തിരുവനന്തപുരം: കോവിഡ് കാലത്തെ കണക്കുകളും പ്രതിരോധ നടപടികളും വിശദീകരിക്കാന്‍ വിളിച്ചുചേര്‍ക്കുന്ന പതിവുവാര്‍ത്താ സമ്മേളനത്തിന് താത്പര്യം പ്രകടിപ്പിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി അവസാനം വാര്‍ത്താസമ്മേളനം നടത്തിയത്. ശനിയാഴ്ചകളില്‍ വാര്‍ത്താസമ്മേളനം നടത്തിയിട്ടുണ്ടെങ്കിലും ഞായറാഴ്ചകളില്‍ പതിവില്ല. എന്നാല്‍, വെള്ളിയാഴ്ചയ്ക്കു ശേഷം തിങ്കളാഴ്ച വാര്‍ത്താസമ്മേളനം നടത്താന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. മാത്രമല്ല, ഇന്നും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകില്ലെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം കൂടുതല്‍ ഇളവുകള്‍ പ്രാവര്‍ത്തികമായ ദിനമായിരുന്നു ഇന്ന്. ആരാധനാലയങ്ങള്‍ തുറന്നതും പ്രവാസി ക്വാറൈന്റിനും അടക്കം വിഷയങ്ങളില്‍ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. മുഖ്യമന്ത്രിക്ക് കാര്യമായ അസൗകര്യങ്ങളൊന്നുമില്ല.ഓഫിസില്‍ സജീവവുമാണ്. എന്നാല്‍, ഈ ദിവസങ്ങളില്‍ രോഗബാധ വന്‍തോതില്‍ ഉയര്‍ന്നതോടെ സംസ്ഥാനം മുന്‍പ് അവകാശപ്പെട്ടതു പോലെ പ്രതിരോധനടപടികളുടെ മേന്മ അറിയിക്കാന്‍ സാധിക്കാതെയായി. വിദേശത്തു നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരിലാണ് രോഗബാധ ഏറെയെങ്കിലും സംസ്ഥാനത്ത് സമ്പര്‍ക്കം മൂലമുള്ള വൈറസ് ബാധയ്ക്കും കുറവൊന്നുമില്ല. മാത്രമല്ല, വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കേസുകളും ഉയരുകയാണ്. ഇതേസംബന്ധിച്ച് ആരോഗ്യമേഖലയില്‍ നിന്നു തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രിയെ ഏറെ പ്രകോപിപ്പിക്കുന്ന ചോദ്യമായി പ്രവാസികളുടെ ക്വാറൈന്റന് വിഷയം മാറുകയാണ്. രണ്ടരലക്ഷം കിടക്കകള്‍ സജ്ജമാണെന്ന പിണറായിയുടെ പ്രഖ്യാപനം പൊള്ളയായിരുന്നെന്ന് ഇതിനകം വ്യക്തമായി. സോഷ്യല്‍മീഡിയയില്‍ അടക്കം ഇതുസംബന്ധിച്ച ട്രോളുകള്‍ വ്യാപകമാവുകയാണ്. മുപ്പതിനായിരം പ്രവാസികളെ നിരീക്ഷണത്തിലാക്കിയ ഉടന്‍ ഇനിമുതല്‍ ക്വാറന്റൈന് പണം നല്‍കണമെന്ന് പ്രഖ്യാപനമാണ് പിണറായി നടത്തിയത്. ഇതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഇതില്‍ പാവങ്ങളെ ഒഴിവാക്കുമെന്ന് അറിയിച്ചു. എന്നാല്‍, രണ്ടു ദിവസങ്ങള്‍ക്കം ഇനി മുതല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് ഇല്ലെന്നും എല്ലാ പ്രവാസികളും വീടുകള്‍ നിരീക്ഷണത്തില്‍ പോകാനുമാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതോടെ സര്‍ക്കാര്‍ തയാറാക്കിയ രണ്ടരലക്ഷം കിടക്കള്‍ എവിടെ എന്നു ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ചോദ്യം ഉയര്‍ത്തി. പ്രവാസികളെ ഏഴുദിവസം പോലും നിരീക്ഷിക്കാതെ വീടുകളിലേക്ക് അയക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വലിയ തോതില്‍ ഉയര്‍ത്തുമെന്ന് ആരോഗ്യവിദഗ്ധരും വിലയിരുത്തുന്നു. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എവിടെ ആയാലും എല്ലാം ക്വാറന്റൈന് ആണെന്ന വിചിത്ര മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്.
ആരാധനാലയങ്ങള്‍ തുറക്കാനുള്ള തീരുമാനം സംബന്ധിച്ച് എതിര്‍പ്പുകള്‍ സജീവമാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് ആരാധാനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ തീരുമാനത്തിന് ഒപ്പം നിന്ന മതനേതാക്കള്‍ പിന്നാക്കം പോവുകയും ആരാധാനാലയങ്ങള്‍ ഇപ്പോള്‍ തുറക്കില്ലെന്നു തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ ഹൈന്ദവസംഘടനകളുടെ എതിര്‍പ്പ് മറികടന്നും തുറന്നിട്ടുണ്ട്. ഇതു വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ഇതു സംബന്ധിച്ചു നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്.
രോഗം കുറഞ്ഞിരുന്ന കാലത്ത് എല്ലാദിവസവും രോഗികളുടെ എണ്ണം അറിയാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കാത്തിരുന്ന ജനങ്ങള്‍ക്ക് രോഗം കൂടിയ അവസ്ഥയില്‍ ഇപ്പോള്‍ ഈ വിവരങ്ങള്‍ ലഭിക്കുന്നത് പത്രക്കുറിപ്പിലൂടെയാണ്. കോവിഡ് സംബന്ധിച്ച് ഇനി കൂടുതലായി ഒന്നും പറയാനില്ലാത്ത സാഹചര്യമാണ് ഇപ്പോഴെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: