കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തില്‍ ബി.കോം വിദ്യാര്‍ത്ഥിനി അഞ്ജു പി. ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റ് ഉപസമിതിയും പെണ്‍കുട്ടി പരീക്ഷ എഴുതിയ ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജിനെതിരെ രംഗത്ത്. പരീക്ഷാ ഹാളില്‍ ഇരുത്തി കോളേജ് അധികൃതര്‍ പെണ്‍കുട്ടിയെ മാനസികമായി തളര്‍ത്തിയതായി സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസിന് സമര്‍പ്പിച്ചു.
കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാര്‍ത്ഥിനിയെ പരീക്ഷാഹാളില്‍ ഇരുത്തിയത് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ സര്‍വകലാശാലയ്ക്ക് കൈമാറേണ്ടതിന് പകരം പുറത്ത് വിട്ടത് ചട്ടലംഘനമാണെന്നും വി.സി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിക്ക് മാനസികപീഡനം ഉണ്ടായാതായി സര്‍വകലാശാല റിപ്പോര്‍ട്ട് കൈമാറിയാല്‍ കോളേജ് അധികൃതര്‍ക്കെതിരെ കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്.
പരീക്ഷക്കിടെ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ വിദ്യാര്‍ത്ഥിയെ പിന്നെ സര്‍വകലാശാല ഹാളില്‍ ഇരുത്തരുതെന്നാണ് ചട്ടം.എന്നാല്‍ ഈ ചട്ടം കോളേജ് ലംഘിച്ചതായിട്ടാണ് ഉപസമിതിയുടെ കണ്ടെത്തല്‍. ഒരു മണിക്കൂര്‍ പരീക്ഷഹാളില്‍ ഇരുത്തിയത് കുട്ടിയെ മാനസികമായി തളര്ത്തിയിട്ടുണ്ടാകാമെന്നും സമിതി വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജ് അധികൃതര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് സര്‍വകലാശാല ഉപസമിതി കണ്ടെത്തിയത്. ഇക്കാര്യത്തില്‍ കോളേജ് അധികൃതര്‍ക്ക് തെറ്റ് പറ്റിയതായി വൈസ് ചാന്‍സലറും സമ്മതിക്കുന്നു.പരീക്ഷാഹാളിലെ ദൃശ്യങ്ങള്‍ ആദ്യം കൈമാറേണ്ടത് സര്‍വകലാശാലയ്ക്കാണ്. എന്നാല്‍ കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടുകയായിരുന്നു.
എന്നാല്‍ പരീക്ഷാഹാളിലെ ദൃശ്യങ്ങള്‍ രഹസ്യമായി വയ്ക്കേണ്ടതാണെന്നാണ് സര്‍വകലാശാല ചട്ടങ്ങള്‍ പറയുന്നത്. പരീക്ഷാ കേന്ദ്രങ്ങള്‍ കൂടുതല്‍ സൗഹൃദമാകണമെന്നും ഇ്ത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ മാതാപിതാക്കളെ അറിയിക്കുകയും ചെയ്യണം.സര്‍വകലാശാല പരീക്ഷകള്‍ക്ക് ഹാള്‍ടിക്കറ്റിന്റെ ആവശ്യം ഇല്ലെന്നും ഇലക്ട്രോണിക് മീഡിയയിലൂടെ ഇത് ചെയ്യാമെന്നും വൈസ് ചാന്‍ലര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: