കൊച്ചി: സംസ്ഥാനത്ത് കൊറോണ ലോക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ജില്ലയിലെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ ഇന്നലെ തുറന്നെങ്കിലും ദര്‍ശനത്തിനെത്തിയവരുടെ എണ്ണത്തില്‍ വന്‍ കുറവ്. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലെ പ്രധാന ക്ഷേത്രങ്ങളായ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രം, എറണാകുളം ശിവ ക്ഷേത്രം എന്നിവിടങ്ങളില്‍ പതിവിന് വിപരീതമായി ഭക്തരുടെ തിരക്ക് ഉണ്ടായില്ല. ആലുവ മണപ്പുറം ശിവക്ഷേത്രത്തിലും തൊഴാന്‍ എത്തിയവരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെട്ടു.
മാസ്ക് ധരിച്ചാണ് ഭക്തര്‍ എത്തിയത്. ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമാണ് ആളുകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്. ദര്‍ശനത്തിന് എത്തിയവര്‍ക്ക് തീര്‍ത്ഥവും പ്രസാദവും നല്‍കിയില്ല. സാമൂഹിക അകലം പാലിച്ചാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കിയത്.
വിഎച്ച്പിയുടെയും ക്ഷേത്രസംരക്ഷണ സമിതിയുടെയും അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തിരുവൈരാമിക്കുളം ക്ഷേത്രം, തോട്ടുവ ധന്വന്തരി ക്ഷേത്രത്തിലും ഭക്തരെ പ്രവേശിച്ചില്ല.
കൊറോണ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ ഭക്തര്‍ കൂട്ടത്തോടെ എത്തുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ഹിന്ദു സംഘടനകള്‍ അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: