കുട്ടമ്പുഴ: കുട്ടമ്പുഴയിലെ പിണവൂര്‍ക്കുടി, പന്തപ്ര വനവാസി മേഖലകളില്‍ യുവമോര്‍ച്ച സംസ്ഥന ജനറല്‍ സെക്രട്ടറി പി. ശ്യാംരാജ്, എറണാകുളം ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് എന്നിവര്‍ സന്ദര്‍ശനം നടത്തി, മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ വിലയിരുത്തി. കൊറോണ പശ്ചത്തലത്തില്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ പഠന സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നും അര്‍ഹരായ പലരും സര്‍ക്കാര്‍ കണ്ടെത്തിയ ഗുണഭോത്കൃത ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഊര് നിവാസികള്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റേയും അടിയന്തരശ്രദ്ധ ഈവിഷയത്തില്‍ ഉണ്ടാകണമെന്ന് ശ്യാംരാജ് ആവശ്യപ്പെട്ടു. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് അടിയന്തരമായി യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പഠന സൗകര്യമൊരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ വയനാട്, പാലക്കാട് ജില്ലകള്‍ക്ക് സമാനമായി എറണാകുളം ജില്ലയേയും ട്രൈബല്‍ വിഭാഗങ്ങള്‍ക്കായുള്ള പിഎസ്സി സ്പെഷ്യല്‍ റിക്രൂട്ട്മെന്റിന്റെ ഭാഗമായി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിബിന്‍ ബാലചന്ദ്രന്, എസ് ടി മോര്‍ച്ച പ്രസിഡന്റ് സത്യന്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് നാരായണന്, ജനറല്‍ സെക്രട്ടറി മിഥുന് മണി, സെക്രട്ടറിമാരായ സുരേന്ദ്രന്, ബിജു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: