കോഴിക്കോട്: അനധികൃത വജ്രവില്‍പ്പനയില്‍ ഇടനിലക്കാരെ പോലീസ് ചോദ്യം ചെയ്തു. മലപ്പുറം സ്വദേശികളായ മൂന്ന് പേരെയാണ് ടൗണ്‍ പോലീസ് കോഴിക്കോട്ട് എത്തിച്ച് ചോദ്യം ചെയ്തത്.
ഇതോടെ വജ്രത്തിന്റെ ഉടമ എറണാകുളം സ്വദേശിയായ ബാബുവാണെന്ന് പോലീസിന് സൂചന ലഭിച്ചു. ഇയാള്‍ മലപ്പുറം സ്വദേശിയായ റഫീഖിനെ വില്ക്കാന് ഏല്പ്പിച്ചതായിരുന്നുവത്രെ. അതേസമയം കേസിലെ മുഖ്യപ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷമീറിനെ പോലീസിന് ഇനിയും പിടികൂടാനായിട്ടില്ല. ഇയാളുടെ മൊബൈല്‍ഫോണ്‍ നമ്പര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഒരു കോടിയോളം രൂപ മൂല്യമുള്ള വജ്രം വില്ക്കാന് ശ്രമിക്കുന്നതിനിടെ മലപ്പുറം വേങ്ങര ഊരകം കാപ്പില്‍ താജ്മഹല്‍ ഹൗസില്‍ എം. അബ്ദുറഹ്മാനാണ് ടൗണ്‍ പോലീസിന്റെ പിടിയിലായത്. മതിയായ രേഖകളില്ലാതെയാണ് ഇയാള്‍ വജ്രം വില്ക്കാന് ശ്രമിച്ചത്. വജ്രം നല്‍കിയത് ഷമീര്‍ ആണെന്ന് പോലീസിനോട് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
വജ്ര വില്‍പ്പനക്ക് പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസ് സംശയിക്കുന്നു. 5.3 ഗ്രാം തൂക്കമുള്ള പച്ച വജ്രക്കല്ലാണ് പോലീസ് പിടികൂടിയത്. വജ്രത്തിന്റെ പേരില്‍ വലിയ സാമ്പത്തിക തട്ടിപ്പും നടന്നതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: