കഴക്കൂട്ടം: കേന്ദ്ര പദ്ധതികള്‍ പലതും കേരളത്തില്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസ്സും നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് അട്ടിമറിച്ച പിണറായി സര്‍ക്കാരിനെതിരെയും വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന ഇടതുപക്ഷ കോണ്‍ഗ്രസുകാര്‍ക്കെതിരെയും ബിജെപി കഴക്കൂട്ടം നിയോജക മണ്ഡലം ചെമ്പഴന്തി ഗുരുകുലത്തിന് മുന്നില്‍ സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഭക്തരെയും ജനങ്ങളെയും പറ്റിച്ച് രാഷ്‌ട്രീയ നേട്ടം കൊയ്യാനുള്ള ഇത്തരക്കാരുടെ ശ്രമം കേരളത്തില്‍ നടക്കില്ല. ശിവഗിരിയില്‍ കേന്ദ്രം അനുവദിച്ച പദ്ധതി കൃത്യമായി തന്നെ നടപ്പാക്കും. അത് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആര്‍.എസ്. രാജിവ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍, സംസ്ഥാന സമിതി അംഗം പോങ്ങുംമൂട് വിക്രമന്‍, തിരുവനന്തപുരം മേഖലാ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, ജില്ലാ സെക്രട്ടറിമാരായ സജിത്ത് കുമാര്‍, സുനിചന്ദ്രന്‍, പാങ്ങപ്പാറ രാജിവ്, കൗണ്‍സിലര്‍മാരായ നാരായണമംഗലം രാജേന്ദ്രന്‍, എ. പ്രദീപ് കുമാര്‍, ഹിമാസജി, സംസ്ഥാന കമ്മിറ്റി അംഗം ചെറുരയ്‌ക്കല്‍ ജയന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ശിവലാല്‍, ബാലു, മറ്റ് ഭാരവാഹികളായ ശ്രീവിദ്യ, ജയദേവ്, വെഞ്ചാവോട് ഉദയന്‍, കഴക്കൂട്ടം അനില്‍, കഴക്കൂട്ടം ശ്രീകുമാര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വൈകിട്ട് ഉപവാസ സമാപനം സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ചടങ്ങില്‍ പങ്കെടുത്തു.
















