ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങളെ വിശേഷിപ്പിക്കാനുള്ള എളുപ്പ വഴിയാണ് അവയോടൊപ്പം ‘ചൈനീസ്’ എന്നു ചേര്‍ക്കുന്നത്. ചൈനീസ് ഉല്‍പ്പന്നങ്ങളില്‍ പലതും, ഉപയോഗിക്കുന്നവരില്‍ മാരകഫലങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യുന്നു. ഈ രണ്ട് കാരണങ്ങളാലും കോണ്‍ഗ്രസ്സ് നേതാവ് രാഹുലിനെ ചൈനീസ് ഗാന്ധി എന്നു വിളിച്ചുപോരുന്നത് ഏറ്റവും ഉചിതമാണ്. പേരിനൊപ്പം ഗാന്ധി എന്നു ചേര്‍ത്ത് മഹാത്മാ ഗാന്ധിയുടെ കുടുംബക്കാരനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും, വിവരമില്ലായ്മയ്ക്കു പുറമെ വ്യക്തിത്വത്തിലെ കാപട്യവും കഴിവുകേടും ചൈനീസ് ഗാന്ധിയാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്നു. ഇതോടൊപ്പം ദേശവിരുദ്ധ മനോഭാവംകൊണ്ടും ചൈനീസ് ഗാന്ധി എന്ന പേര് അന്വര്‍ത്ഥമാവുകയാണ്.
ലഡാക്കിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് സൈന്യം അതിര്‍ത്തിയിലേക്ക് കയറിയോ എന്നു വ്യക്തമാക്കാനാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനോട് രാഹുല്‍ ആവശ്യപ്പെട്ടത്. ചൈനയുടെ അപ്രഖ്യാപിത വിലക്കും ഭീഷണിയും വകവയ്ക്കാതെ സൈനിക നീക്കങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ അതിര്‍ത്തിയില്‍ റോഡ് നിര്‍മാണം ദ്രുതഗതിയിലാക്കിയത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആ രാജ്യം യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് സൈനിക വിന്യാസം ശക്തിപ്പെടുത്തുകയുണ്ടായി. വന്‍തോതില്‍ സൈന്യത്തെ അണിനിരത്തി ഇന്ത്യയും അതേ നാണയത്തില്‍ തിരിച്ചടിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് ചൈനയെന്നും, സൈന്യത്തെ പിന്‍വലിക്കണമെന്നും ഇന്ത്യ നിലപാടെടുത്തു. സൈനികതല ചര്‍ച്ചയില്‍ ഈ ആവശ്യത്തിന്മേല് ഇന്ത്യ ഉറച്ചുനിന്നതോടെ ചൈനയ്ക്ക് കീഴടങ്ങേണ്ടിവന്നു. ധാരണയനുസരിച്ച് ഇന്ത്യന്‍ സൈന്യവും പിന്മാറും. പതിവുപോലെ തങ്ങള്‍ തോറ്റിട്ടില്ലെന്ന് വരുത്താന്‍ തങ്ങളുടെ മേഖലയില്‍ ചില സൈനിക ‘അഭ്യാസങ്ങള്‍’ ചൈന നടത്തുകയുണ്ടായി.
എല്ലാ അര്‍ത്ഥത്തിലും ഇത് ഇന്ത്യയുടെ വിജയമാണ്. 1962 ലെ യുദ്ധത്തിലടക്കം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളില്‍ എല്ലായ്പ്പോഴും ഇന്ത്യക്കാണ് പരാജയം സംഭവിച്ചുകൊണ്ടിരുന്നത്. ഇതിനൊരു മാറ്റം വന്നത് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്. ചൈനയുമായി കഴിയാവുന്നത്ര സൗഹാര്‍ദ്ദം പുലര്‍ത്തുമ്പോള്‍തന്നെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന ആ രാജ്യത്തിന്റെ മുഷ്ക്കിനു കീഴടങ്ങേണ്ടതില്ലെന്ന നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സൈനിക ഹുങ്ക് കാണിച്ചാല്‍ അതേ ഭാഷയില്‍ മറുപടി നല്‍കാനും തീരുമാനിച്ചു. ഈ നയത്തിന്റെ വിജയമാണ് ഒടുവില്‍ ലഡാക്കിലും കണ്ടത്. സ്വാഭാവികമായും ദേശസ്നേഹികള്‍ക്ക് അഭിമാനം പകരുന്ന കാര്യമാണിതെങ്കിലും ചൈനീസ് ഗാന്ധി മറിച്ചാണ് ചിന്തിക്കുന്നത്. ശക്തമായ നിലപാടുകളിലൂടെ ഇന്ത്യക്ക് മേല്‍ക്കൈ ലഭിക്കുമെന്നാകുമ്പോള്‍ ചൈനയ്ക്ക് അനുകൂലമായി രംഗത്തുവരികയെന്നത് പപ്പുവിന്റെ രീതിയാണ്.
ലഡാക്കിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ്സ് സ്വീകരിച്ച നിഷേധാത്മക നിലപാടിനെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രൂക്ഷമായി പരിഹസിക്കുകയുണ്ടായി. ”കൈയ്ക്ക് വേദന വന്നാല്‍ മരുന്നു കഴിക്കാം. എന്നാല്‍ കൈതന്നെ വേദനയായാല്‍ എന്തു ചെയ്യും” എന്ന ഉറുദു കവി മിര്‍സ ഗാലിബിന്റെ വരികള്‍ ഉദ്ധരിച്ചാണ് രാജ്നാഥ് സിങ് പ്രതികരിച്ചത്. ‘കൈ’ കോണ്‍ഗ്രസ്സിന്റെ ചിഹ്നമാണല്ലോ. 2017 സെപ്തംബറില്‍ അതിര്‍ത്തിയിലെ ദോക്ലാം സംഘര്‍ഷത്തിലും രാജ്യതാല്‍പ്പര്യത്തിനെതിരായ നിലപാടാണ് രാഹുല്‍ സ്വീകരിച്ചത്. അന്നും അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിലേക്ക് അതിക്രമിച്ച് കയറിയ ചൈനീസ് സൈന്യത്തിന് ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കീഴടങ്ങേണ്ടിവന്നു. ദോക്ലാമില്‍ ചൈനീസ് സൈന്യം ഏകപക്ഷീയമായി പിന്മാറുകയായിരുന്നു. മോദി സര്‍ക്കാരിന്റെ വന്‍ വിജയമായാണ് നയതന്ത്ര ലോകം ഇതിനെ വിലയിരുത്തിയത്.
ദോക്ലാമിലെ ചൈനീസ് കടന്നുകയറ്റം ഇന്ത്യക്ക് തടയാനാവുമായിരുന്നുവെന്നും, ഇപ്പോള്‍ എന്താണ് അവിടുത്തെ സ്ഥിതിയെന്ന് തനിക്ക് അറിയില്ലെന്നുമാണ് ഇംഗ്ലണ്ടില്‍ ചെന്ന് രാഹുല്‍ പറഞ്ഞത്. ചൈനീസ് സൈനികര്‍ ഇപ്പോഴും ദോക്ലാമിലുണ്ടെന്നു കൂട്ടിച്ചേര്‍ക്കാനും മറന്നില്ല. രാജ്യത്തിന്റെ ഔദ്യോഗിക തീരുമാനങ്ങളെയും നയങ്ങളെയും വിദേശ രാജ്യങ്ങളില്‍ ചെന്ന് വിമര്‍ശിക്കരുതെന്ന കീഴ്വഴക്കം തെറ്റിക്കുകയായിരുന്നു രാഹുല്‍. ചൈനയ്ക്കെതിരെ ഇന്ത്യ വിജയം നേടരുതെന്നും, അങ്ങനെ സംഭവിച്ചുപോയാല്‍ തങ്ങള്‍ അത് അംഗീകരിക്കില്ലെന്നുമുള്ള മനോഭാവമാണിത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസ്സ് അധികാരത്തിലിരുന്നപ്പോഴൊക്കെ ചൈനയ്ക്ക് കീഴടങ്ങി അഭിമാന ശൂന്യമായി കഴിയേണ്ടിവന്നു.
ദോക്ലാം സംഘര്‍ഷം നിലനില്ക്കുമ്പോള് ഇന്ത്യയിലെ ചൈനീസ് അംബാസഡറുമായി രണ്ട് പ്രാവശ്യം രാഹുല്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമാവുകയുണ്ടായി. വ്യാജ വാര്‍ത്തയാണെന്നു പറഞ്ഞ് ആദ്യം കോണ്‍ഗ്രസ്സ് ഇത് നിഷേധിച്ചെങ്കിലും പിന്നീട് വിവരങ്ങള്‍ പുറത്തുവന്നതോടെ സമ്മതിക്കേണ്ടിവന്നു. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ചൈനീസ് എംബസി തന്നെ പുറത്തുവിട്ടത് കോണ്‍ഗ്രസിനെ വെട്ടിലാക്കി. ദോക്ലാം വിഷയത്തില്‍ ഇന്ത്യക്ക് എതിരായ നിലപാട് എടുത്തിരുന്നപ്പോഴാണ് ചൈനീസ് അധികൃതരുമായി രാഹുല്‍ രഹസ്യകൂടിക്കാഴ്ചകള്‍ നടത്തിയത്. രണ്ടും തമ്മിലെ ബന്ധം വ്യക്തമാണ്. ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നതായി രാഹുലും പിന്നീട് സമ്മതിക്കുകയുണ്ടായി. ചൈനീസ് ഗാന്ധിയാണ് താനെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്നതാണ് ഇവയൊക്കെ.
പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ്ങിനെ തഴഞ്ഞ്, കോണ്‍ഗ്രസ്സ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയെയാണ് 2008 ലെ ബിജീങ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ പ്രതിനിധിയായി ചൈന ക്ഷണിച്ചത്. ഇത് വലിയ വിവാദമാവുകയുണ്ടായി. രാജ്യത്തിന്റെ ഭരണത്തലവനെക്കാള്‍ തങ്ങള്‍ക്ക് സ്വീകാര്യ സോണിയയാണെന്ന് വ്യക്തമാക്കുകയായിരുന്നു ചൈന. തങ്ങളുടെ സാമ്രാജ്യത്വ വികസന മോഹങ്ങള്‍ക്ക് ചുവപ്പു പരവതാനി വിരിക്കുന്ന ഒരു ദുര്‍ബ്ബല ഭരണകൂടമായിരിക്കണം ഇന്ത്യയില്‍ ഉണ്ടാവേണ്ടതെന്ന് ചൈന എപ്പോഴും ആഗ്രഹിക്കുന്നു. സോണിയ സൂപ്പര്‍ പ്രധാനമന്ത്രിയായിരുന്ന 2004-2014 കാലയളവിലെ കോണ്‍ഗ്രസ്സ് ഇത്തരത്തില്‍ ഒന്നായിരുന്നു. ചൈനീസ് വിധേയത്വം അമ്മയില്‍നിന്ന് മകനിലേക്ക് പകരുന്നതായും രാഹുലിന്റെ ചൈനീസ് അനുകൂല പരാമര്‍ശങ്ങളില്‍ കാണുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്ന മനോഭാവമാണ് ചൈനയുടെ കാര്യത്തില്‍ സോണിയയും രാഹുലും പുലര്‍ത്തുന്നത് എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.
2019 ഡിസംബറില്‍ ലോക്സഭയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യസുരക്ഷയെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ വിഷയം അവതരിപ്പിക്കുന്ന കോണ്‍ഗ്രസ്സ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ തൊട്ടുപിന്നിലിരുന്ന് സുഖമായി ഉറങ്ങുന്ന രാഹുലിനെയാണ് ലോകം കണ്ടത്. 2016ല്‍ ലോക്സഭയില്‍ കശ്മീര്‍ പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോഴും രാഹുല്‍ ഉറക്കത്തിലായിരുന്നു. 1948 മുതല്‍ ഐക്യരാഷ്ട്ര സഭ നിരീക്ഷിച്ചുപോരുന്ന കശ്മീര്‍, എങ്ങനെ ഇന്ത്യയുടെ ആഭ്യന്തര വിഷയമാവും എന്നാണ് ഈ നേതാവ് ഒരിക്കല്‍ പാര്‍ലമെന്റില്‍ ചോദിച്ചത്. വിവരക്കേടും ദേശവിരുദ്ധ മനോഭാവവും ഒന്നിക്കുന്നതാണ് ഇവിടെ കണ്ടത്.
ചൈനക്കെതിരെ ഒന്നും മിണ്ടിപ്പോകരുത് എന്നതാണ് കോണ്‍ഗ്രസ്സിലെ അവസ്ഥ. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ചൈനയെ വിമര്‍ശിച്ച് ട്വീറ്റു ചെയ്ത ലോക്സഭയിലെ കോണ്‍ഗ്രസ്സ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്ക് മണിക്കൂറുകള്‍ക്കകം അത് റദ്ദാക്കേണ്ടിവന്നു. ‘ചൈനയെ മഞ്ഞ സാമ്രാജ്യത്വ മോഹി’ എന്നു വിശേഷിപ്പിച്ച ചൗധരി, ‘വിഷപ്പാമ്പുകളുടെ വിഷമിറക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് കഴിയുമെന്നും’ പറയുകയുണ്ടായി. ചൈനയുടെ അധിനിവേശം ചെറുത്തുകൊണ്ടിരിക്കുന്ന തായ്വാനെ സ്വതന്ത്ര രാഷ്ട്രമായി എത്രയും വേഗം അംഗീകരിക്കാന്‍ മോദി സര്‍ക്കാരിനോട് ചൗധരി ആവശ്യപ്പെടുകയും ചെയ്തു. ഈ വാക്കുകളാണ് വിശദീകരണമൊന്നുമില്ലാതെ കോണ്‍ഗ്രസ്സ് നേതാവ് പിന്‍വലിച്ചത്. സോണിയയും രാഹുലും നയിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ചൈന ഏതോവിധത്തില്‍ ഹൈജാക്കു ചെയ്തിരിക്കുന്നു എന്നുവേണം ഇതില്‍നിന്നൊക്കെ മനസ്സിലാക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: