കൊട്ടാരക്കര: കൊട്ടാരക്കര ബിവറേജസ് ഔട്ട്ലെറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും മാറ്റി സ്ഥാപിക്കണമെന്നവശ്യപ്പെട്ട് അരങ്ങേറിയ വേറിട്ട സമരം നാട്ടുകാര്‍ക്ക് കൗതുകമായി. മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ചൂല്‍സമരവും യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ചെണ്ടകൊട്ടല്‍ സമരവുമാണ് നാട്ടുകാരില്‍ കൗതുകം ജനിപ്പിച്ചത്.
ബിവറേജസ് ഔട്ട്ലെറ്റില്‍ നിന്ന് സാധനം വാങ്ങി സമീപത്തിരുന്നു മദ്യപിക്കുന്നവര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴിയാത്രക്കാര്‍ക്കും ശല്യമുണ്ടാക്കുന്നതായി നിരവധി പരാതികള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എംഎല്‍എ, ബിവറേജസ് മന്ത്രി, പോലീസ് എന്നിവര്‍ക്ക് നല്കിയെങ്കിലും ഇതുവരെ മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞമാസം ബില്‍ഡിംഗിന്റെ വാടക കാലാവധി അവസാനിച്ചെങ്കിലും നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍മാര്‍ മാത്രം ചേര്‍ന്ന് വാടകക്കരാര്‍ രഹസ്യമായി പുതുക്കി നല്കുകയായിരുന്നു എന്നും ആരോപണമുണ്ട്.
ചൂല്‍സമരം മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ബിറ്റി സുധീര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ശല്യവും അപമാനവും ഉണ്ടാക്കുന്ന ഔട്ട്ലെറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ മഹിളാമോര്‍ച്ചയും ബിജെപിയും കൂടുതല്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരുമെന്നും ബിറ്റി സുധീര്‍ പറഞ്ഞു.
ചൂല്‍ നിലത്തടിച്ച് മഹിളാമോര്‍ച്ച പ്രതിഷേധിച്ചപ്പോള്‍ ഒഴിപ്പിക്കുന്നതിന്റെ പ്രതീകമായി ചെണ്ടകൊട്ടി യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു വല്ലവും പങ്കുചേര്‍ന്നു. മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഡ്വ. രമാദേവി, ജനറല്‍ സെക്രട്ടറി സുകുമാരി സുനില്‍, പ്രിയംവദ, പ്രസന്ന, ശിവകുമാരി, അഖില, സരസ്വതി, യുവമോര്‍ച്ച നേതാക്കളായ രാഹുല്‍ മണികണ്ഠേശ്വരം, പ്രേംകുമാര്‍, രാഹുല്‍ പടിഞ്ഞാറ്റിങ്കര എന്നിവര്‍ നേതൃത്വം നല്‍കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: