വെള്ളരിക്കുണ്ട്: കോടികള്‍ ചിലവഴിച്ചുള്ള മലയോര ഹൈവേ പദ്ധതിയിലും ക്രമക്കേടെന്ന് ആരോപണം. വള്ളികടവ് പറമ്പ് റോഡില്‍ കലുങ്ക് റോഡുമായി അകലുന്നു. ചൈത്ര വാഹിനി പുഴയിലേക്ക് മഴ വെള്ളം ഒഴുകുന്ന തോടിനാണ് ഇവിടെ കലുങ്ക് നിര്‍മ്മിച്ചത്. മുമ്പുണ്ടായിരുന്ന കലുങ്ക് മാറ്റുകയും റോഡിനു ഉയരം കൂട്ടി ഇവിടുത്തെ അപകട വളവ് ഒഴിവാക്കുവാനുമായിരുന്നു പുതിയ കലുങ്ക് നിര്‍മ്മിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മലയോര ഹൈവേ കടന്നു പോകുന്ന റോഡില്‍ നിന്നും ഈ കലുങ്ക് അകലുകയാണ്.
മലയോര ജനതയുടെ സ്വപ്ന സാക്ഷാല്‍ കാരമായി മാറുന്ന മലയോര ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നത് യുഎല്‍സിസി എന്ന സഹകരണ കമ്പനിയാണ്. അഴിമതി രഹിത റോഡ് പാലം നിര്‍മ്മാതാക്കള്‍ എന്ന് വിശേഷണമുള്ള ഈ കമ്പനി മലയോര ഹൈവേ നിര്‍മ്മാണത്തില്‍ വ്യാപകമായ ക്രമക്കേട് നടത്തുന്നതായി ആരോപണമുണ്ട്.
ഇതിനിടയിലാണ് നിര്‍മ്മാണത്തിലെ അപാകത കാരണം വള്ളിക്കടവ് പറമ്പ റോഡിന്റെ കുറ്റിതാന്നി ജംഗ്ഷന് തിരിയുന്നതിന്റെ തൊട്ടടുത്തു റോഡും കലുങ്കും വേര് പിരിയുന്നത്. സിമന്റും പൂഴിയും കമ്പിയും കൊണ്ട് നിര്‍മ്മിക്കേണ്ട കലുങ്കുകളും ചെറു പാലങ്ങളും ഇപ്പോള്‍ മണ്ണ് കലര്‍ന്ന പാറപ്പൊടിയിലാണ് പൂര്‍ത്തീകരിക്കുന്നത്. മലയോര ഹൈവേയുടെ നിര്‍മ്മാണം നടക്കുന്ന പലയിടത്തും അപകട വളവുകളും തിരിവുകളും അതേ പടിയില്‍ തന്നെ നില നിര്‍ത്തുന്നുവെന്ന ആരോപണവുമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: