കുമളി: ഒരു ദിവസത്തേക്ക് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തിയാൽ കൊറോണ പകരില്ലെന്ന് അതിർത്തിയിലെ അധികൃതർ. മാത്രമല്ല അങ്ങനെ എത്തുന്നവർക്ക് ഒരാഴ്ച വരെ ഇവിടെ കറങ്ങിയ ശേഷം തിരികെ പോകാനും അനുവാദം. ഇടുക്കി ജില്ലയിൽ കൃഷിയിടമുള്ള തമിഴ്നാട് സ്വദേശികൾക്ക് തോട്ടങ്ങളിൽ എത്തിച്ചേരാൻ വേണ്ടിയാണ് താല്കാലിക പ്രവേശനാനുമതി നൽകിയത്.
എന്നാൽ ഇതിന്റെ മറവിൽ മുന്നൂറിലധികം പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ കുമളി ചെക് പോസ്റ്റ് വഴി അതിർത്തി കടന്നത്. ഏഴ് ദിവസം വരെ കേരളത്തിൽ താമസിക്കാനുള്ള അനുമതിയാണ് ഇതിലൂടെ ലഭിക്കുന്നത്. മുൻപ് ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ ഈ പാസ് ഉപയോഗിച്ച് കേരളത്തിലേക്ക് കടന്നു. യാതൊരു വിധ കൊറോണ മാനദണ്ഡങ്ങളും പാലിക്കാതെ ഇവരിൽ പലരും പൊതു സമൂഹവുമായി ഇടപഴകുകയാണ്. ഏകദിന പാസുമായി എത്തിയവർ തിരികെ പോയിട്ടുണ്ടോയെന്ന കാര്യത്തിൽ അധികൃതർക്ക് യാതൊരു വ്യക്തതയില്ല.
നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളാണ് കുമളി ചെക് പോസ്റ്റിൽ എത്തിയത്. ദേശീയ തലത്തിൽ ആരോഗ്യ വകുപ്പ് നൽകിയ കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സമൂഹ വ്യാപനത്തിന് വഴിയൊരുക്കുന്ന രീതിയിൽ ഷോട്ട് ടേം പാസ് സംവിധാനം സംസ്ഥാന സർക്കാർ നടപ്പിലാക്കിയത് ഗുരുതര പ്രത്യാഘതങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: