നെടുങ്കണ്ടം: ജില്ലയിലെ പ്രധാന പോലീസ് സ്റ്റേഷനുകളിലൊന്നായ നെടുങ്കണ്ടം പോലീസ് സ്റ്റേഷന് ഭരിക്കുന്നത് സിപിഎം നേതൃത്വം. രണ്ട് വര്‍ഷമായി സ്റ്റേഷനില്‍ എസ്ഐമാര്‍ വാഴുന്നില്ല. രാജ് കുമാര്‍ കൊലക്കേസിലൂടെ കുപ്രസിദ്ധമായ സ്റ്റേഷനിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സിപിഎം ആണെന്ന ആക്ഷേപം നേരത്തെ മുതല്‍ നിലവിലുണ്ട്. തുടര്‍ച്ചയായി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ ഇവിടേക്ക് എത്താന്‍ മിക്ക പോലീസ് ഉദ്യോഗസ്ഥരും തയ്യാറാകുന്നുമില്ല.
ഇതിലെ അവസാന സംഭവം എസ്ഐ ആയിരുന്ന കെ. ദിലീപ് കുമാറിനെ മാറ്റിയതാണ്. രാഷ്ട്രീയക്കാരുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത ജനകീയനായ ഈ ഉദ്യോഗസ്ഥനെ നിലവില്‍ കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് അറ്റാച്ച് ചെയ്തിരിക്കുകയാണ്. പരാതി അന്വേഷിക്കാന്‍ വിളിച്ച് വരുത്തിയ ആളെ മര്‍ദ്ദിച്ചെന്ന ആരോപണത്തിലാണ് നടപടി.
ഭരണകക്ഷി നേതാക്കള്‍ പറയുന്നത് കേള്‍ക്കാതെ സത്യസന്ധമായി ജോലി നോക്കുന്നവരെ വെച്ച് പൊറിപ്പിക്കാന്‍ ഇവര്‍ സമ്മതിക്കില്ലെന്ന് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തന്നെ തുറന്ന് പറയുന്നത്. 2018ല്‍ ഇവിടെ ചാര്‍ജെടുത്ത എം.പി. സാഗറിനെ ഒരാഴ്ചക്കുള്ളില്‍ തന്നെ സ്ഥലം മാറ്റിയത് റോഡില്‍ അനധികകൃതമായി ചെഗുവേരയുടെ പടം വരക്കുന്നത് തടഞ്ഞതിനാണ്. പിന്നാലെ എത്തിയ കെ.എസ്. ശ്യാംകുമാര്‍ 20 ദിവസത്തിനകം മടങ്ങി. മരം മുറിച്ചതുമായി ബന്ധപ്പെട്ട് ബിസിനസുകാരനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതിനാണ് നടപടി നേരിട്ടത്. ഉന്നതങ്ങളിലെ സ്വാധീനവും രാഷ്ട്രീയ ഇടപെടലുമായിരുന്നു ഇതിന് പിന്നില്‍.
പിന്നാലെ എത്തിയ കെ.പി. മനീഷ് അവധിയില്‍ പ്രവേശിച്ചപ്പോള്‍ ചുമതലയേറ്റെടുത്ത സാബു മാത്യു കൈക്കൂലി കേസില്‍ കുടുങ്ങി സസ്പെന്‍ഷനിലായി. സിഐയ്ക്കും അന്ന് സസ്പെന്ഷന് കിട്ടി, പിന്നാലെ മനീഷിന് തെരഞ്ഞൈടുപ്പിന്റെ ഭാഗമായുള്ള സ്ഥലമാറ്റം വന്നു. ഈ സമയത്ത് ചാര്‍ജെടുത്ത കെ.എ. സാബുവാണ് പ്രമാദമായ രാജ്കുമാര് കസ്റ്റഡി മരണ കേസില്‍ പ്രതിയായത്. പിന്നാലെ രണ്ട് പേര് ഒഴിക മറ്റുള്ളവരെയെല്ലാം സ്ഥലം മാറ്റി. ഏഴ് പോലീസുകാര്‍ അറസ്റ്റിലാവുകയും ചെയ്തു.
ഇതിന് ശേഷം ചാര്‍ജെടുത്ത സിഐ ജയകുമാര്‍, എസ്ഐ എസ്. കിരണ്‍ എന്നിവരില്‍ സിഐയെ രാഷ്ട്രീയ നേതൃത്വം ഇടപെട്ടാണ് സ്ഥലം മാറ്റിയത്. പിന്നീട് കിരണിനും മാറ്റം വന്നു. പിന്നാലെ കൊറോണയുടെ ആരംഭ ഘട്ടത്തിലെത്തിയ ആളാണ് എസ്ഐ ദിലീപ് കുമാര്‍.
എസ്ഐ മുമ്പ് ദേവികുളത്ത് ആയിരുന്നപ്പോഴും സിപിഎം ഇയാളെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരികയും പൊതുജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധിച്ച് പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു. കൊറോണ കാലത്ത് ഇദ്ദേഹത്തിന്റെ ഇടപെടല്‍ പെട്ടെന്ന് തന്നെ വലിയ ജനസ്വാധീനം നേടി നല്കി. ഇതിനിടെ നേതാക്കളുടെ അനാവശ്യമായ ആവശ്യങ്ങള്‍ ചെവിക്കൊള്ളാതിരുന്നതും ഇതനുസരിച്ച് പ്രവര്‍ത്തിക്കാതിരുന്നതും അസ്വാരസ്യങ്ങളുടെ തുടക്കമായി. ഇതിനിടെ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട ചീട്ടുകളി കേന്ദ്രം പിടികൂടിയത് വലിയ വിവാദമായി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടും കേസ് നടപടികളില്‍ നിന്ന് എസ്ഐ പിന്മാറിയില്ല.പിന്നാലെ കാരണം നോക്കി ഇരുന്ന ഭരണപക്ഷം വീണ് കിട്ടിയ അവസരം മുതലാക്കുകയായിരുന്നു. ഇതനുസരിച്ച് നടപടി എടുത്ത ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ ജനരോക്ഷമാണ് മേഖലയില്‍ ഉയരുന്നത്. പോലീസ് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് പറയുമ്പോഴും സിപിഎം ഭരിക്കുമ്പോള്‍ അത് പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് മാറ്റിയെഴുതുകയാണ് മന്ത്രിയായ എം.എം. മണിയുടെ മണ്ഡലം കൂടിയായ ഉടുമ്പച്ചോലയിലുള്ള നേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: