തിരുവനന്തപുരം: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടികയില്‍ കേരളം വട്ടപ്പൂജ്യം. ദന്തല്‍, മെഡിക്കല്‍, എഞ്ചിനീയറിംഗ്, ആര്കിടക്ചര്, ഫാര്‍മസി , നിയമം , മാനേജ്മെന്റ്, സര്‍വകലാശാലകള്‍, കോളേജുകള്‍,പൊതു എന്നിങ്ങനെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പത്തായി തിരിച്ച് മികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് നല്കിയപ്പോള് കേരളം പുറത്ത്.സംസ്ഥാനത്തെ വിദ്യാഭ്യാസനിലവാരത്തിന്റെ തകര്‍ച്ച അടിവരയിടുന്നതാണ് റാങ്കിങ് പട്ടിക.
അധ്യാപനം-പഠനം-വിഭവങ്ങള്‍, ഗവേഷണവും, തൊഴില്‍പരമായ പരിശീലനവും, ഗ്രാജുവേഷന് ഔട്ട്കംസ്, ഔട്ട്റീച്ച് & ഇന്‍ക്ലൂസിവിറ്റി, ഗ്രഹണക്ഷമത എന്നീ അഞ്ചു മേഖലകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര മാനവവിഭവശേഷി മ ന്ത്രാലയംതയ്യാറാക്കിയ ‘ഇന്ത്യ റാങ്കിങ്സ് 2020’ പട്ടികയുടെ ആദ്യസ്ഥാനങ്ങളില്‍ കേരളത്തിലെ സ്ഥാപനങ്ങളൊന്നും ഇല്ല. ഉപരിപഠനത്തിനായി സര്‍വ്വകലാശാലകള്‍ തിരഞ്ഞെടുക്കാന്‍ രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കും, തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സര്‍വ്വകലാശാലകള്‍ക്കും സഹായകരമാകുന്ന റാങ്കിങ് പട്ടികയുടെ തുടര്‍ച്ചയായ അഞ്ചാം പതിപ്പാണ് കേന്ദ്ര മന്ത്രി രമേശ് പൊഖ്റിയാല് നിഷാന്ക് പ്രകാശനം ചെയ്തത്.
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (90.96) ആണ് രാജ്യത്തെ മികച്ച മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനം.പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ,ചണ്ഡിഗഡ് (80.06) രണ്ടാമതും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് (73.56) മൂന്നാമതും ആണ്. കോയമ്പത്തൂര്‍ അമൃത വിശ്വ വിദ്യാപീഠത്തിന് (64.34) ഏഴാം സ്ഥാനം ഉണ്ട്. 45 ല്‍ അധികം സ്കോര്‍ നേടി പട്ടികയില്‍ ഇടം തേടിയ ഒരു മെഡിക്കല്‍ കോളേജും കേരളത്തിലില്ല.
മികച്ച 75 ഫാര്‍മസി കോളേജുകളുടെ പട്ടികയിലും കേരളത്തിലെ ഒരു സ്ഥാപനവും ഇല്ല. ദല്‍ഹി ജാമിയ ഹമാര്ഡ്, പഞ്ചാബ് സര്‍വകലാശാല, മൊഹാലി നാഷണല്‍ ഇന്‍സ്റ്റിറ്റിയട്ട് എന്നിവയാണ് ആദ്യ മൂന്നു സ്ഥാനത്ത്. കോയമ്പത്തൂര്‍ അമൃത വിശ്വ വിദ്യാപീഠത്തിന് 15-ാം സ്ഥാനം ഉണ്ട്.
മികച്ച 30 ദന്തല്‍ കോളേജുകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഒറ്റ സ്ഥാപനവും ഇല്ല. പരിഗണിക്കപ്പെട്ട 113 കോളേജുകളില്‍ 6 എണ്ണ കേരളത്തില്‍ നിന്നുള്ളവയായിരുന്നു. 50 ശതതമാനത്തിലധികം സ്കോര്‍ ലഭിച്ച കോളേജുകളെയാണ് പട്ടികയില്‍ പെടുത്തിയത്. 82.51 സ്കോര്‍ ലഭിച്ച ദല്‍ഹി മൗലാന ദന്തല്‍ കോളേജാണ് റാങ്കിങ് പട്ടികയില്‍ ഒന്നാമത്. 61.46 സ്കോര്‍ ലഭിച്ച കോയമ്പത്തൂര്‍ അമൃത ദന്തല്‍ കോളേജ് 13-ാം സ്ഥാനത്താണ്.
രാജ്യത്തെ മികച്ച 20 ലോ കോളേജുകളുടെ പട്ടികയിലും കേരളം ഇല്ല. ബാംഗ്ളൂര്‍, ദല്‍ഹി, ഹൈദ്രബാദ് എന്നിവിടങ്ങളിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റികളാണ് ആദ്യ മൂന്നു സ്ഥാനത്ത്.
മികച്ച മാനേജ്മെന്റ് പഠനസ്ഥാപനങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനം എല്ലാം കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകള്‍ക്കാണ്. യഥാക്രം അഹമ്മദബാദ്, ബാംഗ്ളൂര്‍,കല്‍ക്കട്ട ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് ആദ്യമൂന്ന് സ്ഥാനത്ത്. 75 സ്ഥാപനങ്ങളുടെ പട്ടിക ഇട്ടപ്പോള്‍ 6 -ാം സ്ഥാനത്തുള്ള കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റാണ് കേരളത്തില്‍ നിന്നുള്ള ഏക സ്ഥാപനം.
ആര്കിടെക്ചര് വിഭാഗത്തിന് കേരളത്തിന് പ്രാതിനിധ്യം കിട്ടി. മൂന്നാം സ്ഥാനത്ത് കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും 11 -ാം സ്ഥാനത്ത് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജും വന്നു. രാജ്യത്താകെ 71 സ്ഥാപനങ്ങള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ പരിഗണനയ്ക്ക് വന്നത്.
1071 എഞ്ചീനീയറിംഗ് കോളജുകള്‍ പരിശോധിച്ച് മികച്ച 200 എണ്ണത്തിന്റെ പട്ടികയില്‍ ആദ്യ 10 സ്ഥാനത്തും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളാണ്. ചെന്നൈ, ദല്‍ഹി, മുബൈ എന്നിവിടങ്ങളിലെ ഐഐടി കളാണ് ആദ്യ മൂന്നു സ്ഥാനത്ത്. 23-ാം സ്ഥാനത്തുള്ള കോഴിക്കോട് എന്‍ഐടിയും 33-ാം സ്ഥാനത്തുള്ള തിരുവനന്തപുരം സ്പേസ് സയിന്സ് ഇന്‍സ്റ്റിറ്റ്യൂട്ടും ആദ്യ 50ല്‍ പെടും. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന്റെ സ്ഥാനം 85 ആണ്.
1659 കോളേജുകളെ വിലയിരുന്നത്തി മികച്ച 100 എണ്ണത്തിന്റെ പട്ടിക തയ്യാറാക്കിയപ്പോള്‍ ആദ്യ നാലു സ്ഥാനത്തും ദല്‍ഹിയിലെ കോളേജുകള്‍ എത്തി. മിറാന്‍ഡ ഹൗസ്, ലേഡി ശ്രീരാം, ഹിന്ദു, സെന്റ് സ്റ്റീഫന്‍ എന്നീ കോളേജുകളാണവ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് (23), എറണാകുളം രാജഗിരി (28), തിരുവനന്തപുരം വിമന്‍സ് (40), കൊച്ചി സെന്റ് തെരാസസ് (47), തിരുവനന്തപുരം മാര്‍ ഇവാനിയോസ് (48) എന്നിവ ആദ്യ 50 സ്ഥാനങ്ങളില്‍ പെട്ടിട്ടുണ്ട്.
ബാംഗ്ളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ് മികച്ച സര്‍വകലാശാല. ദല്‍ഹി ജെഎന്‍യു രണ്ടാമതും ബനാറസ് ഹിന്ദു സര്‍വകലാശാല മൂന്നാമതും എത്തി. കോയമ്പത്തൂര്‍ അമൃത വിശ്വ വിദ്യാപീഠമാണ് നാലാം സ്ഥാനത്ത്. കേരള സര്‍വകലാശാല 23-ാംമതും മഹാത്മാ ഗാന്ധി സര്‍വകലാശാല 30-ാമതുമാണ്.
ആകെ വിലയിരുത്തി റാങ്കിങ് നടത്തുമ്പോള്‍ രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആണ്. ബാംഗ്ളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് രണ്ടാമതും ദല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മൂന്നാമതുമാണ്. അമൃത വിശ്വവിദ്യാപീഠം 13-ാംമതാണ്. 43-ാം സ്ഥാനത്തുള്ള കേരള സര്‍വകലാശാലയാണ് കേരളത്തില്‍ നിന്നു പട്ടികയില്‍ മുന്നിലുള്ള വിദ്യാഭ്യാസ സ്ഥാപനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: