മൂലമറ്റം: കെഎസ്ആര്‍ടിസി മൂലമറ്റം ഡിപ്പോയില്‍ ഒരിക്കലെങ്കിലും പോയിട്ടുള്ളവരുടെ മനസില്‍ മായാത്തൊരു മുഖമുണ്ട്. അവിടുത്തെ ഏതാവശ്യത്തിനും ഓടിയെത്തുന്ന ജോസിന്റെ മുഖം. ശുചീകരണ തൊഴിലാളിയായി എം പാനല്‍ ജീവനക്കാരനായി കാഞ്ഞാര്‍ അളകനാല്‍ ജോസ് മൂലമറ്റം ഡിപ്പോയില്‍ എത്തിയിട്ട് 5 വര്‍ഷമായി.വല്ലപ്പോഴും വീട്ടില്‍ പോകുന്ന ജോസിന്റെ എല്ലാം ഈ ഡിപ്പോയാണ്.
ഡിപ്പോയിലെ ഏത് ആവശ്യത്തിനും മുന്നിലുള്ള ഇദ്ദേഹം മറ്റ് ജീവനക്കാര്‍ക്കും ഏറെ പ്രിയങ്കരനാണ്. ശുചീകരണ തൊഴിലാളിയായി താത്കാലികമായി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം ഡിപ്പോയിലെ ഏത് പണിയിലും മറ്റുള്ളവരുടെ ഒപ്പം കൂടും.
നട്ടുവളര്‍ത്തിയിട്ടുള്ള പൂച്ചെടികളുടെ പരിപാലനവും ഇദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രം. ലോക് ഡൗണ്‍ കാലത്ത് അടച്ച് ഇട്ടിരുന്ന ഡിപ്പോയില്‍ രാവും പകലും കാവലാളായി ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഡിപ്പോയിലെ വിവിധ ആവശ്യങ്ങള്‍ അറിഞ്ഞ്ജോസ് എല്ലായിടത്തും എത്തിയിരുന്നു.
എം പാനല്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമേ ജോസിന് ലഭിക്കുന്നുള്ളൂ . ഇതില്‍ പരാതിയോ പരിഭവമോ ഇല്ലാതെ തന്റെ കര്‍ത്തവ്യം തടസമില്ലാതെ മുന്നോട്ട് കൊണ്ടു പോകുകയാണ് ഇദ്ദേഹം.
ഹോണ്‍ മുഴക്കി ഡിപ്പോയിലേക്ക് എത്തുന്ന ഓരോ ബസിലും ജോസിന്റെ ആരും കാണാത്ത കൈയൊപ്പ് ഉണ്ടാകും. പുലര്‍ച്ചെ ബസില്‍ നിന്നും കേള്‍ക്കുന്ന ഡബിള്‍ ബല്ലിനൊപ്പം ദിവസം ആരംഭിക്കുന്ന ഇദ്ദേഹത്തിന്റെ ജോലി തീരുന്നത് അവസാനബസും ഡിപ്പോയില്‍ കിതച്ചെത്തിഎന്ജിന് ഓഫാകുമ്പോള്‍ മാത്രമാണ്.
വളയം പിടിക്കുന്ന ഡ്രൈവര്‍ക്കും, ഡിബിള്‍ ബല്ല് കൊടുത്തുന്ന കണ്ടക്ടര്‍ക്കും, ജാക്കി എടുക്കുന്ന മെക്കാനിക്കിനും ഏത് സമയവും ആശ്രയമാണ് മൂലമറ്റം ഡിപ്പോയിലെ നിറസാന്നിധ്യമായ ജോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: