വീടിന്റെ അവയവ കല്പനകളില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് വാതിലുകള്‍. പ്രധാന വാതിലിന്റ കട്ടിള വക്കുന്നത് ഒരു ചടങ്ങായി നടത്തുന്നതും ഈ പ്രാധാന്യത്തെ ദ്യോതിപ്പിക്കുന്നതിനാണ്. വീടിന്റ വാതിലുകള്‍ പ്രത്യേകിച്ചു വീടിന്റെ പ്രധാന വാതിലും കട്ടിളയും നിര്‍മിക്കുമ്പോഴും സ്ഥാപിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ശാസ്ത്ര നിര്‍ദ്ദേശങ്ങളുണ്ട്.
ഗൃഹത്തിന്റെ പ്രധാന ദ്വാരത്തിന് (കട്ടിളയ്‌ക്ക്) രണ്ട് കട്ടിളക്കാലുകളും ഒരു ചേറ്റുപടിയും(കട്ടിളക്കാലിന്റെ ചുവട്ടില്‍ വെക്കുന്ന പടി)ഒരു കുറുമ്പടിയും(മുകളില്‍ വെക്കുന്ന പടി)ഒന്നോ, രണ്ടോ വാതില്‍ പാളികളും ഉണ്ടായിരിക്കണം. ഗൃഹത്തിന്റെ പ്രധാന വാതിലിന്റെ സ്വരൂപം മറ്റു സാധാരണ വാതിലുകളെക്കാള്‍ വലുപ്പം, അലങ്കാരം എന്നിവകളാല്‍ ശ്രേഷ്ഠമായിരിക്കുകയും വേണം.
പ്രധാന ദ്വാരത്തിന്റെ അവയവങ്ങളെല്ലാം തന്നെ ഒരേ തരം മരം(തടി) കൊണ്ട് നിര്‍മ്മിക്കാനാണ് ശാസ്‌ത്രോപദേശം. കുറുമ്പടിയും ചേറ്റുപടിയും കട്ടിളക്കാലുകളും വ്യത്യസ്ത മരവിഭാഗത്താല്‍ പണിയുന്നത് ശുഭകരമല്ല. എന്നാല്‍ കട്ടിളയുടെ അവയവങ്ങളെല്ലാം ഒരേമരത്തിലും വാതില്‍പ്പാളികള്‍ മറ്റൊരു മരത്തിലും പണിയുന്നതു കൊണ്ട് ദോഷമില്ല.
കട്ടിള നിര്‍മ്മിക്കുമ്പോള്‍ ചേറ്റുപടി കരിങ്കല്ലിലും മറ്റുഭാഗങ്ങള്‍ മരത്തിലും നിര്‍മ്മിക്കാവുന്നതുമാണ്. വിശേഷ നിര്മിതികള്‍ക്കായി പൂര്‍ണമായും കരിങ്കല്‍ കട്ടിളകളും ഉപയോഗിക്കാം. പ്രധാന ദ്വാരത്തിനോ മറ്റു ആവശ്യങ്ങള്‍ക്കോ മരം സ്വീകരിക്കുമ്പോള്‍ ഒടിഞ്ഞു വീണതും, ഉണങ്ങിയതും, തീകത്തിയതും, ഇടിമിന്നലേറ്റതും, ദേവാലയ സമീപത്തോ ശ്മശാന സമീപത്തോ നിന്നതോ ആയവയെ വര്‍ജിക്കുകയും വേണം.
കട്ടിള വീടിനും ദിക്കിനും ചേര്‍ന്ന ചുറ്റളവുകളോടും പദയോനിപ്പെടുത്തിയ ദീര്‍ഘ വിസ്താരങ്ങളോടും ചേര്‍ന്നതാകണം. അളവുകള്‍ വിരല്‍ കണക്കില്‍ ക്രമപ്പെടുത്തിയാലും മതിയാകും. ചേറ്റുപടിയുടേയും കുറുമ്പടിയുടേയും അകം തമ്മിലുള്ള അകലം ദ്വാരത്തിന്റെ ദീര്‍ഘവും കട്ടിളക്കാലുകളുടെ അകം തമ്മിലുള്ള അകലം ദ്വാരത്തിന്റെ വിസ്താരവുമാണ്. കട്ടിളക്കാലുകള്‍ക്ക് ഉത്തരത്തോളം വിസ്താരവും അതിന്റെ 3/4, 2/3, 1/2 ഭാഗം കനവും വേണം. കുറുമ്പടി, കനം ഒരംശം കൂടിയും വാജനാദി അലങ്കാരങ്ങള്‍ ഇല്ലാത്തതുമാകണം.
വീടിന്റ പ്രധാനവാതില്‍, അങ്കണമുണ്ടെങ്കില്‍ അങ്കണ മധ്യരേഖയുടെയും ശാലാ മധ്യരേഖയുടെയും നടുവിലായി മദ്ധ്യം വരുന്ന വിധത്തിലാവണം സ്ഥാപിക്കേണ്ടത്. അങ്കണം, ഗൃഹമദ്ധ്യം, പിന്‍വാതില്‍, എന്നിവയോട് പ്രദക്ഷിണമായി ഗമനം വരുന്ന വിധം വേണം കട്ടിള സ്ഥാപിക്കാന്‍. ദിക്കിന് ചേര്‍ന്ന ദേവപദങ്ങളും പ്രധാനദ്വാരസ്ഥാനത്തിനു സ്വീകരിക്കാവുന്നതാണ്.
ഭിത്തി വണ്ണം മുഴുവന്‍ വിസ്താരം ഇല്ലാത്ത കട്ടിളകാലുകള്‍ ഭിത്തി വണ്ണത്തിനെ 12 ആയി ഭാഗം ചെയ്തു അതില്‍ 7 ഭാഗം അകത്തും 5 ഭാഗം പുറത്തും വരത്തക്ക വിധം കട്ടിള മദ്ധ്യം കണ്ടു സ്ഥാപിക്കണം.
കട്ടിളപ്പടികാലുകള്‍ ഉത്തരത്തിലേക്ക് എത്തിച്ചു ചേര്‍ക്കുന്നതിനായി ഇടക്കുള്ള ഭാഗത്തു അലങ്കാരത്തിനായി മംഗളപലകയോ(കൂരമ്പലക), കനമുള്ള പലകയോ(ഉല്ലം), ശിലയൊ സ്ഥാപിച്ചു അതിനു മുകളില്‍ കല്ല് കൊണ്ട് കെട്ടുകയോ ആവാം.
മംഗളപലകയില്‍ ഗണപതി, ശ്രീകൃഷ്ണന്‍, ലക്ഷ്മീഭഗവതി, പൂര്‍ണകുംഭം, ലതകള്‍, പൂക്കള്‍, പക്ഷികള്‍, തുടങ്ങിയ അലങ്കാരങ്ങള്‍ കൊത്താവുന്നതാണ്. അലങ്കാരത്തിനുവേണ്ടി കൊത്തുപണിചെയ്യുമ്പോള്‍ കൊത്തുന്ന രൂപങ്ങള്‍ സൗമ്യമായതും പ്രസാദം ഉളവാക്കുന്നതുമാകാന്‍ ശ്രദ്ധിക്കണം. രൗദ്രരൂപങ്ങള്‍ ചെയ്യാതിരിക്കുന്നതാണ് ഉത്തമം. മുന്‍ പറഞ്ഞ രീതിയിലുള്ള അലങ്കാരങ്ങള്‍ കട്ടിളക്കാലിലും വാതില്‍പ്പലകകളിലും ചെയ്യാവുന്നതാണ്. വാതില്‍ പലകയ്‌ക്ക് അംഗുല ക്രമത്തില്‍ കനവും നിശ്ചയിക്കണം.
പ്രധാന കട്ടിള സ്ഥാപിക്കുമ്പോള്‍ ദ്വാരത്തിന് വഴി, വൃക്ഷം, വേറൊരു വീടിന്റെയോ പുരയിടത്തിന്റെയോ കോണ്, കിണര്‍, ചെളിക്കുണ്ട്, തൂണ്, ഓട മുതലായവയില്‍നിന്നും വേധം സംഭവിക്കുവാന്‍ പാടില്ലാത്തതാണ്. തനിയെ തുറന്നടയുന്നവിധത്തിലുള്ള നിര്‍മാണവും ശുഭകരമല്ല. വീതി കുറഞ്ഞോ കൂടിയോ ഇരിക്കുന്നതും, ഉയരം കുറഞ്ഞിരിക്കുന്നതും, വളഞ്ഞിരിക്കുന്നതും ദോഷകരം തന്നെ.
ദ്വാരങ്ങള്‍ അഥവാ വാതിലുകള്‍ രണ്ടുപാളികളായി ചെയ്യുമ്പോള്‍ മദ്ധ്യത്തില്‍ സൂത്രപ്പട്ടിക സ്തനങ്ങളോടുകൂടി നിര്‍മ്മിക്കുക പതിവുണ്ട്. രണ്ടു വാതില്‍പ്പലകകള്‍ ഉള്ളിടത്ത് ഇടത്തേവാതില്‍പ്പലക (ഗൃഹത്തിനകത്ത് നിന്ന് പുറത്തേക്കുള്ള ദൃഷ്ടിയില്‍) യിലാണ് സൂത്രപ്പട്ടിക തറക്കേണ്ടത്. ഇടത്തേവാതില്‍പാളി മാതാവായും വലത്തേവാതില്‍പാളി പുത്രിയായുമാണ് ശാസ്ത്രം ഉപദേശിക്കുന്നത്. ഇപ്രകാരം വെക്കുന്ന സൂത്രപ്പട്ടികയില്‍ പിച്ചളക്കെട്ടുകളോടുകൂടി സ്തനങ്ങള്‍ അഥവാ മൊട്ടുകള്‍ ഉണ്ടാക്കുമ്പോള്‍ മൂന്ന്, അഞ്ച്, ഏഴ് തുടങ്ങി ഒറ്റസംഖ്യകളായ സ്തനങ്ങളെ നിര്‍മ്മിക്കേണ്ടതാണ്. കട്ടിളയ്‌ക്ക് ഒരു വാതില്‍ മാത്രമേ നിര്‍മ്മിക്കുന്നുള്ളൂവെങ്കില്‍ അത് ഇടത്തേ കട്ടിളക്കാലിന്‍മേല്‍ വേണം ഉറപ്പിക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക