ഇടുക്കി: മൂന്നാറില്‍ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ വനംവകുപ്പ് നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചതിനും ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടം കൂടിയതിനും പോലീസ് കേസെടുത്തു.
മൂന്നാര്‍-ഉടുമല്‍പേട്ട അന്തര്‍സംസ്ഥാന പാത ആണ് സമരക്കാര്‍ ഉപരോധിച്ചത്. 24 മണിക്കൂറിനുള്ളില്‍ നടപടി എടുക്കാമെന്ന വനംവകുപ്പിന്റെ ഉറപ്പില്‍ സമരം താത്കാലികമായി നിര്‍ത്തി.
കഴിഞ്ഞ ദിവസം രാത്രിയും മൂന്നാര്‍ ടൗണില്‍ കാട്ടാനകളെത്തി കടകള്‍ തകര്‍ത്തിരുന്നു. ഒരു മാസത്തിനുള്ളില്‍ പത്തിലധികം തവണയാണ് മൂന്നാറില്‍ കാട്ടാനകള്‍ ഇറങ്ങിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കാട്ടാനകളെ തടയാനുള്ള നടപടികള്‍ക്കായി വനംവകുപ്പ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ സമരം. പോലീസിനെത്തി അനുനയത്തിന് ശ്രമിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ഒടുവില്‍ വനംവകുപ്പ് ജീവനക്കാരെത്തി നടപടി എടുക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
നാട്ടുകാര്‍ പടയപ്പെയെന്നും ഗണേശനെന്നും വിളിക്കുന്ന ആനകളാണ് സ്ഥിരമായി മൂന്നാര്‍ ടൗണിലിറങ്ങുന്നത്. ആളുകളെ ഉപദ്രവിക്കാറില്ലെങ്കിലും പഴം, പച്ചക്കറി കടകള്‍ തകര്‍ത്ത് സാധനങ്ങള്‍ തിന്നാറുണ്ട്. കഴിഞ്ഞ ദിവസം അഞ്ച് കടകളാണ് രണ്ടാനകളും ചേര്‍ന്ന് തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: