ഞാന്‍ വേണുവേട്ടനെ പരിചയപ്പെടുന്നത് 1947ല്‍ ചെന്നൈയില്‍ നടന്ന സംഘത്തിന്റെ പ്രഥമവര്‍ഷ ഒടിസി ക്യാമ്പില്‍ വച്ചാണ്. അന്ന് അദ്ദേഹം അവിടെ ശിക്ഷക് ആയിരുന്നു. ചോദിച്ചപ്പോള്‍ നിലമ്പൂര്‍ കോവിലകത്തെ തമ്പുരാന്റെ മകനാണെന്നറിഞ്ഞു. ടി.എന്‍. ഭരതേട്ടന്റെ ഫസ്റ്റ് കസിനാണെന്നും അറിഞ്ഞു. സംഘത്തിന്റെ നിര്‍ദേശപ്രകാരം വേണുവേട്ടന് ബിഎസ്സി കെമിസ്ട്രിക്ക് പാലക്കാട് വിക്ടോറിയ കോളേജില്‍ ചേര്‍ന്നു. കോഴിക്കോട് ആ കാലഘട്ടത്തില്‍ ഡിഗ്രി കോളേജ് ഇല്ലായിരുന്നു. പാലക്കാടിന് പുറമെ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജായിരുന്നു ഉണ്ടായിരുന്നത്. കോഴിക്കോട് ഇന്റര്‍മീഡിയറ്റ് കഴിഞ്ഞ ഒരാള്‍ക്ക് ഡിഗ്രിക്ക് ചേരണമെങ്കില്‍ പാലക്കാടോ മംഗലാപുരത്തോ മദ്രാസിലോ ചെല്ലണം. വേണുവേട്ടന് പാലക്കാട് വിക്ടോറിയ കോളേജില്‍ ചേര്‍ന്നു. പാലക്കാട് ശാഖ തുടങ്ങുക എന്ന ഉത്തരവാദിത്തവും സംഘം അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നു. ഒരേസമയം വിദ്യാര്‍ഥിയായും പ്രചാരകായും ഒരുപോലെ പ്രവര്‍ത്തിച്ചു. അദ്ദേഹമാണ് പാലക്കാട് മൂത്തന്തറ ഭാഗത്തൊക്കെ ശാഖ തുടങ്ങിയത്. അവിടന്ന് അദ്ദേഹം എറണാകുളത്ത് പ്രചാരകായി എത്തി. അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവായിരുന്ന ആര്. രാഘവന് നായര്‍ വര്‍മ ആന്‍ഡ് വര്‍മ കമ്പനി സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു. അവിടെയും വേണുവേട്ടന് താമസിച്ചിരുന്നു.
നിലമ്പൂര്‍ കോവിലകത്തിന് സ്വന്തമായി അക്കാലത്ത് സ്കൂള്‍ ഉണ്ടായിരുന്നു. 1947ല്‍ ഒരു വര്‍ഷക്കാലം അദ്ദേഹം അവിടെ അധ്യാപകനായി ജോലി ചെയ്തു. പിന്നീട് ഒറ്റപ്പാലത്ത് പ്രചാരകായി. കണ്ണൂരിലും പ്രചാരകായി. അവിടെ കമ്യൂണിസ്റ്റുകാരില്‍ നിന്ന് ആശയപരമായി ധാരാളം എതിര്‍പ്പ് നേരിട്ടു. കണ്ണൂരില്‍ അദ്ദേഹം സ്ഥിരമായി ഊണ് കഴിക്കുന്ന ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു. കമ്യൂണിസ്റ്റുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആ ഹോട്ടലില്‍ വേണുവേട്ടന് ഊണ് നിഷേധിക്കപ്പെട്ട സംഭവം പോലും ഉണ്ടായിട്ടുണ്ട്. എല്ലാ പ്രതികൂല സാഹചര്യങ്ങളേയും അതീജിവിച്ചായിരുന്നു കണ്ണൂരിലെ പ്രവര്‍ത്തനം. പി. മാധവ്ജി അന്ന് തലശ്ശേരിയില്‍ പ്രചാരകായിരുന്നു.
1948ല്‍ മഹാത്മാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് സംഘത്തിന് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ വേണുവേട്ടനൊക്കെ ഒളിവില്‍ കഴിഞ്ഞ് സംഘത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. 1948 ജനുവരി 30 മുതല്‍ 1949 ജൂലൈ 12 വരെയായിരുന്നു നിരോധനം. അന്ന് അദ്ദേഹം സത്യഗ്രഹം സംഘടിപ്പിച്ചു, അതില്‍ പങ്കാളിയായി, അറസ്റ്റുവരിച്ചു. അഞ്ചര മാസക്കാലം കണ്ണൂര്‍ ജയിലിലായി. ഞാനും അദ്ദേഹത്തൊടൊപ്പം ജയിലില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ജയില്‍മേറ്റ്സ് കൂടിയാണ്. അത്തരത്തിലും അദ്ദേഹവുമായി കൂടുതല്‍ അടുപ്പത്തിലായി. വേണുവേട്ടന് നല്ലൊരു ഗായകനായിരുന്നു.
ഗഹനമായ വായനയൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷെ മികച്ചൊരു സംഘാടകനായിരുന്നു. സംഘത്തിനേര്‍പ്പെടുത്തിയ നിരോധനം നീക്കിയശേഷം വേണുവേട്ടനെ കോട്ടയത്തെ പ്രചാരകായി ചുമതലപ്പെടുത്തി. കോട്ടയത്തെ വാഴൂര്‍, കൂരോര്‍പ്പട, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെത്തി പ്രവര്‍ത്തനം തുടങ്ങാം എന്നായിരുന്നു ധാരണ. പക്ഷെ 1953ല്‍ അദ്ദേഹത്തിന് കടുത്ത ക്ഷയം പിടിപെട്ടു. അന്ന് നിലമ്പൂരിലെ വീട്ടിലെത്തി, അവിടെ താമസിച്ചായിരുന്നു ചികിത്സ. ഒന്നര കൊല്ലം കൊണ്ട് രോഗം ഭേദപ്പെട്ടു. തിരികെ സംഘപ്രവര്‍ത്തനത്തിലേക്ക് മടങ്ങി വന്നെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് അദ്ദേഹത്തെ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കി. തുടര്‍ന്ന് കേസരിയുടെ എഡിറ്ററായി അദ്ദേഹത്തെ ചുമതലപ്പെടുത്തി. അങ്ങനെ സാഹിത്യത്തില്‍ തല്പരനായി. അതിനായി സ്വയം പരുവപ്പെടുത്തി എന്നും പറയാം. അങ്ങനെ അദ്ദേഹം എഡിറ്റര്‍ പദവിയിലും ശോഭിച്ചു. പിന്നീട് അദ്ദേഹം എറണാകുളം ഭാഗത്ത് സംഘപ്രചാരകായി വന്നു.
ജനസംഘം തുടങ്ങിയശേഷം ജനസംഘത്തിന്റെ സംഘാടകനായി മധ്യതിരുവിതാംകൂര്‍ ഭാഗത്ത് പ്രവര്‍ത്തിച്ചു. അങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അനുഭവങ്ങള്‍ വന്നു. ദന്തോപാന്ത് ഠേംഗ്ഡി ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ഓള് ഇന്ത്യ വര്‍കര്‍ ആയപ്പോള്‍ വേണുവേട്ടനും ബിഎംഎസ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. നിതാന്ത പരിശ്രമത്താല്‍ ബിഎംഎസിന്റെ അഖിലേന്ത്യ വര്‍ക്കിങ് പ്രസിഡന്റ് പദവിയില്‍ വരെ വേണുവേട്ടന് എത്തി. പാലക്കാട് കൊല്ലങ്കോട് രാവുണ്യാരത്ത് കുടുംബാംഗമായിരുന്നു വേണുവേട്ടന്റെ അമ്മ. സമ്പന്ന നായര്‍ കുടുംബമായിരുന്നു.
കേസരി എഡിറ്ററായിരുന്നപ്പോള് എഴുതിയ ലേഖനങ്ങളല്ലാതെ സാഹിത്യത്തില്‍ മറ്റുസംഭാവനകള്‍ അദ്ദേഹത്തിന്റേതായി ഇല്ല. ജനീവയില്‍ നടന്ന ലോക തൊഴിലാളി സംഘടനാ സമ്മേളനങ്ങളില്‍ ബിഎംഎസിനെ പ്രതിനിധീകരിച്ച് വേണുവേട്ടന് പങ്കെടുത്തിട്ടുണ്ട്. തൊഴിലാളികളുമായി നല്ല വ്യക്തിബന്ധം അദ്ദേഹം സൂക്ഷിച്ചിരുന്നു. മനുഷ്യസ്നേഹിയായിരുന്നു. അതേസമയം അച്ചടക്കം പാലിച്ചില്ലെങ്കില്‍ ശാസിക്കാനും മടിച്ചിരുന്നില്ല.
പ്രചാരകന്മാര് ജന്മദിനവും മറ്റും ആഘോഷിക്കേണ്ട എന്ന നിലപാടായിരുന്നു വേണുവേട്ടനുണ്ടായിരുന്നത്. ലാളിത്യമായിരുന്നു പ്രധാന പ്രത്യേകത. ദന്തോപാന്ത് ഠേംഗ്ഡിജിയായിരുന്നു മാതൃകാ പുരുഷന്. വേണുവേട്ടന് രോഗബാധിതനായിരുന്ന സമയത്ത് ഗുരുജി ഗോല്‍വല്‍ക്കര്‍ അദ്ദേഹത്തിന് നിരന്തരം കത്തുകള്‍ അയച്ചിരുന്നു. ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിയാണ് രാ. വേണുഗോപാല്‍.
ആര്. ഹരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: