ആലപ്പുഴ: കാലവര്‍ഷം തുടങ്ങിയിട്ടും കടലോരം സരംക്ഷിക്കാനുള്ള പദ്ധതികള്‍ ഒന്നും നടപ്പാക്കാന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്ത്. ആലപ്പുഴ ജില്ലയിടെ തീരങ്ങളില്‍ പലയിടത്തും കടലാക്രമണം രൂക്ഷമായി അനുഭവപ്പെട്ടിരുന്നു. തീരത്ത് കല്ലിടുന്നതിന് ടെന്‍ഡര്‍ നടപടികളായി എന്നു പറഞ്ഞ് തടിതപ്പുകയാണ് അധികൃതര്‍. സംസ്ഥാനത്തൊട്ടാകെ കടലോര പ്രദേശങ്ങളില്‍ ഇതുതന്നെയാണ് അവസ്ഥ. ഇതിനിടെയാണ് ഒരു വര്‍ഷം പോലും ഭരണകാലാവധിയില്ലാത്ത ഇടതു സര്‍ക്കാര്‍ തീരം സംരക്ഷിക്കാന്‍ പൂലിമുട്ട് പാടം എന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുള്ളത്.
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ, കാട്ടൂര്‍ തീരങ്ങളില്‍ കടലാക്രമണം പ്രതിരോധിക്കാന്‍ പുലിമുട്ട് പാടം ഒരുങ്ങുമെന്നും നിര്‍മാണത്തിനുള്ള ടെന്‍ഡറിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെന്ന് മന്ത്രി ടി എം തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. ഈ കാലവര്‍ഷക്കാലത്തും തീരദേശവാസികള്‍ കടലാക്രമണ കെടുതി നേരിടുന്നത് തടയുന്നതിന് യാതൊരു പദ്ധതിയും നടപ്പാക്കാതെയാണ് പുതിയ പ്രഖ്യാപനങ്ങളെന്നാണ് വിമര്‍ശനം.
തീരത്തുനിന്നും 40 മീറ്റര്‍ കുത്തനെ കടലിലേക്ക് ഇറക്കിയാണ് നിര്‍മാണം. ചെന്നൈ ഐഐടിയാണ് പദ്ധതിയുടെ രൂപകല്പന. 40 മീറ്റര്‍ മുതല്‍ 20 മീറ്റര്‍ വരെ നീളത്തില്‍ 114 പുലിമുട്ട് നിര്‍മിക്കും. പുലിമുട്ടുകളുടെ മുകളറ്റത്തിന് എട്ട് മീറ്ററും താഴെയറ്റത്തിന് 10 മീറ്ററും വീതിയുണ്ടാകും. ഏറ്റവും താഴെ ജിയോഫില്‍ട്ടര്‍ നിരത്തും. അതിന് മുകളില്‍ വ്യത്യസ്ത ഭാരത്തിലും വലിപ്പത്തിലുമുള്ള കല്ലുകളുടെ വിവിധ അടുക്കുകള്‍. ഏറ്റവും മുകളില്‍ സ്റ്റീലും സിമന്റ് കോണ്‍ക്രീറ്റും ഉപയോഗിച്ച് നിര്‍മിക്കുന്ന നാലുകാലുള്ള തൂണുകള്‍.
തിരമാല പുലിമുട്ടുകളില്‍ തട്ടുന്നതോടെ ശക്തികുറയും. ശക്തിയോടെ തീരത്തടിക്കുന്ന അവസ്ഥയുണ്ടാകില്ല. പുലിമുട്ടുകള്‍ക്ക് ഇടയില്‍ ഇതിന്റെ ആഘാതങ്ങളുണ്ടാകില്ല. പരമ്പരാഗത കടല്ഭിത്തികളില് നേരിട്ട് തിരയടിക്കുകയും തിരിച്ചിറങ്ങുന്ന തിര മണലും ഒഴുക്കിക്കൊണ്ടുപോകുകയുമാണ്. ഇതോടെ കടല്‍ഭിത്തി താഴ്ന്ന് തീരം ഒലിച്ചുപോകുന്ന സാഹചര്യമുണ്ടാകും. എന്നാല്‍ പുതിയ രീതിയില്‍ പുലിമുട്ടുകള്‍ക്കിടയിലെ ശാന്തമായ പ്രദേശത്ത് മണലടിഞ്ഞ് തീരംവയ്പിന് സഹായിക്കും.
പദ്ധതിക്ക് കിഫ്ബിയിലൂടെ ഫണ്ട് അനുവദിക്കും. 184 കോടി രൂപയാണ് പദ്ധതിതുക. പദ്ധതി വിജയിച്ചാല്‍ കേരളത്തിലെ കടലാക്രമണ പ്രതിരോധത്തിനു പുതിയൊരു മാര്‍ഗമാകും പുലിമുട്ട് പാടമെന്നും മന്ത്രി അവകാശപ്പെടുന്നു. നേരത്തെ ജിയോട്യൂബ് പരീക്ഷണാടിസ്ഥാനത്തില്‍ തീരത്ത് സ്ഥാപിച്ച് ലക്ഷങ്ങളാണ് ധനമന്ത്രിയുടെ നേതൃത്വത്തില്‍ പാഴാക്കിയത്. കഴിഞ്ഞ നാലു വര്‍ഷവും കാഴ്ചക്കാരായി മാറിയ സര്‍ക്കാര്‍ അവസാന വര്‍ഷം പ്രഖ്യാപനങ്ങളുമായി എത്തുന്നത് കണ്ണില്‍പൊടിയിടാനാണെന്ന് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: