കാസര്‍കോട്: ചെറുവത്തൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ വയോധികനെ മര്‍ദ്ദിച്ച് കൊന്നിട്ടും മരിച്ചയാളിന്റെ കുടുംബത്തിനെതിരെ ഭീഷണിയുമായി സിപിഎം നേതൃത്വം. ഓലാട്ട് കോളനിയിലെ പട്ടിക ജാതിക്കാരനായ തമ്പാനാണ് സി.പി.എം നേതാവായ അധ്യാപകന് മനോഹരന്റെ മര്‍ദ്ദനമേറ്റതിനെതുടര്‍ന്ന് മരിച്ചത്. അധ്യാപകനെതിരെ കേസെടുക്കാതെ പാര്‍ട്ടി ഇടപെട്ട് സംഭവം ഒതുക്കിത്തീര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഭീഷണി. കമ്യൂണിറ്റി ഹാളില്‍ സിപിഎം യോഗം ചേര്‍ന്നാണ് കേസുമായി മുന്നോട്ട് പോകരുതെന്ന് താക്കീത് നല്‍കിയത്. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് തമ്പാന്റെ ഭാര്യാ സഹോദരന് ബാലകൃഷ്ണനോട് പറയുകയും ചെയ്തു.
കടയില്‍ നിന്ന് ശര്‍ക്കര വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൊടക്കാട് ഗവ സ്കൂള്‍ അധ്യാപകനുമായ മനോഹരന് തടഞ്ഞുനിര്‍ത്തി തമ്പാനെ മര്‍ദ്ദിച്ചത്. വാറ്റു ചാരായമുണ്ടാക്കാനാണ് ശര്‍ക്കര വാങ്ങിയതെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. മര്‍ദ്ദനത്തെ തുടര്‍ന്ന് ഭക്ഷണം പോലും കഴിക്കാനാവാതെ തളര്‍ന്നുകിടപ്പായ തമ്പാന് ആശുപത്രിയില്‍ കൊണ്ടും പോകും വഴിയാണ് മരിച്ചത്.
തമ്പാന് വാറ്റു ചാരായക്കാരനാണെന്ന പ്രചരണമാണ് പാര്‍ട്ടി നടത്തുന്നത്. പാര്‍ട്ടി ഗ്രാമത്തില്‍ ചാരായം വാറ്റു നടന്നാല്‍ തന്നെ ആളെ തല്ലിക്കൊല്ലാന്‍ നേതാവിന് എന്ത് അധികാരം എന്ന ചോദ്യമാണ് ഉയരുന്നത്.
തമ്പാന്റെ ഭാര്യാ സഹോദരന് പാര്‍ട്ടി നടത്തിയ ചിട്ടിയില്‍ ചേര്‍ന്നിരുന്നു. ഒന്നര ലക്ഷം രൂപയുടെ ചിട്ടി അടിച്ചെങ്കിലും പണം നേതാക്കള്‍ കൊടുത്തില്ല. മനോഹരനും സിപിഎം വാര്‍ഡ് അംഗവമായ സഹോദരന് ഗംഗാധരനും ചേര്‍ന്ന് കൈക്കലാക്കിയതായി തമ്പാന് പരാതി പറഞ്ഞിരുന്നു. മനോഹരന്റെ മറ്റൊരു സഹോദരന് ഇതെ കുടുംബവുമായി ബന്ധപ്പെട്ട് പോക്സോ കേസില്‍ പ്രതിയുമാണ്.ഇതിലൊക്കെയുളള വിരോധമാണ് മര്‍ദ്ദനത്തിനുകാരണം.ക്രിമനല്‍ പശ്ചാത്തലമുള്ള മനോഹരന് നേരത്തെയും ചിലരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയാണ്.
തമ്പാന്റേത് സിപിഎം കുടുംബമാണ്. ഷീറ്റുകൊണ്ട് മറച്ച കൂരയിലാണ് തമ്പാനും ഭാര്യ രാജപുത്രിയും കഴിഞ്ഞത്. ആധാര്‍ കാര്‍ഡ് പോലുമില്ല. ഷീറ്റുകൊണ്ട് മറച്ച കൂരയിലാണ് തമ്പാനും ഭാര്യ രാജപുത്രിയും കഴിഞ്ഞത്. സമീപ പ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന കക്ക നീറ്റി കിട്ടുന്ന വരുമാനം കൊണ്ടാണ് അവര്‍ ജീവിച്ചത്.
പാവപ്പെട്ട പാര്‍ട്ടി കുടുംബത്തിന് നീതി നടപ്പാക്കിക്കൊടുക്കുന്നതിനു പകരം ക്രിമിനലുകളെ സംരക്ഷിക്കുന്ന നേതാക്കളുടെ സമീപനത്തിനെതിരെ സി.പി.എമ്മിലും പ്രശ്നം ഉണ്ട്.
കേസില്ലാതാക്കാന്‍ സിപിഎം ശ്രമിക്കുന്നു: കെ.സുരേന്ദ്രന്
തിരുവനന്തപുരം: കാസര്‍കോട്ടെ സിപിഎം പാര്‍ട്ടി ഗ്രാമമായ ഓലാട്ട് കോളനിയിലെ തമ്പാന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടും ശരിയായ രീതിയില്‍ അന്വേഷിക്കാന്‍ പോലീസ് തയ്യാറാകാത്തത് സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഈ കേസില്‍ ഉന്നത സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് സുരേന്ദ്രന് പറഞ്ഞു.
അധ്യാപകനായ ഒരു സിപിഎം നേതാവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് തമ്പാന് മരിച്ചതെന്നാണ് ബന്ധുക്കള്‍ പോലീസിന് മൊഴി കൊടുത്തിരുന്നത്. എന്നാല്‍ ആ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു അന്വേഷണവും നടന്നിട്ടില്ല. സിപിഎം ഗ്രാമമായി അറിയപ്പെടുന്ന ഓലാട്ട് കോളനിയില്‍ സിപിഎമ്മിന്റെ ഭരണമാണ് നടക്കുന്നത്. മറ്റു ചിന്താഗതിയുള്ളവരെ പീഡിപ്പിക്കുന്ന സമീപനമാണ് സിപിഎം പിന്തുടരുന്നത്. സിപിഎം നിയന്ത്രണത്തില്‍ പോലീസ് സംവിധാനമുള്ളപ്പോള്‍ തമ്പാന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം ശരിയായ രീതിയില്‍ നടക്കില്ലന്ന ഭയം ബന്ധുക്കള്‍ക്കും പ്രദേശവാസികള്‍ക്കും ഉണ്ട്. സിപിഎം തന്നെയാണ് കോടതിയും പോലീസുമെന്ന് നേതാക്കള്‍ തന്നെ പ്രഖ്യാപിക്കുന്ന കാലത്ത് ശരിയായ നിയമ നിര്‍വഹണം ഉണ്ടാകില്ലന്ന ആശങ്കയും സാധാരണക്കാര്‍ക്കുണ്ട്. ആയതിനാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ തമ്പാന്റെ മരണത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പോലീസ് തയ്യാറാകുകയും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും സുരേന്ദ്രന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: