കോട്ടയം: ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്നും ഉല്‍സവം നടത്തേണ്ടെന്നും തീരുമാനിച്ച പശ്ചാത്തലത്തില്‍ ഇതര ക്ഷേത്രങ്ങളിലും വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന അഭിപ്രായം ഉയരുന്നു. കൊറോണ വ്യാപനത്തില്‍ കേരളത്തിലെ സ്ഥിതി അനുദിനം മോശമാകുന്ന സാഹചര്യത്തിലാണ് ഗുരുവായൂര്‍ അടക്കമുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലെയും ഭക്തജനപ്രവേശനം പുനപ്പരിശോധിക്കണമെന്ന ആവശ്യം ശക്തമായത്.
ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാനും ഉത്സവം നടത്താനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതാണ്. എന്നാല്‍ ഭക്തരുടെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ തന്ത്രിയുമായി ചര്‍ച്ച നടത്തുകയും ഒടുവില്‍ ബോര്‍ഡും സര്‍ക്കാരും അദ്ദേഹത്തിന്റെ നിലപാടിന് കീഴടങ്ങുകയുമായിരുന്നു. ഈ നിലപാട് ഇതര ക്ഷേത്രങ്ങളുടെ കാര്യത്തിലും സ്വീകരിക്കണമെന്നാണ് പൊതു അഭിപ്രായം. ഇതര ക്ഷേത്രങ്ങള്‍ക്ക് വേറെ തന്ത്രിമാരാണ് ഉള്ളത്. ക്ഷേത്രകാര്യങ്ങളില്‍ അന്തിമ അഭിപ്രായം പറയാനുള്ള അവകാശം തന്ത്രിമാര്‍ക്കാണ്. അതിനാല്‍ തന്ത്രിസമാജവുമായും ക്ഷേത്ര സമിതികളുമായും ഭക്തജന സംഘടനകളുമായും ചര്‍ച്ച നടത്തണമെന്നും അവരുടെ നിലപാട് അംഗീകരിക്കണമെന്നുമാണ് ഭക്തരും പറയുന്നത്.
തൃശൂരിലെ അവസ്ഥ വളരെയേറ ആശങ്കാകരമാണ്. ഗുരുവായൂരിനോട് അടുത്ത കിടക്കുന്ന ചാവക്കാട്ടെ ആശുപത്രി അടച്ചു. ജില്ല വീണ്ടും ലോക്ഡൗണ്‍ ചെയ്യണമെന്ന അഭിപ്രായം വരെ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഭക്തര്‍ ക്ഷേത്രങ്ങളില്‍, പ്രത്യേകിച്ച് ഗുരുവായൂരില്‍ എത്തുന്നത്, അത്ര ആശാസ്യമല്ലെന്ന് ഹിന്ദു സംഘടനകള്‍ വിലയിരുത്തുന്നു. ക്ഷേത്രത്തില്‍ എത്തിയ ആര്‍ക്കെങ്കിലും രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ ക്ഷേത്രം അടച്ച് അണുമുക്തമാക്കേണ്ടിവരും. ഇത് നിത്യ പൂജ മുടങ്ങാന്‍ ഇടയാക്കും.
രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍, ക്ഷേത്രങ്ങള്‍ തത്ക്കാലം തുറക്കേണ്ടെന്നാണ് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്. രോഗ വ്യാപനത്തിന് ഇടയാക്കുമെന്നും നിത്യപൂജകള്‍ പോലും മുടങ്ങുന്ന സാഹചര്യം ഉണ്ടാക്കുമെന്നും ക്ഷേത്ര സംരക്ഷണ സമിതിയും ഹിന്ദു ഐക്യവേദിയും തന്ത്രി സമാജവും വിശ്വഹിന്ദു പരിഷത്തും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് തള്ളിയാണ് ക്ഷേത്രങ്ങളില്‍ ഭക്തരുടെ പ്രവേശനം അനുവദിക്കാന്‍ ബോര്‍ഡും സര്‍ക്കാരും തീരുമാനിച്ചത്.
എന്നാല്‍ കാര്യഗൗരവം ഉള്‍ക്കൊണ്ട് ഭക്തര്‍ ക്ഷേത്രങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. വീടുകളില്‍ വിളക്കുകൊളുത്തി നാമജപവുമായി കഴിയുകയാണ് അവര്‍. നിത്യേന ആയിരങ്ങള്‍ എത്തിയിരുന്ന ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ പോലും ഇപ്പോള്‍ നൂറില്‍ താഴെ ഭക്തര്‍ മാത്രമാണ് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: