വടശേരിക്കര: നാട്ടിൽ ഭീതി പരത്തി വിഹരിച്ച കടുവയുടെ മരണത്തിൽ നിഗൂഢത. മുള്ളൻപന്നിയുടെ മുള്ള് കടുവയുടെ ശ്വാസകോശത്തിലും വായിലും തറച്ചുകയറിയ മുറിവ് വൃണമായി ന്യൂമോണിയ ബാധിച്ചാണ് കടുവ ചത്തതെന്നാണ് പോസ്റ്റുമോർട്ടത്തിൽ പറയുന്നത്.
വായിലെ മുറിവ് വ്രണമായതിനാൽ ദിവസങ്ങളോളം ആഹാരം കഴിക്കാനാകാതെയാണ് കടുവ അവശനിലയിലായതെന്നാണ് കണ്ടെത്തൽ. ഇക്കാര്യം തന്നെയാണ് മരണത്തിൽ നിഗൂഢതയുണ്ടെന്നത് ബലപ്പെടുന്നത്. മെയ് 8ന് തണ്ണിത്തോട് മേടപ്പാറയിലെ പ്ലാന്റേഷൻ കോർപറേഷൻ റബർ തോട്ടത്തിലെ ടാപ്പിങ് കരാറുകാരനായിരുന്ന ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനീഷ് മാത്യുവിനെ (36) ആക്രമിച്ചു കൊലപ്പെടുത്തിയ കടുവ തന്നെയാണ് ചത്തതെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം ചത്ത കടുവയുടെയും മുൻപ് സംഭവസ്ഥലത്ത് വനംവകുപ്പിന് ലഭിച്ചിട്ടുള്ള കടുവയുടെ കാൽപ്പാടുകളും തമ്മിലുള്ള പൊരുത്തക്കേടുണ്ടെന്ന് വനംവകുപ്പും സമ്മതിക്കുന്നു. മുള്ളൻപന്നിയുടെ മുള്ള് തറച്ചുകയറി മുറിവ് വ്രണമായതിനാൽ 35 ദിവസത്തോളമായി കടുവയ്ക്ക് ആഹാരം കഴിക്കാൻ കഴിയുന്നില്ലെന്ന നിഗമനം ശരിയല്ലെന്ന് ഒരു വിഭാഗം പറയുന്നു. തണ്ണിത്തോട്ടിൽ വിനീഷ് മാത്യുവിനെ കൊലപ്പെടുത്തിയതിന് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് മണിയാറിൽ പശുവിനെ ആക്രമിച്ചത്. അന്ന് മുള്ളുകൾ തറച്ചു കയറിയിരുന്നെങ്കിൽ എങ്ങനെ കടുവ ആക്രമിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. കൂടാതെ കടവയ്ക്കുവേണ്ടി ദിവസങ്ങളോളം തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കടവ തിരികെ കാട് കയറിയെന്നാണ് വനംവകുപ്പ് അന്ന് പറഞ്ഞത്.
അവശ നിലയിൽ കടുവയെ കണ്ടെത്തുമ്പോൾ പിന്നിൽ പുഴുവരിച്ച മുറിവുണ്ടായിരുന്നു എന്നും പറയപ്പെടുന്നു. ഇത് ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങൾകൊണ്ടുള്ള മുറിവാണെന്ന സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. ഏതെങ്കിലും തരത്തിലുള്ള വെടിക്കോപ്പ് ആയുധങ്ങളോ, ലോഹ സ്പർശമോ കൊണ്ടാണോ മുറിവുണ്ടായതെന്ന പരിശോധനകൾ നടക്കുന്നുണ്ട്. കടുവയുടെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് വിവിധ ലാബുകളിലേക്കു അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാൽ മാത്രമേ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: