറിയ സാമൂഹികമാധ്യമത്തെ ഉപയോഗിച്ചാണ് പ്രഷ്യസ് ഡ്രോപ്സ് കേരളമാകെ പടര്‍ന്നത്. രണ്ടരപ്പതിറ്റാണ്ടായി ഈ രംഗത്ത് സജീവമാണ് ഇവര്‍. മൂവായിരത്തിലധികം രക്തദാതാക്കള്‍ അംഗങ്ങളായ പ്രഷ്യസ് ഡ്രോപ്സ് പിറന്നത് വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്കൂള്‍ അങ്കണത്തിലാണ്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന ഒരു സേവാസംരംഭം. കേരളത്തിലെ ആദ്യ രക്തസാക്ഷര ഗ്രാമമായി വെണ്ടാറിനെ മാറ്റിയെടുത്തതും പ്രഷ്യസ് ഡ്രോപ്സ് ചൊരിഞ്ഞ ചോരത്തുള്ളികളാണ്. ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവരക്തം നല്കി, നൂറ് കണക്കിന് രക്തനിര്‍ണയ ക്യാമ്പുകള്‍ നടത്തി, ബോധവല്ക്കരണക്ലാസുകള് സംഘടിപ്പിച്ച് കേരളത്തിലെതന്നെ മികച്ച രക്തദാനസേനകളിലൊന്നായി പ്രഷ്യസ് ഡ്രോപ്സ് മാറിയിരിക്കുന്നു.
വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിലെ എംഎല്‍ടി അദ്ധ്യാപകനായ മൈലംകുളം മേലേകോയിക്കല് സന്തോഷ്കുമാറിന്റെ നേതൃത്വത്തിലാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. രക്തദാനസന്ദേശവും അവയവദാന ബോധവല്‍ക്കരണവുമായി വിപുലമായ പദ്ധതികളുമായാണ് പ്രഷ്യസ് ഡ്രോപ്സിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. 9495090953 എന്ന നമ്പരിലേക്ക് ഒരു വാട്സാപ്പ് സന്ദേശത്തോടെ രക്തദാനത്തിന് താല്പര്യമുള്ള ആര്‍ക്കും ഈ കൂട്ടായ്മയുടെ ഭാഗമാകാം.
തെരുവിലുറങ്ങുന്നവര്‍ക്ക്, അനാഥര്‍ക്ക്, അഗതിമന്ദിരങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരം നല്കുന്ന അന്നപൂര്‍ണ പദ്ധതി പ്രഷ്യസ് ഡ്രോപ്സിന്റെ ഒരു പ്രവര്‍ത്തനമാണ്. കേറിക്കിടക്കാന്‍ കൂരയില്ലാത്തവര്‍ക്ക് തണലൊരുക്കുന്ന സുരക്ഷ, വിദ്യാര്‍ത്ഥികളില്‍ വായനാശീലം പകരുന്ന അക്ഷരദീപം, ആവശ്യക്കാര്‍ക്ക് വസ്ത്രമെത്തിക്കുന്ന വസ്ത്രബാങ്ക് കരുതല്‍, കൗമാരക്കാര്‍ക്ക് കൗണ്‍സലിങ് നല്കുന്ന സ്നേഹസഖി, ശയ്യാവലംബികളായ രോഗികള്‍ക്ക് സ്നേഹസാന്ത്വനം, നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം നല്കുന്ന വിദ്യാദീപം, പ്രളയബാധിതര്‍ക്ക് തുണയായി മാറിയ റിലീഫ് ടീം, വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ്…. സേവനത്തിന്റെ കൈവഴികള്‍ നിരവധിയാണ് പ്രഷ്യസ് ഡ്രോപ്സിന്….
പ്രതികരിക്കാൻ ഇവിടെ എഴുതുക: