ചാത്തമംഗലം: വത്സരാജന്‍ സേവാഭാരതിയുടെ കൈത്താങ്ങ്. ചാത്തമംഗലം പുളിക്കുഴി കോളനിയില്‍ താമസിക്കുന്ന പുറായില്‍ വത്സരാജന്റെ വീടിന്റെ നിര്‍മാണ പ്രവര്‍ത്തി സേവാഭാരതി പൂര്‍ത്തീകരിക്കും.
പ്രമേഹരോഗം മൂലം ഇടതു കാല്പാദം മുറിച്ചുമാറ്റി ഒന്നര വര്‍ഷത്തോളമായി ചികിത്സയില്‍ കഴിഞ്ഞു വരികയാണ് വത്സരാജന്‍. ചാത്തമംഗലത്ത് ബാര്‍ബര്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് അസുഖം കാരണം ജോലിക്ക് പോകുവാന്‍ കഴിയാതെയായി. ഇതോടെ നിര്‍മാണം ആരംഭിച്ച വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
ഭാര്യയും 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മകനും വാതില്‍ പോലും ഇല്ലാത്ത വീട്ടില്‍ പേടിയോടെയാണ് കഴിയുന്നത്. ഇവരുടെ ദയനീയ അവസ്ഥ അറിഞ്ഞ ചാത്തമംഗലം സേവാഭാരതി പ്രവര്‍ത്തകര്‍ ജില്ലാ സമിതി അംഗം ടി. സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ ഇവരെ സന്ദര്‍ശിച്ച് സഹായം വാഗ്ദാനം ചെയ്തു.
എന്‍.കെ. രവീന്ദ്രനാഥന്‍, ലോഹിതാക്ഷന്, എം.കൃഷ്ണദാസ് എന്നിവരും കൂടെയുണ്ടായിരുന്നു. അടിയന്തിര സഹായമായി വീടിന്റെ വാതിലുകള്‍ നിര്‍മിച്ചു നല്കി. അവശേഷിക്കുന്ന പണികള്‍ വരും ദിവസങ്ങളില്‍ സുമനസ്സുകളുടെ സഹായത്തോടെ തീര്‍ത്തുകൊടുക്കുമെന്ന് സേവാഭാരതി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: