സെവിയ: ലാ ലിഗ പോരാട്ടങ്ങള്‍ക്ക് വീണ്ടും തുടക്കം. കൊറോണ മഹാമാരിയെ തുടര്‍ന്ന് മൂന്ന് മാസം നിര്‍ത്തിവച്ച മത്സരങ്ങള്‍ ഇന്നലെ പുനരാരംഭിച്ചപ്പോള്‍ സെവിയയ്ക്ക്് വിജയത്തുടക്കം . മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അവര്‍ റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ചു. അര്‍ജന്റീനിയന്‍ വിങ്ങര്‍ ലൂക്കാസ് ഒകാംപോസിന്റെ മിന്നുന്ന പ്രകടനമാണ് സെവിയയ്ക്ക് വിജയമൊരുക്കിയത്.
ആദ്യ പകുതിയില്‍ ഒകാംപോസിന്റെ ഗോളെന്ന് ഉറപ്പിച്ച ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു. പക്ഷെ അമ്പത്തിയാറാം മിനിറ്റില്‍ ഈ വിങ്ങര്‍ പെനാല്‍റ്റി ഗോളാക്കി സെവിയയ്ക്ക് ലീഡ് സമ്മാനിച്ചു. ബെറ്റിസിന്റെ മാര്‍ക്ക് ബാര്‍ട്ര സെവിയയുടെ ലൂക്ക് ഡി ജോങ്ങിനെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്.
കളം നിറഞ്ഞ കളിച്ച ഒകാംപോസാണ് സെവിയയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. അറുപത്തിരണ്ടാം മിനിറ്റില്‍ ഒകാംപോസ് നല്കിയ പാസ് ഫെര്‍നാന്‍ഡോ ഗോളിലേക്ക്് തിരിച്ചുവിട്ടു.
ഈ വിജയത്തോടെ സെവിയ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനുള്ള സാധ്യത നിലനിര്‍ത്തി. ഇരുപത്തിയെട്ട് മത്സരങ്ങളില്‍ അമ്പത് പോയിന്റുള്ള സെവിയ മൂന്നാം സ്ഥാനത്താണ്. അതേസമയം ബെറ്റിസ് പന്ത്രണ്ടാം സ്ഥാനത്തും. അവര്‍ക്ക് മുപ്പത്തിമൂന്ന് പോയിന്റാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: