പത്തനംതിട്ട: അടൂരിലെ സിപിഎം നേതാക്കളുടെ പ്രളയതട്ടിപ്പ് അടക്കമുള്ള അഴിമതികൾ അറിയുമായിരുന്ന ഡിവൈഎഫ്ഐ നേതാവിനെ പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി മാതാപിതാക്കൾ. അടൂരിൽ മെയ് 22ന് മരിച്ച ഡിവൈഎഫ്ഐ നേതാവ് നെല്ലിമുകൾ കൊച്ചുമുകളിൽ വീട്ടിൽ ജോയലിന്റെ (29) മരണം സംബന്ധിച്ചാണ് മാതാപിതാക്കൾ പത്രസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്.
അടൂരിലെ സിപിഎം നേതാക്കളുടെ രഹസ്യഇടപാടുകൾ അറിയാമായിരുന്ന ജോയലിനെ നേതാക്കളുടെ നിർദ്ദേശത്തെ തുടർന്ന് പോലീസ് ക്രൂരമായി മർദ്ദിക്കയായിരുന്നത്രെ. മുഖ്യമന്ത്രി, ഡിജിപി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശകമ്മീഷൻ എന്നിവർക്ക് പരാതി നൽകിയതായും മാതാപിതാക്കൾ പറഞ്ഞു. ജനുവരി ഒന്നിന് വൈകുന്നേരം അടൂർ ഹൈസ്കൂൾ ജങ്ഷനിൽ ജോയലിന്റെയും മറ്റൊരാളിന്റെയും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നു. ഇത് പോലീസ് ഒത്തുതീർപ്പിലെത്തിച്ച് ഇരുവരെയും പോകാൻ അനുവദിച്ചതാണ്.
എന്നാൽ ഈ സമയം ആരുടേയോ ഫോണിലൂടെയുള്ള നിർദ്ദേശത്തെ തുടർന്ന് ജോയൽ സ്റ്റേഷനിൽ നിൽക്കാൻ സിഐ ആവശ്യപ്പെട്ടു. പിന്നീട് സിഐയും പോലീസുകാരും ചേർന്ന് ജോയലിനെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിച്ചു. വിവരം അറിഞ്ഞ് എത്തിയ ബന്ധുക്കൾക്ക് കാണാൻ കഴിഞ്ഞത് ഹാളിലിട്ട് ജോയലിനെ മർദ്ദിക്കുന്ന കാഴ്ചയാണ്. ഇത്കണ്ട് തടസംപിടിക്കാൻ ചെന്ന പിതാവിന്റെ സഹോദരിയേയും സിഐ വയറിൽ തൊഴിച്ചു താഴെയിട്ടു. പിന്നീടും ക്രൂരമർദ്ദനം തുടർന്നതോടെ തളർന്ന് വീണ ജോയലിനെ ലോക്കപ്പിലിട്ട് പൂട്ടി.
സ്റ്റേഷനിലെ നിരീക്ഷണ ക്യാമറയിൽ ഇതെല്ലാം വ്യക്തമാണ്. പിന്നീട് രാത്രി ജോയൽ പുറത്ത് വന്നശേഷം പല ആശുപത്രികളിലായി ചികിൽസ നടത്തിയെങ്കിലും മെയ് 22ന് ജോയൽ മരിച്ചു. ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയായിരുന്ന ജോയൽ പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. അടൂരിലെ സിപിഎം നേതാക്കളുടെ പ്രളയതട്ടിപ്പ് അടക്കം പല അഴിമതികളും ജോയലിന് അറിയാമായിരുന്നു. ഇതെല്ലാം പുറത്ത് വിടുമെന്ന ഭയം നേതാക്കൾക്കുണ്ടായിരുന്നു. ഇത് ഭയന്ന നേതാക്കൾ ജോയലിനെ പലേപ്പാഴും ഭീഷണിപ്പടുത്തുമായിരുന്നെന്നും മാതാപിതാക്കൾ പറഞ്ഞു.
ഇക്കാര്യങ്ങൾ ജോയൽ സുഹ്യത്തുക്കളോടും പറഞ്ഞിട്ടുള്ളതാണ്. നേതാക്കളുടെ പല കാര്യങ്ങൾക്കും ജോയലിനെ ഉപയോഗിച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. വാഹനങ്ങൾ കൂട്ടിയിടിച്ച ദിവസം രാവിലെ മന്ത്രി എ.സി. മൊയ്തീന്റെ പേഴ്സണൽ സ്റ്റാഫിൽപ്പെട്ട ഒരാൾ വീട്ടിൽ എത്തി ജോയലിനെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇതിന് ശേഷമാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും ഇതുവരെയും തരാൻ പോലീസ് തയ്യാറായിട്ടില്ല.
അടൂരിലെ ഉന്നത നേതാക്കളെ വിളിച്ചാൽ അവർ ഫോൺ എടുക്കാറില്ല. പോലീസ് മർദ്ദനത്തിൽ മരിച്ചതാണെന്ന് പരാതി ഉയർന്നപ്പോൾ സംഭവത്തിൽ തന്നെ കരുവാക്കിയതാണെന്നും തന്റെ ജോലി നഷ്ടപ്പെടുമെന്നും പരാതിപ്പെടരുതെന്നും സിഐ പറഞ്ഞതായി ജോയലിന്റെ പിതാവ് ജോയിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: