കോഴിക്കോട്: ഇന്നലെ ഷാര്‍ജയില്‍ അന്തരിച്ച നിതിന്‍ ചന്ദ്രന്റെ ഭാര്യ ആതിര കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി. കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സുപ്രീം കോടതിയില്‍ നിമയപോരാട്ടം നടത്തി വാര്‍ത്താശ്രദ്ധ നേടിയ യുവതിയായിരുന്നു ആതിര. ദുബായിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായിരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി നിതിന്‍ ചന്ദ്രന്‍ (29) ഇന്നലെ രാവിലെ താമസ സ്ഥലത്ത് ഉറക്കത്തില്‍ നിന്നും ഉണരാതെ മരിച്ച നിലയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. നിതിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണു നിതിനും ആതിരയ്‌ക്കും പെണ്‍കുഞ്ഞ് പിറന്നത്. നിതിന്റെ വിയോഗവാര്‍ത്ത ഇതുവരെ ആതിരയെ അറിയിച്ചിട്ടില്ല.
ഭര്‍ത്താവിന്റെ കൂടെ ഷാര്‍ജയിലായിരുന്ന ആതിര കഴിഞ്ഞ മാസമാണു നാട്ടിലെത്തിയത്. നാട്ടിലേക്കുള്ള ആദ്യവിമാനത്തില്‍ തന്നെ ആതിരയ്‌ക്ക് ഇടം കിട്ടുകയും ചെയ്തു. ഭാര്യയ്‌ക്കൊപ്പം വരാമായിരുന്നുവെങ്കിലും, അത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു കരുതി നിതിന്‍ വന്നില്ല. കൊവിഡ് കാലത്ത് പ്രവാസികളായ ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ളവരുടെ, ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്‌ക്ക് അവസരം ഒരുക്കാന്‍, കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും അടിയന്തര നടപടി ആവശ്യപ്പെട്ട് യുവാക്കളുടെ കൂട്ടായ്‌മ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അന്ന്, നിതിന്റെ ഭാര്യ ഏഴുമാസം ഗര്‍ഭിണി കൂടിയായ ആതിര ഉള്‍പ്പടെയുള്ളവരുടെ പരാതികള്‍ അടിസ്ഥാനമാക്കിയാണ് കൂട്ടായ്‌മ കോടതിയെ സമീപിച്ചത്. നിതിന്റെ ആകസ്മിക വേര്‍പാടില്‍ വിറങ്ങിലിച്ചിരിക്കുകയാണ് കുടുംബവും സുഹൃത്തുക്കളും.
















