പാലക്കാട്: കൊറോണ നിരീക്ഷണത്തിന്റെ പേരില്‍ കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി പരാതി. മുണ്ടൂര്‍ മുണ്ടേക്കോട് വാഴപ്പിള്ളിയില്‍ വീട്ടില്‍ പരേതനായ ഭാസ്ക്കരന്‍ നായരുടെ ഭാര്യ പത്മിനിയമ്മ (61)യാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്.
ഏഴാംതീയതി ഉച്ചയോടെയാണ് നെഞ്ചുവേദനയെയും, ശ്വാസതടസത്തെയും തുടര്‍ന്ന് ജില്ലാശുപത്രിയില്‍ എത്തിച്ചത്. ഹോട്ട്സ്പോട്ട് പ്രദേശത്ത് നിന്നെത്തിയതിനാല്‍ ഏറെ നേരം കാത്തിരുന്ന ശേഷമാണ് ഇവരെ കൊറോണ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയത്. ഇതിനിടെ ശ്വാസം മുട്ടലിന് ഒരു ഇഞ്ചക്ഷന് മാത്രമാണ് നല്‍കിയത്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഡോക്ടര്‍ വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രശ്നമുണ്ടാക്കിയതോടെയാണ് ഡോക്ടറെത്തി പരിശോധിച്ച ശേഷം , പത്മിനിയമ്മയെ ഐസിയുവിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മരിച്ചു.
ആശുപത്രിയിലെത്തിയ സമയത്ത് തന്നെ കൊറോണ പരിശോധനക്കായി സ്രവമെടുത്തിരുന്നെങ്കിലും ഇതുവരെയും പരിശോധനാഫലം വന്നിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി ഹൃദ്രോഗം, കിഡ്നി സംബന്ധമായ അസുഖം, പ്രമേഹം എന്നിവക്ക് ചികിത്സിലുള്ള വ്യക്തിയാണ് പത്മിനിയമ്മ. പ്രമേഹത്തിന് ഇന്‍സുലിന്‍ എടുക്കുന്നുമുണ്ട്. എന്നാല്‍ ജില്ലാശുപത്രിയില്‍ എത്തിച്ച ശേഷം കൃത്യമായി മരുന്നോ മറ്റും നല്‍കിയില്ലെന്നും, കൊറോണ നിരീക്ഷണത്തിന്റെ പേരില്‍ കൃത്യമായ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് വീട്ടമ്മ മരിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. കൊറോണയുടെ പേരില്‍ മറ്റ് അസുഖങ്ങളുമായി ആശുപത്രിയില്‍ വരുന്നവര്‍ക്ക് വേണ്ട ചികിത്സലഭ്യമാകുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. കൊറോണ പരിശോധനാഫലം വരാത്തതിനാല്‍ മൃതദേഹം വിട്ടുകൊടുത്തിട്ടില്ല. മക്കള്‍: അനില്‍കുമാര്‍, അമ്പിളീദേവി. മരുമക്കള്‍: സതീഷ്, പ്രവീണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: