ബെംഗളൂരു: കൊറോണയെ തടഞ്ഞു നിര്‍ത്തി ബെംഗളൂരു മഹാനഗരം. ന്യൂദല്‍ഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ വൈറസ് വ്യാപനം രൂക്ഷമാകുമ്പോഴാണ് മഹാനഗരങ്ങള്ക്ക് ബെംഗളൂരു മാതൃകയാകുന്നത്. രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചു വന്ന സാഹചര്യത്തിലും കൃത്യവും വ്യക്തവുമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കിയതാണ് ഈ മഹാനഗരത്തെ രക്ഷപ്പെടുത്തിയത്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുശ്രിതമായാണ് സര്‍ക്കാരും പ്രദേശിക ഭരണകൂടവും പ്രവര്ത്തിച്ചത്തെന്നു റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നു.
ഇതുവരെ ബെംഗളൂരുവില്‍ 502 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 298 പേര് രോഗമുക്തരായി ആശുപത്രി വിട്ടു. 204 പേര് ചികിത്സയിലുണ്ട്. കൊറോണ ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്ത ഒരാള്‍ ഉള്‍പ്പെടെ 16 പേര് മരിച്ചു. ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച് ഒന്‍പതിന്, ടെക്സാസില്‍ നിന്നെത്തിയ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ക്ക്. ഇതോടെ മാര്‍ച്ച് രണ്ടാം ആഴ്ച മുതല്‍ ഐടി/ബിടി മേഖലയിലുള്ളവരും അവശ്യമേഖല ഒഴിച്ചുള്ള സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരും ജോലി ചെയ്യുന്നത് വീടുകളില്‍ നിന്നാക്കി. റെസിഡന്റ് വെല്‍ഫയര്‍ അസോസിയേഷനുകളുമായി ചേര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
ട്രെയിസിങ്, ടെസ്റ്റിങ്, ട്രീറ്റിങ് ഫോര്‍മുലയാണ് നടപ്പാക്കിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചു. ഓരോ രോഗിയെയും പഠിച്ചു. രോഗികളുടെ യാത്രാവഴികള്‍ മനസ്സിലാക്കി പ്രസിദ്ധീകരിച്ചു. സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തി ക്വാറന്റൈനിലാക്കി. വിമാനത്താവളങ്ങളില്‍ മുഴുവന്‍ യാത്രക്കാരെയും പരിശോധിച്ചു. ലക്ഷണങ്ങള്‍ ഉള്ളവര്‍, കൊറോണ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തിയവര്‍, രോഗലക്ഷണില്ലാത്തവര് എന്നിങ്ങനെ തിരിച്ചു. ആദ്യ രണ്ടു വിഭാഗത്തില്‍പ്പെട്ടവരെ 28 ദിവസം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ക്വാറന്റൈന് നിശ്ചയിച്ചവരുടെ കൈകളില്‍ മുദ്രപതിപ്പിച്ച് റെസിഡന്റ് അസോസിയേഷനെ അറിയിച്ചു. ക്വാറന്റൈന് ലംഘിച്ചവര്‍ക്കെതിരെ കേസെടുത്തു. ക്വാറന്റൈനില്‍ കഴിയുന്ന 50 പേര്‍ക്കായി ആരോഗ്യ, പോലീസ്, റവന്യു വകുപ്പ് ഉള്‍പ്പെടുന്ന പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു.
മാര്‍ച്ച് രണ്ടാം വാരം മുതല്‍ സ്കൂള്‍, കോളേജുകള്‍ക്ക് അവധി നല്കി. വിവാഹങ്ങളും മറ്റും മാറ്റിവയ്പ്പിച്ചു. പൊതുപരിപാടികള്‍ റദ്ദാക്കി. പാര്‍ക്കുകളും വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു. എല്ലാ വാര്‍ഡുകളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചു. ലക്ഷണമുള്ളവരുടെ സ്രവം പരിശോധിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ ആള്ക്കാര് വീടിനു പുറത്തിറങ്ങാതിരിക്കാന്‍ പോലീസും ആരോഗ്യ വകുപ്പ് അധികൃതരും കര്‍ശന ജാഗ്രത പുലര്‍ത്തി. പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ വീടുകളിലെത്തിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് മൂന്നു നേരവും ബെംഗളൂരു കോര്‍പ്പറേഷനില്‍ നിന്ന് സൗജന്യമായി ഭക്ഷണം നല്കി. വകുപ്പുകള്‍ തമ്മിലുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിച്ചു. എല്ലാ വീടുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രായമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മറ്റസുഖങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: