ലോക്ഡൗണ്‍ അനുഭവങ്ങള്‍ എല്ലാവര്‍ക്കും പലതാണ്. രണ്ടു മാസക്കാലം ചിലര്‍ സ്വന്തം നാടുകളിലേക്ക് പോകാന്‍ ആകാതെ ഒറ്റപെട്ടുപോയെങ്കില്‍ ചിലര്‍ക്ക് അത് കുടുംബത്തോടൊപ്പം ചിലവിടാന്‍ അവിചാരിതമായി കിട്ടിയ അനുഗ്രഹവുമായി. ചിലര്‍ ആണെങ്കില്‍ അത് കലാപരമായ വാസനകള്‍ ഉപയോഗപ്പെടുത്താനും ഉപയോഗിച്ചു. ഈ കാലയളവില്‍ മൈക്രോ ഗ്രീന്‍ കൃഷിയിലൂടെ ഭക്ഷണത്തിന് ആവശ്യമുള്ള പച്ചക്കറി കണ്ടെത്തിയിരിക്കുകയാണ് അനു.
ഇടുക്കി ജവഹര്‍ നവോദയ സ്‌കൂളിലെ കായികാധ്യാപികയായ ഇവര്‍ക്കും അവിചാരിതമായി കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കിട്ടിയതാണ് ഈ ലോക്ഡൗണ്‍. പച്ചക്കറി ലഭ്യത കുറഞ്ഞതോടെ ആണ് എന്തുകൊണ്ട് ആവശ്യമുള്ള പച്ചക്കറി വീട്ടില്‍ തന്നെ കൃഷി ചെയ്തു കൂടാ എന്ന ചിന്തയിലാണ് മൈക്രോ ഗ്രീനിന്നെ കുറിച്ച് ആലോചിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇതിനെ കുറിച്ച് ചെറിയ തിരച്ചിലും നടത്തി. തൃശ്ശൂര്‍ സ്വദേശി ആയ ചെറിയ കുട്ടി നടത്തിയ കൃഷി കണ്ടതോടെ പ്രചോദനമായി.
മുന്‍ വര്‍ഷങ്ങളില്‍ ഭര്‍ത്താവും മക്കളുമൊത്ത് ടൂര്‍ പോയാണ് അവധിക്കാലം ആഘോഷിച്ചത്. എന്നാല്‍ ഇത്തവണത്തേത് ഒരു വ്യത്യസ്ത അനുഭവമായി. മറ്റ് കൃഷികള്‍ പോലെ മണ്ണും വളവുമൊന്നും വേണ്ട എന്നതാണ് ഈ കൃഷിയുടെ പ്രത്യേകത. വിത്ത് മുളപ്പിക്കുന്നതിനായി പഴയ പേപ്പറുകളും തുണികളും ഉപയോഗ ശൂന്യമായ പാത്രങ്ങളോ കുപ്പികളോ മതി. കൂടാതെ മറ്റ് പച്ചക്കറികളേക്കാള്‍ പോഷകമൂല്യമുള്ളതാണ് മൈക്രോഗ്രീന്‍ എന്ന തിരിച്ചറിവ് കൂടിയാണ് ഇതിലേക്ക് തിരിയാന്‍ കാരണം. മാത്രമല്ല വളരെ കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ഇത് ഭക്ഷ്യയോഗ്യമാകും.
വന്‍ പയര്‍, ചെറുപയര്‍, കടല, മുതിര, ഗ്രീന്‍പീസ്, ഉലുവ, തുവരപ്പയര്‍, റാഗി, മല്ലി, കടുക് എന്നിങ്ങനെ പത്തോളം വിത്തുകളാണ് അനു മൈക്രോഗ്രീന്‍ കൃഷിക്കായി ഉപയോഗിച്ചത്. ഇതിനായി വീട്ടില്‍ ഉപയോഗ ശൂന്യമായിരുന്ന പാത്രങ്ങളും കുപ്പികളും ചട്ടികളുമെല്ലാം ഉപയോഗപ്പെടുത്തി. ഈര്‍പ്പം നഷ്ടമാകാതെ ദിവസവും കൃത്യമായി വെള്ളം നനച്ചു. നാല് ദിവസത്തിനുള്ളില്‍ ഇവ തയ്യാര്‍. ഇതില്‍ മല്ലി മാത്രമാണ് മുളയ്‌ക്കുന്നതിനായി രണ്ട് ദിവസം കൂടുതല്‍ എടുക്കുക.
ഓംലെറ്റ്, സലാഡ് എന്നിവയ്‌ക്കും, തോരനായും ഇത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കഴിക്കാനാകും. ഒരു കുടുംബത്തിന്റെ ആവശ്യത്തിനായുള്ള വിഷമേതുമില്ലാത്ത പച്ചക്കറി ഇത്തരത്തില്‍ എല്ലാവര്‍ക്കും ചെയ്‌തെടുക്കും അല്‍പം സമയം മാത്രം നല്‍കി പരിപാലിച്ചാല്‍ മതി. കത്രിക കൊണ്ട് മുറിച്ചെടുത്ത് കഴിഞ്ഞാല്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ ഇവ വീണ്ടും ഉപയോഗപ്പെടുത്താം.
മറ്റ് കൃഷി പോലെ പ്രത്യേകം പരിപാലിക്കേണ്ട ആവശ്യകതയും ഇതിനില്ല. പോഷകാംശം കൂടുതലാണെന്നും അനു പറഞ്ഞു. കൂട്ടുകുടുംബമായ തന്റെ കുടുംബത്തിന് ഈ കാലയളവില്‍ മൈക്രോഗ്രീന്‍ കൃഷി മാത്രമായിരുന്നില്ല. ആഘോഷം കൂടിയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: