കണ്ണൂര്‍ : ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയും അന്തരിച്ച സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്റെ ചിത്രം വാട്സ്ആപ്പ് സ്റ്റാറ്റസാക്കി ഇട്ടവര്‍ക്കെതിരെ നടപടി. പ്രതിയുടെ ചിത്രം വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയവര്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്.
കണ്ണൂരിലെ നാല് പോലീസുകാര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നതും അനുഭാവം പ്രകടിപ്പിക്കുന്നതും പോലീസ് സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് എതിരാണ്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കുമെന്ന് യതീഷ് ചന്ദ്ര അറിയിച്ചു.
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റിയംഗമായ പി.കെ. കുഞ്ഞനന്തന് അന്തരിച്ചത്. അതേസമയം സംസ്കാര ചടങ്ങുകളില്‍ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സിപിഎം നേതാക്കളും മറ്റും പങ്കെടുത്ത വിലാപയാത്രയില്‍ നൂറിലധികം ആളുകളാണ് പങ്കെടുത്തത്. കൊറോണ വൈറസ് രോഗബാധ പകരാതിരിക്കുന്നതിനായി സര്‍ക്കാര്‍ ചടങ്ങുകള്‍ക്കും മറ്റുമുള്ള ആളുകളുടെ പങ്കാളിത്തത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെട്ടിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സവമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: