ന്യൂദല്‍ഹി: ‘എന്റെ സ്ട്രൈക്ക് റേറ്റ് നോക്കൂ, ഈ കാലഘട്ടത്തില്‍ ഞാന്‍ എങ്ങനെ പിടിച്ചു നില്ക്കും’. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായ രാഹുല്‍ ദ്രാവിഡ്, തന്റെ പ്രഥമ കാലം നിലവിലെ സാഹചര്യത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നെന്ന് വിലയിരുത്തുന്നു. പ്രതിരോധം, അതായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ ജീവശ്വാസം. ആക്രമിച്ചു കളിക്കാന്‍ താത്പര്യമില്ലാത്തതല്ല, പ്രതിരോധമായിരുന്നു ജോലി. ആ ജോലി ഏറെക്കുറെ വൃത്തിയായി നിറവേറ്റിയെന്ന സന്തോഷം ഇപ്പോഴുണ്ടെന്നും സഞ്ജയ് മഞ്ച്രേക്കറുമൊത്തുള്ള വീഡിയൊ അഭിമുഖത്തില്‍ ദ്രാവിഡ് വ്യക്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റിന്റെ ശൈലിയും പ്രാധാന്യവും മാറി. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും പോലുള്ളവര്‍ കളിയെ പുതിയ തലത്തിലെത്തിച്ചു. എന്റെ കാലഘട്ടം ഇതായിരുന്നെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കില്ലായിരുന്നു. എന്റെ സ്ട്രൈക്ക് റേറ്റ് നോക്കൂ. സച്ചിന്റെയോ സെവാഗിന്റെയോ അടുത്തൊന്നും ഞാനില്ല.
തിളങ്ങുന്ന പന്തുമായി പാഞ്ഞടുക്കുന്ന ബൗളര്‍മാരെ ക്ഷീണിപ്പിക്കുക, പന്തിന്റെ തിളക്കം കളയുക, പിറകെ വരുന്നവര്‍ക്ക് ബാറ്റിങ് അനായാസമാക്കുക… ഇതായിരുന്നു തന്റെ പ്രധാന ജോലിയെന്നും ദ്രാവിഡ് പറഞ്ഞു. ഇന്നും പ്രതികൂല ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ആയുധമാണ് പ്രതിരോധമെന്ന് ആവര്‍ത്തിക്കുകയാണ് ദ്രാവിഡ്. പ്രതിരോധമായിരുന്നു തന്റെ കഴിവ്. ഏകാഗ്രതയും ശാന്തതയും തന്നെ മികച്ച ടെസ്റ്റ് താരമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നെന്നും ദ്രാവിഡ് പറയുന്നു.
ടെസ്റ്റ് താരമാകാനായിരുന്നു തുടക്കകാലം മുതല്‍ ഇഷ്ടം. അന്ന് ക്രിക്കറ്റില്‍ പിടിച്ചുനില്ക്കണമെങ്കില് ടെസ്റ്റ് താരമാകണം. ഇന്നതല്ല സ്ഥിതി. ട്വന്റി20യും ഏകദിനവും താരങ്ങളെ അന്താരാഷ്ട്ര തലത്തില്‍ നിലനിര്‍ത്തും. എങ്കിലും കോഹ്ലിയും കെയ്ന്‍ വില്യംസണും സ്റ്റീവ് സ്മിത്തുമെല്ലാം ഏതു ഫോര്‍മാറ്റും കളിക്കാന്‍ പ്രാപ്തരാണ്. ഒരു താരത്തിന്റെ പൂര്‍ണ്ണ കഴിവ് തിരിച്ചറിയാനാകുന്നത് ടെസ്റ്റ് ക്രിക്കറ്റിലൂടെയാണ്.
പിഴവുകളുണ്ടെങ്കില്‍ അവിടെ പിടിച്ചുനില്‍ക്കാനാകില്ല. അഞ്ച് ദിവസം കളിയുടെ സമ്മര്‍ദം താങ്ങണം. ചേതേശ്വര്‍ പൂജാരയെപ്പോലുള്ളവവരെ ആ ഗണത്തില്കൂട്ടാമെന്നും ദ്രാവിഡ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: