ഉമിക്കരിയും കാരവുമൊക്കെ ഗ്രാമങ്ങളിലേക്ക് തിരിച്ചു വരികയാണ്. ഇവ തേടി നഗരങ്ങളിലേക്ക് ആരും പോകേണ്ടതില്ല. അഥവാ പോയാലും അവിടങ്ങളില്‍ കിട്ടണമെന്നുമില്ല. ഇത്തരം നാടന്‍ വസ്തുക്കള്‍ വീട്ടുകാരെത്തേടി വീട്ടുമുറ്റത്തേക്ക് വരുന്ന തരത്തില്‍ ഗ്രാമങ്ങളില്‍ കൊറോണ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു.
വില തുച്ഛം,ഗുണം മെച്ചം എന്ന പഴയ ആപ്തവാക്യവും ഇവിടങ്ങളില്‍ പുനര്‍ജ്ജനിക്കുകയാണ്. മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ബ്രാന്‍ഡ് നോക്കി പേസ്റ്റ് ഉപയോഗിച്ച് ശീലിച്ച നമുക്ക് ഉമിക്കരിയിലേക്കുള്ള മടക്കയാത്ര അത്ര എളുപ്പമാകുമായിരുന്നില്ല. ഓരോരോ രുചികളില്‍ കുട്ടികള്‍ക്കും വലിയവര്‍ക്കും ഒക്കെയായി കമ്പനികള്‍ മത്സരിച്ച് പേസ്റ്റുകള്‍ പുറത്തിറക്കുമ്പോള്‍ അവരും വിചാരിച്ചിരിക്കില്ല, കുറേപ്പേരെങ്കിലും പഴയകാലത്തിലേക്ക് തിരിച്ചുപോകുമെന്ന്.
ഇന്ന് നാടന്‍ നിത്യോപയോഗ വസ്തുക്കള്‍ വീട്ടുമുറ്റത്തേക്ക് എത്തുകയാണ്. പണ്ടൊക്കെ ഓണക്കാലത്ത് വളയും മാലയും ഒക്കെ വീട്ടില്‍ കൊണ്ടുവന്ന് വിറ്റിരുന്നതുപോലെ ഇന്ന് നിത്യോപയോഗ വസ്തുക്കളും വീടുകളില്‍ കൊണ്ടുവന്ന് വില്‍ക്കുന്നവര്‍ സജീവമായുണ്ട്. ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം കച്ചവടം പൊടിപൊടിക്കുന്നത്. പെട്ടി ഓട്ടോകളിലോ മറ്റോ സാധനങ്ങള്‍ കയറ്റി കച്ചവടത്തിനിറങ്ങും. ഗ്രാമങ്ങളിലെ ഇടവഴികളില്‍ വീട്ടമ്മമാരെ ലക്ഷ്യമാക്കി ഈ വാഹനം എത്തും. അതില്‍ ഉമിക്കരി മുതല്‍ പലവ്യഞ്ജനം,പച്ചക്കറി,ഉള്‍പ്പടെ വീട്ടുസാധനങ്ങള്‍ എല്ലാമുണ്ടാകും. ഇവിടെ നിന്നാണ് നാട്ടുമ്പുറത്തുകാര്‍ക്ക് ഉപഭോഗ ശീലങ്ങളില്‍ മാറ്റം വന്നുതുടങ്ങുന്നത്.
സാധനങ്ങള്‍ക്ക് വലിയ ചെലവാണെന്ന് ഓണാട്ടുകരയുടെ നാട്ടിടവഴികളില്‍ നാടന്‍ വീട്ടുസാധനങ്ങള്‍ വില്‍ക്കുന്ന അജ്മല്‍ പറയുന്നു. കൊറോണക്കാലത്ത് ആളുകള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റുകളില്‍പ്പോയി സാധനങ്ങള്‍ വാങ്ങേണ്ട എന്ന സൗകര്യം മാത്രമല്ല, വിലക്കുറവുണ്ടെന്ന പ്രത്യേകതയുമുണ്ട്. പലരും വില പേശിയാണ് സാധനങ്ങള്‍ വാങ്ങുന്നത് എന്നതുകൊണ്ട് വലിയ കടകളില്‍ അവര്‍ പറയുന്നവിലയ്‌ക്ക് സാധനങ്ങള്‍ വാങ്ങേണ്ടതില്ല എന്ന പ്രത്യേകതയുമുണ്ട്. ലോക്ഡൗണ്‍ പഠിപ്പിച്ച സാമ്പത്തിക അച്ചടക്കമെന്ന ശീലത്തിനും അനുഗുണമാണ് ഈ കച്ചവടരീതി. കൂടാതെ ഉമിക്കരി, കാരം, ഉണക്കമീന്‍, കുന്തിരിക്കം, ഈര്‍ക്കില്‍ ചൂല്, നാരങ്ങാ മിഠായി തുടങ്ങിയ നാടന്‍ സാധനങ്ങള്‍ക്കുള്ള ഡിമാന്റ് പഴമയിലേക്കുള്ള ശുഭസൂചകമായ തിരിച്ചുപോക്കാണെന്ന് അജ്മല്‍ സാക്ഷ്യപ്പെടുത്തുന്നു.
കുതിരവണ്ടിയിലും കച്ചവടം
കഴിഞ്ഞദിവസം ലോക്ഡൗണ്‍ വിജനമാക്കിയ റോഡില്‍ കുതിരക്കുളമ്പടിയൊച്ച കേട്ട് ചെന്നപ്പോഴാണ് കച്ചവടത്തിന്റെ പുതിയ മാനം കണ്ടറിഞ്ഞത്. രണ്ടു ചെറുപ്പക്കാര്‍ കുതിരയെക്കെട്ടിയ വണ്ടിയില്‍ പച്ചക്കറിക്കച്ചവടം നടത്തുന്നു. തിരക്കിയപ്പോഴാണ് വെറും കൗതുകക്കാഴ്ച മാത്രമല്ല, ആ ‘കുതിരക്കച്ചവട’ത്തില്‍ ഒരു അതിജീവനത്തിന്റെ കഥയുണ്ടെന്നറിഞ്ഞത്.
അവര്‍ക്ക് അഞ്ചാറ് കുതിരകളുണ്ട്. ഇവന്റ് മാനേജ്മെന്റ് ആവശ്യങ്ങള്‍ക്കും ഉത്സവാദി കാര്യങ്ങള്‍ക്കും വിട്ടിരുന്ന അവ ലോക്ഡൗണ്‍ ആയതോടെ പരിപാടികള്‍ ഇല്ലാതായി, പട്ടിണിയിലായി. തുടരാലോചനയിലാണ് അവര്‍ക്ക് ഒരു ആശയം ഉദിച്ചത്. കുതിരകളെ വണ്ടിയില്‍ക്കെട്ടി കച്ചവടത്തിനിറങ്ങുക. കച്ചവടം ഹിറ്റായി. കൗതുകക്കാഴ്ച കാണാനെത്തുന്നവര്‍പോലും പച്ചക്കറി വാങ്ങി മടങ്ങുന്നു. കുതിരയ്‌ക്ക് ആഹാരത്തിനും ചെറുപ്പക്കാര്‍ക്ക് വീട്ടുചെലവിനും കാശായി. കഴിഞ്ഞ ഒന്നരമാസമായി ഇവര്‍ ഇത് തുടരുകയാണ്.
മീന്‍ തേടി പുഴകളിലേക്കും കായലുകളിലേക്കും
കെറോണക്കാലത്ത് സാധനങ്ങളും സൗകര്യങ്ങളും നമ്മെത്തേടി വീട്ടിലേക്കെത്തുകയാണെങ്കില്‍ മത്സ്യത്തിന്റെ കാര്യത്തില്‍ സ്ഥിതി മറിച്ചാണ്. നല്ല മീന്‍ കിട്ടണമെങ്കില്‍ പുഴക്കരയിലോ കായലോരത്തോ പോകണം. അടുത്തിടെ കേടായ മല്‍സ്യങ്ങളുടെ വിപണിയായി കേരളക്കര മാറിയതോടെയാണ് പിടയ്‌ക്കുന്ന മീനിനായി ആളുകള്‍ ജലാശയങ്ങളിലേക്ക് നീങ്ങിയത്.
മീന്‍പിടിയ്‌ക്കുന്നവരില്‍ നിന്നും വാങ്ങുക മാത്രമല്ല ലക്ഷ്യം, വലയെറിയാനും ചൂണ്ടയിടാനും ചെറുപ്പക്കാര്‍ നിരവധിയെത്തി. ലോക്ഡൗണ്‍ കാലത്ത് തൊഴിലില്ലാതെയിരിക്കുന്നവര്‍ ഇത്തരത്തില്‍ അന്നംതേടിയിറങ്ങിയതും പുതുമയായി. മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങളിലും കൊറോണക്കാലത്ത് നല്ല കച്ചവടമായിരുന്നു.
പൂമാലയ്‌ക്കു പകരം രാമച്ചമാല ഹിറ്റ്
കൊറോണക്കാലത്ത് ആചാരാനുഷ്ഠാനങ്ങള്‍ക്ക് മാറ്റം വരുത്താതിരിക്കാന്‍ വിശ്വാസികള്‍ ആവുന്നത്ര ശ്രമിക്കുകയും അത് വിജയപഥത്തിലെത്തിക്കുകയും ചെയ്തു. എന്നാല്‍ സാഹചര്യങ്ങള്‍ക്കനുസൃതമായ മാറ്റം അവിടെയുമുണ്ടായി. ക്ഷേത്രങ്ങളിലും മറ്റ് ആദ്ധ്യാത്മിക കേന്ദ്രങ്ങളിലും പൂജകള്‍ക്ക് വരവു പൂവുകള്‍ക്കു പകരം നമ്മുടെ തന്നെ തൊടികളിലെ തെച്ചിയും തുളസിയും സ്ഥാനം പിടിച്ചു.
തമിഴ്നാട് ഉള്‍പ്പടെ പൂക്കള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന ഇടങ്ങളില്‍ നിന്നു കൊണ്ടുവരുന്ന പൂമാലകള്‍ ദേവന് ചാര്‍ത്തിക്കൊണ്ടിരുന്നിടത്ത് അമ്മമാര്‍ വ്രതശുദ്ധിയോടെ പൂമാലകള്‍ കെട്ടി ക്ഷേത്രജീവനക്കാരെ ഏല്‍പ്പിച്ച് വിഗ്രഹത്തില്‍ ചാര്‍ത്തുവാന്‍ തുടങ്ങി. ഒരു പടികൂടിക്കടന്ന് കല്യാണങ്ങള്‍ക്ക് പൂമാലയ്‌ക്കുപകരം രാമച്ചമാല ഹിറ്റായതും ഈ കൊറോണക്കാലത്തിന്റെ സവിശേഷതയായി. തിരുവല്ല പെരിങ്ങര ക്ഷേത്രത്തിനു സമീപം ശ്രീ വിനായകാ ഫഌവേഴ്സ് എന്ന പേരില്‍ പൂക്കട നടത്തുന്ന ഇന്ദിരാമ്മയാണ് രാമച്ചമാല കല്യാണങ്ങള്‍ക്ക് ഹാരമാക്കിയത്.
തമിഴ്നാട്ടില്‍ നിന്ന് പൂക്കള്‍ വരാതായതോടെ കല്യാണങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുത്തവര്‍ക്ക് പൂമാല കൊടുക്കാനില്ലാതെ കുഴങ്ങി. അപ്പോള്‍ ഉദിച്ച ആശയമാണ് രാമച്ചമാല. വീട്ടുകാര്‍ക്കും മാല ഇഷ്ടമായതോടെ ലോക്ഡൗണ്‍ കാലത്തെ കല്യാണങ്ങള്‍ക്ക് രാമച്ചമാല താരമായി. സാധാരണ പൂമാലകളേക്കാള്‍ വിലക്കുറവാണ് രാമച്ച മാലകള്‍ക്ക്. പക്ഷേ ഇതുണ്ടാക്കിയെടുക്കുന്നത് ശ്രമകരമായ ജോലിയാണെന്ന് ഇന്ദിരാമ്മ പറയുന്നു. ആദ്യം രാമച്ചം തല്ലിക്കുടഞ്ഞ് കഴുകി ഉണക്കും.പിന്നീട് ചീകി പരുവപ്പെടുത്തി മാലയാക്കും. ഫാന്‍സി റിങ്ങുകള്‍ കൂടി പിടിപ്പിച്ച് മനോഹരമാക്കും.78 വയസ്സുള്ള ഇന്ദിരാമ്മ കൊറോണക്കാലത്ത് തന്നാലാവുന്ന മാറ്റത്തിന്റെ കാറ്റു വീശിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: