ആലപ്പുഴ: അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്ക് പിന്നാലെ കരിമണല്‍ ഖനനത്തിലും സിപിഐക്ക് ഇടതുമുന്നണിയില്‍ പുല്ലുവില. ഘടകകക്ഷികള്‍ ഒന്നാകെ സിപിഎമ്മിന് പിന്നില്‍ ചേക്കേറുമ്പോള്‍ സിപിഐ മുന്നണിയില്‍ ഒറ്റപ്പെടുന്നു. ആലപ്പുഴ തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സിപിഐ, സിപിഎമ്മുമായി നേരിട്ട് ഏറ്റുമുട്ടുകയാണ്. എന്നാല്‍ മുന്നണിയിലെ മറ്റു കക്ഷികളൊന്നും തന്നെ സിപിഐയെ പിന്തുണയ്‌ക്കാന്‍ തയ്യാറായിട്ടില്ല.
സിപിഐ നേതാക്കളെയും, ജില്ലയില്‍ നിന്നുള്ള സിപിഐ മന്ത്രിയായ പി. തിലോത്തമനെയും സിപിഎം നേതാക്കള്‍ പരസ്യമായി അവഹേളിക്കുകയാണ്. സിപിഎം മാത്രമല്ല, പോഷക സംഘടനകളായ ഡിവൈഎഫ്‌ഐ, സിഐടിയും സംഘടനകളും സിപിഐക്കെതിരെ തുറന്ന വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. അതിനിടെ മന്ത്രി പി.തിലോത്തമനും സിപിഐയ്‌ക്കുമെതിരെ സിപിഎം ജില്ലാസെക്രട്ടറി എല്‍ഡിഎഫിന് കത്തുനല്‍കി. സര്‍ക്കാര്‍ നിലപാടിനെതിരെ മന്ത്രിയും പാര്‍ട്ടിയും നിലപാടെടുക്കുന്നു എന്നാണ് പരാതി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എ.എം. ആരീഫ് ജയിച്ചത് തിലോത്തമന്റെ പിന്തുണ കൊണ്ടാണെന്ന് മറക്കരിതെന്ന് സിപിഐ ജില്ലാസെക്രട്ടറി ടി.ജെ.ആഞ്ചലോസ് തിരിച്ചടിച്ചു. തിലോത്തമന്‍ ജയിക്കുന്നത് സിപിഎം വോട്ടുകൊണ്ടാണെന്ന് സിപിഎം ജില്ലാസെക്രട്ടറി ആര്‍. നാസര്‍ മറുപടിയും നല്‍കി.സിപിഐ ജില്ലാ സെക്രട്ടറി അല്‍പ്പത്തരം പറയുകയാണെന്നും, ചേര്‍ത്തല മണ്ഡലം വിട്ടുനല്‍കിയതുതന്നെ ഔദാര്യമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതോടെ കരിമണലുമായി ബന്ധപ്പെട്ട് ജില്ലയില്‍ സിപിഎം, സിപിഐ ഭിന്നത് പൊട്ടിത്തെറിയുടെ വക്കിലാണ്.
സിഐടിയു കരിമണല്‍ കടത്തിന് ഒത്താശ ചെയ്യുകയാണെന്ന് എഐടിയുസി ജില്ലാ സെക്രട്ടറി വി. മോഹന്‍ദാസ് ആരോപിച്ചു. കുട്ടനാട്ടുകാരെയും തീരവാസികളെയും ഒരേ സമയം കബളിപ്പിച്ച് കോടികള്‍ മതിപ്പുള്ള കരിമണല്‍ കടത്തിനു സിഐടിയു കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുമേഖലയിലോ, സ്വകാര്യമേഖലയിലോ കരിമണല്‍ ഖനനം പാടില്ലെന്നാണ് സിപിഐ നിലപാട്. കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് സിപിഐയുടെ മുതിര്‍ന്ന നേതാവായ മന്ത്രി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ വെച്ചുപിടിപ്പിച്ച കാറ്റാടി മരങ്ങള്‍ കരിമണല്‍ ഖനനത്തിന് സൗകര്യം ഒരുക്കുന്നതിന് പിണറായി സര്‍ക്കാര്‍ വെട്ടി നിരത്തി.
പരിസ്ഥിതിയെ ബാധിക്കുന്ന വിഷയങ്ങളിലൊക്കെ തന്നെ സിപിഐ കാഴ്ചക്കാരാക്കി സിപിഎം ഏകപക്ഷീയമായി മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഒടവിലത്തെ ഉദാഹരണങ്ങളാണ് തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനവും, അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്ക് പച്ചക്കൊടി നല്‍കിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: