കൊല്ലം: തീരദേശവാസികളെയും തീരത്തെയും സംരക്ഷിക്കുമെന്ന വാഗ്ദാനം പാലിക്കുന്നില്ലെന്ന ആരോപണവുമായി ഇടതുസര്‍ക്കാരിനെതിരെ കൊല്ലം ബിഷപ്പ് പ്രതിഷേധവുമായി രംഗത്ത്. പുലിമുട്ടുകള്‍ നിര്‍മിച്ച് തീരം സംരക്ഷിക്കുമെന്ന വാഗ്ദാനം നല്കി അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ നാലുവര്‍ഷം കഴിഞ്ഞിട്ടും വാക്കുപാലിച്ചില്ലെന്ന ആരോപണവുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് രൂപതാ ഭാരവാഹി യോഗത്തിലാണ് കൊല്ലം രൂപതാ മെത്രാന് ഡോ. പോള്‍ ആന്റണി മുല്ലശേരി ആഞ്ഞടിച്ചത്.
മുണ്ടയ്ക്കല്‍, പാപനാശം മുതല്‍ കാക്കതോപ്പ്, ഇരവിപുരം, താന്നി പ്രദേശങ്ങള്‍ വരെയുള്ള തീരം കടലെടുക്കുകയാണ്. ഈ സമയത്ത് സര്‍ക്കാരിന്റെ നിസംഗത സംശയമുളവാക്കുന്നതും ആശങ്ക ജനിപ്പിക്കുന്നതുമാണ്. മാസങ്ങള്‍ക്ക് മുമ്പ് ഒരുലോഡ് പാറപോലും ഇറക്കാതെ നടത്തിയ പുലിമുട്ട് നിര്‍മാണ ഉദ്ഘാടനം തീരജനതയുടെ കണ്ണില്‍ പൊടിയിടുന്ന വെറും പ്രഹസനമായിരുന്നു. ദശകങ്ങളായി നിത്യ ദുരിതത്തിലായിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരവാസികളുടെ സ്വത്തിനും ജീവനും സര്‍ക്കാരും ജനപ്രതിനിധികളും യാതൊരു വിലയും കല്പിക്കുന്നില്ലെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.
തീരദേശ റോഡ് കടല്‍ക്ഷോഭത്തില്‍ തകരുമ്പോഴും നിസംഗതയോടെയാണ് അധികാരികള്‍ നോക്കി നില്‍ക്കുന്നത്. പാറ കിട്ടാനില്ലെന്ന് വാദിച്ച് വസ്തുതകളില്‍ നിന്ന് ഒളിച്ചോടുകയാണ് ഇടതുപക്ഷക്കാരായ ജനപ്രതിനിധികളും സര്‍ക്കാരും ചെയ്യുന്നത്. കൊല്ലം പോര്‍ട്ടിലൂടെ നൂറുകണക്കിന് പാറ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി കൊണ്ടുപോകുന്നതിന് സാക്ഷികളാകുന്ന ജനങ്ങളോടാണ് പാറക്ഷാമമെന്ന നുണ അധികാരികള്‍ പറയുന്നതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
ലോക്ഡൗണിന്റെ നിയന്ത്രണങ്ങള്‍ അവസാനിച്ചാല്‍ തീര ജനതയ്ക്കായ് സന്ധിയില്ലാത്ത സമരത്തിനായ് സമുദായമൊന്നിച്ച് രംഗത്തിറങ്ങണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. യോഗത്തില്‍ രൂപതാ വികാരി ജനറല്‍ വിന്‍സെന്റ് മച്ചാഡോ, കെഎല്‍സിഎ രൂപതാ പ്രസിഡന്റ് അനില്‍ ജോണ്‍, ലെസ്റ്റര്‍ കാര്‍ഡോസ്, അജു ബി. ദാസ്, റോണാ റിബേറോ, ഫാ. ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: