തൊടുപുഴ: ലോക്ക് ഡൗണ്‍ കൂടുതല്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. മിക്ക ബസുകളിലും യാത്രക്കാരുടെ കുറവ്, വരുമാനത്തെ സാരമായി ബാധിക്കുന്നു. സര്‍വീസ് വന്‍ നഷ്ടത്തിലെന്ന് ഉടമകള്‍.
പല റൂട്ടുകളിലും കഴിഞ്ഞ ആഴ്ച പുന:രാരംഭിച്ച ചില സര്‍വീസുകള്‍ നിര്‍ത്തലാക്കി. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരും മറ്റ് സ്ഥിരം യാത്രക്കാരും ദുരിതത്തിലായി. ഇന്നലെ മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പഴയ പോലെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മുഴുവന്‍ ജീവനക്കാരും എല്ലാ ദിവസവും എത്തണം എന്നാണ് നിര്‍ദേശം. അതിനാല്‍ കൂടുതല്‍ ജീവനക്കാരും യാത്രക്കാരും എത്താന്‍ തുടങ്ങി എങ്കിലും പല റൂട്ടുകളിലും ബസ് സര്‍വീസുകള്‍ ഇല്ലാത്തതും ബസുകളുടെ എണ്ണം കുറഞ്ഞതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി.
പല ഗ്രാമീണ റൂട്ടുകളിലും ബസുകള്‍ ഓടിക്കാത്തത് യാത്രക്കാരെ ദുരിതത്തില്‍ ആക്കിയിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഇന്നലെ തൊടുപുഴ ഡിപ്പോയില്‍ നിന്ന് ഓടിയത് 21 സര്‍വീസുകള്‍ മാത്രമാണ്. തൊടുപുഴ ഡിപ്പോയില്‍ 55 സര്‍വീസുകളാണ് ഉണ്ടായിരുന്നത്. എറണാകുളത്തിന് ഉള്ള 6 ബസ് ഒഴികെ ഓടുന്ന 15 ബസുകളും ഓര്‍ഡിനറി സര്‍വീസുകളാണ്. അതേ സമയം സര്‍വീസ് പോകുന്ന ബസുകളുടെ കലക്ഷന്‍ കാര്യമായി വര്‍ധിക്കുന്നില്ല എന്നാണ് അധികൃതര്‍ പറയുന്നത്.
കെഎസ്ആര്‍ടിസിയുടെ 21 ബസുകള്‍ക്ക് ദിനം പ്രതി 60,000 രൂപയില്‍ താഴെയാണ് കലക്ഷന്‍ ലഭിക്കുന്നത് എന്ന് അധികൃതര്‍ പറഞ്ഞു. തൊടുപുഴ-പാലാ റൂട്ടില്‍ സ്വകാര്യ ബസുകള്‍ തീരെ കുറവാണ്. പല ബസുകള്‍ക്കും ചെലവിനുള്ള തുക പോലും കലക്ഷന്‍ കിട്ടുന്നില്ലെന്ന് ഉടമകള്‍ പറയുന്നത്. അതിനാല്‍ കലക്ഷന്‍ കുറവ് ഉള്ള ബസുകള്‍ നിര്‍ത്തലാക്കാന്‍ ആണ് ഉടമകളുടെ തീരുമാനം.
തൊടുപുഴയില്‍ സ്വകാര്യ ബസുകളും പകുതി മാത്രമാണ് ഓടിക്കുന്നത്. 250 ബസുകള്‍ തൊടുപുഴ സ്മാന്ഡില് ദിനം പ്രതി എത്തിയിരുന്നു. എന്നാല്‍ ഇന്നലെ ഇതിന്റെ പകുതി ബസുകള്‍ മാത്രമാണ് എത്തിയത് എന്ന് ബസ് ഉടമ സംഘം പ്രസിഡന്റ് കെ.കെ. തോമസ് പറഞ്ഞു. പല ഷട്ടില്‍ ബസുകളും, ദീര്‍ഘദൂര ബസുകളും എത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: