പുത്തൂര്‍: സ്മാര്‍ട്ടാകാന്‍ കുട്ടികള്‍ക്ക് സഹായമായി വ്യക്തികളും സംഘടനകളും മുന്നിട്ടിറങ്ങിയതോടെ പുത്തൂര്‍ സ്കൂളിലും ഫസ്റ്റ് ബെല്‍ മുഴങ്ങുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതോടെ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് തണലൊരുങ്ങുകയാണ് സ്മാര്‍ട്ട് ബെല്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ. നിരവധി പേരാണ് കരുതലിന്റെ മനസ്സുമായി മുന്നോട്ടുവന്നത്.
ആദ്യഘട്ടമായി 10 കുട്ടികള്‍ക്കാണ് പഠന സൗകര്യമൊരുക്കിയത്. കായംകുളം എംഎസ്എം കോളേജ് അലുംനി ഖത്തര്‍ ഇന്നലെ 7 ടിവിയാണ് കുട്ടികള്‍ക്കായി നല്‍കിയത്. സ്കൂളില്‍ നടന്ന ചടങ്ങില്‍ സംഘടന എക്സിക്യൂട്ടീവ് അംഗം അബ്ദുല്‍ റൗഫ് ടെലിവിഷനുകള്‍ പിടിഎ പ്രസിഡന്റ് എസ്. ശശികുമാറിന് കൈമാറി. ഖത്തര്‍ ഇന്ത്യന്‍ സ്ഥാനപതി ഓഫീസിലെ ഇന്ത്യന്‍ ഫോറിന് സര്‍വീസ് ഉദ്യോഗസ്ഥയായ സോനാ സോമന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പുത്തൂര്‍ സ്കൂളിലെ കുട്ടികളെ ഇതിനായി തെരഞ്ഞെടുത്തത്.
പോലീസ് ഓഫീസേഴ്സ് അസോസിയേഷന്, പ്ലസ് ടു സയന്‍സ് ബാച്ച് പൂര്‍വ വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍, തുടങ്ങിയവര്‍ പഠന സൗകര്യമൊരുക്കുന്നതിനായി നേരത്തെ തന്നെ തയ്യാറായിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം ആര്. രശ്മി, ഗ്രാമപഞ്ചായത്ത് അംഗം വി. ആര്‍ദ്ര, പ്രിന്‍സിപ്പല്‍ എ. നൗഷാദ്, പ്രഥമാധ്യാപിക എം. ജലജ, എസ്എംസി ചെയര്മാന് മൈലംകുളം ദിലീപ്, വൈസ് ചെയര്മാന് പുത്തൂര്‍ രാജേഷ്, പിടിഎ വൈസ് പ്രസിഡന്റ് വി.കെ. മോഹനന് പിള്ള, സ്റ്റാഫ് സെക്രട്ടറി അരുണ്‍കുമാര്‍, അധ്യാപകനായ ബി, പ്രദീപ്, സംഘടനാ ഭാരവാഹികളായ അമീര്‍, ശ്രീകല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: